തിരുവനന്തപുരം: ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ ക്രമക്കേട് ആരോപിച്ച് സ്വകാര്യ ഏവിയേഷന്‍ കമ്പനി ചിപ്സാന്‍. പൊതുമേഖലാ സ്ഥാപനമായ പവന് ഹാന്‍സില്‍ നിന്ന് കോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒരുങ്ങുന്നത് ഏറ്റവും കൂടിയ നിരക്കിലാണെന്ന് ചിപ്സന്‍ മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലിക്കോപ്ടര്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചിപ്സാന്‍ കമ്പനിയുടേതാണ്. നിലവില്‍ വാടകയ്ക്കെടുക്കുന്ന നിരക്കില്‍ മൂന്നു ഹെലിക്കോപ്ടറും നാലിരട്ടി ഉപയോഗ സമയവും നല്‍കാമെന്നും കമ്പനി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചിപ്സാന്‍ എവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. കരാര്‍ വിളിക്കാതെയാണ് പവന്‍ഹാന്‍സിന് കരാര്‍ നല്‍കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
ഹെലിക്കോപ്ടറിന് മാസം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് പൊതുമേഖലാ സ്ഥാപനമായ പവന് ഹാന്സിനുള്ള വാടക. 20 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ മണിക്കൂറിനും 67,926 രൂപ നല്‍കണം. ഇതാണ് പവന്‍ഹാന്‍സിന്റെ നിബന്ധന. 2017 ലെ പ്രളയശേഷമാണ് ഹെലികോപ്ടര്‍ എന്ന ആവശ്യവുമായി ഡിജിപി സര്‍ക്കാരിനെ സമീപിച്ചത്. അന്നും ചിപ്സാന്‍ അപേക്ഷ നല്കി. സിങ്കിള്‍ എഞ്ചിന്റെയും ട്വിന്‍(ഇരട്ട എഞ്ചിന്)ന്റെയും ഓരോ ഹെലിക്കോപ്ടര്‍ നല്‍കും. രണ്ടും കൂടി 40 മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 56 ലക്ഷം വാടക. ഇതായിരുന്നു ചിപ്സാന്‍ മുന്നോട്ടുവച്ചത്. ആ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
പവന്‍ഹാന്‍സിന് കരാര്‍ നല്‍കുന്നെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നവംബര്‍ 30ന് ചിപ്സാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. പവന് ഹാന്‍സിന് നല്കുന്ന അതേ തുകയ്ക്ക് മൂന്നു ഹെലിക്കോപ്ടറുകള്‍ 90 മണിക്കൂറിന് നല്‍കാമെന്നാണ് ചിപ്സാന്‍ കത്ത് നല്‍കിയത്. ചിപ്സന്റെ അപേക്ഷ ഒരു മാസത്തിലേറെയായി ഡിജിപിയുടെ കൈവശമുണ്ടെന്നും ഇതെല്ലാം മാറ്റിവച്ചാണ് പൊതുമേഖല സ്ഥാപനമെന്ന പേരില്‍ പവന് ഹാന്‍സിന് കരാര്‍ നല്കാന് ഒരുങ്ങുന്നന്നതെന്നും കമ്പനി ആരോപിച്ചു.
നക്സല്‍-മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന ആരോപണം ഉയരവെയാണ് കോപ്ടര്‍ കരാറും വിവാദത്തിലായത്. സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്ത് ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് ആകാശക്കൊള്ളയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ചിപ്സാന്റെ പുതിയ വാഗ്ദാനംസം ഒരു കോടി 44 ലക്ഷം രൂപയ്ക്ക് 30 മണിക്കൂര്‍ പറത്താന്‍ മൂന്ന് ഹെലിക്കോപ്ടറുകള്‍. ഒറ്റ എഞ്ചിനുള്ള രണ്ടും ഡബിള്‍ എഞ്ചിന്റെ ഒന്നും. ഒറ്റ എഞ്ചിനില്‍ അഞ്ചും ട്വിന്‍ എഞ്ചിനില്‍ ആറും പേര്‍ക്ക് യാത്ര ചെയ്യാം.
മൂന്നും കൂടി 90 മണിക്കൂര്‍ ഉപയോഗിക്കാം. ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല, മൂന്ന് മേഖലകളിലായി ഇവ നല്‍കും. 90 മണിക്കൂര്‍ ഉള്ളതിനാല്‍ അധിക സമയത്തിന്റെ ആവശ്യം വരില്ല. മാവോയിസ്റ്റുകളുടെ കൂടുതല്‍ സാന്നിധ്യമുള്ള ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും അടക്കം ഉപയോഗിക്കുന്ന ബെല്‍ 407 എന്ന ഹെലിക്കോപ്ടര്‍ ആണ് നല്‍കുക.കത്തിലെ ആരോപണങ്ങള്‍ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമായി ചര്‍ച്ച നടത്തുമ്പോള്‍ 11 സീറ്റ് വേണം എന്ന് ഒരു സമയത്തും പറഞ്ഞിട്ടില്ല. നിരീക്ഷണ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പല സംസ്ഥാനങ്ങളും ഉപയോഗിച്ചത് ചിപ്സന്റെ കോപ്ടറുകളാണ്. അതേ സംവിധാനമാണ് നല്‍കുന്നതെന്ന് പറഞ്ഞതോടെ ചര്‍ച്ച അവസാനിപ്പിച്ചു. പവന് ഹാന്‍സിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളില്ല. എന്നിട്ടും പവന്‍ഹാന്‍സിന് നല്കിയാല് മതിയെന്ന രീതിയിലായിരുന്നു ചര്‍ച്ച മുഴുവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: