കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസത്തോടെ അവസാനിക്കുന്നു. മാഗ്നെറ്റിക് സ്ട്രിപ് എടിഎം/ ഡെബിറ്റ് കാര്‍ഡ് ഉപയോഗം ഈ മാസം 31നുള്ളില്‍ അവസാനിക്കും. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശ പ്രകാരമാണ് എടിഎം/ ഡബിറ്റ് കാര്‍ഡുകള്‍ ചിപ്പിലേക്ക് മാറുന്നത്.
കൂടുതല്‍ സുരക്ഷിതം എന്ന് മുന്‍ നിര്‍ത്തിയാണ് ഇഎംവി ചിപ്പിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും ഒരു വര്‍ഷം മുന്‍പേതന്നെ മാഗ്നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ചിപ് കാര്‍ഡുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇടപാടുകാരുടെ എണ്ണം കൂടുതലായതിനാല്‍ എസ്ബിഐ ഇത് പൂര്‍ണമായി നടപ്പാക്കാന്‍ ഒരുവര്‍ഷം സമയം തേടുകയായിരുന്നു.
പുതിയ ചിപ് കാര്‍ഡിന് ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. സൗജന്യമായാണ് ബാങ്ക് കാര്‍ഡ് മാറ്റി നല്‍കുന്നത്. യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് എസ്ബിഐ ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്ത് പുതിയ ചിപ് കാര്‍ഡിനായി അപേക്ഷിക്കാം.
ആധികാരികത ഉറപ്പാക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് ഓപ്ഷന് കൊടുത്തശേഷം ഗ്രീന്‍ പിന് സെറ്റ് ചെയ്ത് അപേക്ഷിക്കാം. എട്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ഉപഭോക്താവിന്റെ രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് എത്തും. തീര്‍ത്തും സൗജന്യമായാണ് ചിപ് കാര്‍ഡ് ബാങ്കുകള്‍ നല്‍കുന്നത്. ഏതെങ്കിലും ബാങ്കുകള്‍ നിരക്ക് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം. അതേസമയം കാര്‍ഡിന്റെ വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് പഴയത് തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: