ന്യൂദല്‍ഹി: ചെങ്കോട്ട മൈതാനത്തു ചേര്‍ന്ന ഗീതാ മഹോത്സവം സ്ത്രീകള്‍ക്കെതിരായ അക്രമത്തെ ചെറുക്കാന്‍ സമൂഹത്തെ ആഹ്വാനം ചെയ്യുന്ന വേദിയായി. ഗീതാ മഹോത്സവത്തില്‍ സംസാരിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉള്‍പ്പെടെ എല്ലാ പ്രാസംഗികരും ഊന്നല്‍ നല്‍കി സംസാരിച്ചത് ഇതേ വിഷയം. ഹൈദരാബാദില്‍ ഇരുപത്തേഴുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിന്റെ പശ്ചാത്തിലാണ് ഗീതാ വേദിയില്‍ സ്ത്രീ സുരക്ഷ പ്രധാന വിഷയമായത്.
സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇതിന് ഇവിടെ നിയമങ്ങളുണ്ട്. സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉത്തരവാദിത്വങ്ങളെല്ലാം സര്‍ക്കാരിനു വിട്ടു കൊടൂത്ത് നമുക്ക് നിശബ്ദമായി ഇരിക്കാന്‍ കഴിയില്ല, സര്‍സംഘചാലക് പറഞ്ഞു.സ്ത്രീകളെ ബഹുമാനത്തോടെ കാണണമെന്ന് സമൂഹത്തെ ഉപദേശിക്കാന്‍ എല്ലാ മതത്തിലേയും പുരോഹിത സമൂഹത്തോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഗീത കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് സ്ത്രീകളെ സംരക്ഷിക്കേണ്ടത് ധര്‍മത്തിന്റെ ഭാഗമാണെന്നു മനസ്സിലായിട്ടുണ്ടാകും.
വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആ കുടുംബത്തെ പറഞ്ഞു മനസ്സിലാക്കാന്‍ സന്ന്യാസിമാര്‍ ശ്രദ്ധിക്കണം, സ്മൃതി നിര്‍ദേശിച്ചു. അമ്മമാരെ ആരാധിക്കുന്ന നാട്ടില്‍ സ്ത്രീകളോട് ഇത്തരത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് ലജ്ജാകരമാണ്. രാജ്യമാകെ ലജ്ജിക്കണം, സ്വാധി ഋതംഭര പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യഇമാം ഉമര്‍ അഹമ്മദ് ഇല്യാസി ആവശ്യപ്പെട്ടു.
















