കോട്ടയം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടതോടെ കേരളത്തിലെത്തുക വന്‍ കേന്ദ്ര നിക്ഷേപം. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു കിലോമീറ്റര്‍ പാതയ്‌ക്ക് ശരാശരി 14 കോടി ചെലവാകുമ്പോള്‍ കേരളത്തില്‍ 48 കോടി രൂപ വരെയാണ് മാറ്റിവയ്‌ക്കുന്നത്. ഇതിന് പ്രധാന കാരണം ഭൂമിയുടെയും അസംസ്‌കൃത സാധനങ്ങളുടെയും ഉയര്‍ന്ന ചെലവ്. നിലവില്‍ 526 കിലോമീറ്റര്‍ പാതയ്‌ക്ക് 45,000 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. ഇതില്‍ 21,496 കോടി രൂപ ഭൂമിയേറ്റെടുക്കലിന് ചെലവാകും. ഇതിന്റെ 25 ശതമാനമായ 5200 കോടിയാണ് സംസ്ഥാനം വഹിക്കുന്നത്.
ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കലിന്റെ 75 ശതമാനത്തിനും സാങ്കേതിക ചെലവുകള്‍ക്കും ദേശീയപാത അതോറിറ്റിയാണ് പണം മുടക്കുന്നത്. രാജ്യത്ത് ഒരു ദിവസം വികസിപ്പിക്കുന്ന ദേശീയപാതയുടെ ദൂരം 30 കിലോമീറ്ററാണ്. ഈ പ്രക്രിയയില്‍ കേരളം ഇതുവരെ ഉള്‍പ്പെട്ടിരുന്നില്ല. ഭൂമിയേറ്റെടുത്ത് നല്‍കിയാല്‍ ദേശീയപാത വികസന ഭൂപടത്തില്‍ കേരളവും ഇടംപിടിക്കും.
കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് പാതകള്‍ ഹരിതാഭമാക്കണം. ഗ്രീന്‍ ഹൈവേ ലക്ഷ്യമിട്ട് റോഡിന് ഇരുവശവും ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കും. ഇങ്ങനെ നടുന്നതിന് പ്രത്യേക ഫണ്ട് അതോറിറ്റി മാറ്റിവയ്‌ക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ പാത വികസനം നടപ്പാക്കത്തതിനാല്‍ ഇത്തരമൊരു ഫണ്ട് കേരളത്തിന് ലഭിച്ചിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.
നിര്‍മാണത്തിന് അത്യാധുനിക സാങ്കേതികവിദ്യയാകും ഉപയോഗിക്കുക. നിര്‍മാണം മൂലമുണ്ടാകുന്ന പുകയും മറ്റും കുറയ്‌ക്കാന്‍ മില്ലിങ് ആന്‍ഡ് റീസക്ലൈിങ് ഉള്‍പ്പെടെയുള്ള രീതികളും ഉപയോഗപ്പെടുത്തും. പഴയ റോഡ് കുത്തിപ്പൊളിച്ചെടുക്കുന്ന ഭാഗങ്ങള്‍ പ്ലാന്റിലെത്തിച്ച് വീണ്ടും ഉപയോഗിക്കാന്‍ വിധമാക്കി മാറ്റിയെടുക്കുന്നതാണ് ഈ രീതി.
സംസ്ഥാനത്തിന് കടമ്പകളേറെ
പാത വികസനത്തിനുള്ള ഫണ്ടിന്റെ 25 ശതമാനം കിഫ്ബി വഴി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. 349 കോടി രൂപ കിഫ്ബി കൈമാറിയെങ്കിലും ഇനിയും 5000 കോടിയോളം കൈമാറണം.
കിഫ്ബിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സിഎജിയുടെ റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 15,575 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 26 പദ്ധതികള്‍ക്ക് പണം നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ രണ്ട് പദ്ധതികള്‍ക്ക് 47.83 കോടി രൂപ മാത്രമാണ് മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പദ്ധതികളില്‍ ബഹുഭൂരിപക്ഷവും പാലങ്ങള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, ജലവിതരണ പദ്ധതി തുടങ്ങിയവയായിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയപാത വികസനത്തിന് കിഫ്ബിയെ വിശ്വസിക്കാമോയെന്ന സംശയം ഉയരുന്നു.
തെക്കന്‍ ജില്ലകളില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയെങ്കിലും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിന് അയവ് വന്നിട്ടില്ല. സ്ഥലം ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനത്തിനെതിരെ ചിലയിടങ്ങളില്‍ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ 45 മീറ്ററില്‍ റോഡ് വികസിപ്പിച്ചതിനെതിരെ പരസ്യമായി രംഗത്ത് വന്നതും സര്‍ക്കാരിന് വെല്ലുവിളിയാണ്.
ഗ്രീന്‍ഹൈവേ
അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ഹൈവേ എന്ന ആശയം കൊണ്ടുവന്നത്. പുതിയതായി നിര്‍മിക്കുന്ന പാതകളാണ് ഇതിനായി തെരഞ്ഞെടുക്കുക. വാഹനങ്ങളുടെ പുകമൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്‌ക്കുകയും ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ വര്‍ധിപ്പിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.
ദേശീയപാതയില്‍ ഒാരോ കിലോമീറ്ററിലും ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ 84 മരങ്ങള്‍ നടും. ഇവ തമ്മില്‍ 12 മീറ്റര്‍ ദൂരം വേണം. മരങ്ങളുടെ വളര്‍ച്ചയും നിലനില്‍പ്പും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ജിപിഎസ് സംവിധാനം ഉള്‍പ്പെടെ ഇതിന് ഉപയോഗപ്പെടുത്തും. പാതയുടെ പണി നടത്തുന്ന കരാറുകാര്‍ക്കായിരിക്കില്ല മരങ്ങള്‍ നടുന്ന ജോലി. പകരം വേറെ കരാറുകാരെ ചുമതലപ്പെടുത്തും. പ്രാദേശിക ഭരണകൂടം, എന്‍ജിഒകള്‍, മറ്റു സംഘടനകള്‍ തുടങ്ങിയവരുമായി സഹകരിച്ചാകും മരം നടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: