ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ പ്രിപെയ്ഡ് റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍. ഐഡിയ-വോഡഫോണ്‍, ഭാരതി എയര്‍ട്ടെല്‍, റിലയന്‍സ് ജിയോ എന്നിവയാണ് റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ശരാശരി 42 ശതമാനമാണ് വര്‍ധന. പുതിയ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ജിയോയുടെ നിരക്കു വര്‍ധന ഈ മാസം ആറുമുതലാണ്.
ഐഡിയ-വോഡഫോണ്‍ രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 199 രൂപയ്‌ക്ക് നല്‍കിയിരുന്ന 28 ദിവസത്തെ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും ഒരു ജിബി ഡാറ്റ 100 എസ്എംഎസ് എന്നിവയ്‌ക്ക് ഇനിമുതല്‍ 249 രൂപയാണ് ഈടാക്കുക. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും.
ഭാരതി എയര്‍ടെല്ലും പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. നിലവിലെ നിരക്കില്‍ നിന്ന് 50 പൈസ മുതല്‍ 2.85 രൂപവരെ വര്‍ധിച്ചിട്ടുണ്ട്. എയര്‍ടെലില്‍ നിന്ന് മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിനും തുക ഈടാക്കും.
















