ന്യൂദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയത് ഭഗവദ് ഗീതയിലെ തത്വങ്ങളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. ചെങ്കോട്ടയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ഗീത മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒന്നാണ് ഭഗവത് ഗീത. ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയിലില്‍ കഴിയവേ 1910 ല്‍ അദ്ദേഹം ഗീതാ രഹസ്യം എന്ന ഗ്രന്ഥം രചിച്ചത്. രാഷ്‌ട്ര പിതാവ് മഹാത്മ ഗാന്ധി ഭഗവദ് ഗീതയെ അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്നും ദ്വിവേദി പറഞ്ഞു.
ദിവസവും പ്രാര്‍ത്ഥന നടത്തിയിരുന്ന കുടുംബത്തിലാണ് താന്‍ ജനിച്ചത്. ബാല്യം മുതലെ ഗീതാ പാരായണവും നടത്താറുണ്ടായിരുന്നു. സൂര്യകാന്ത് ത്രിപ്തി നിരാളയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി. ഗീതയിലെ അദ്ദേഹത്തിന്റെ കവിതകളാണ് തന്നെ കൂടുതല്‍ സ്വാധീനിച്ചതെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിത കഥയാണ് ഗീതയുടെ ഇതിവൃത്തം. സ്വന്തം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സ്വാര്‍ത്ഥതയില്ലാത്തവരായി ജീവിക്കുക എന്നതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നല്‍കുന്ന സന്ദേശമെന്നും ദ്വിവേദി വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും നിരവധി ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
















