കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിയമ വിരുദ്ധ നിയമനം. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കാത്തതായി ആരോപണം. ക്ലര്‍ക്ക്, ക്യാഷ്യര്‍ തസ്തികയില്‍ അനധികൃത നിയമനം നടന്നതായാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ പരാതി പൂഴ്ത്തിയത്.
വിഷയത്തില്‍ അന്വേഷണം വേണമെന്നും കാട്ടി സഹകരണ സംഘം രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചതായും ആരോപണമുണ്ട്. അതേസമയം നിലവിലുള്ള ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് സഹകരബാങ്ക തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒഴിവുകളൊന്നും ഇല്ലെന്നും നേരത്തെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയില്ലെന്നുമാണ് ബാങ്കിന്റെ വാദം.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 2014ല്‍ നിലവില്‍ വന്ന ക്ലര്‍ക്ക്, ക്യാഷ്യര്‍ റാങ്ക് പട്ടികയില്‍ 900 പേരുണ്ടെങ്കിലും ഇതുവരെ നിയമനം ലഭിച്ചത് 47 പേര്‍ക്കാണ് നിയമനം നടത്തിയത്. കൂടാതെ പ്രായപരിധി പിന്നിട്ടതിനാല്‍ പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാനുമാകില്ല. 2006ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയിലെ പരമാവധി പേര്‍ക്ക് നിയമനം നല്കാന്, ബാങ്ക് ഭരണസമിതി ഇല്ലാത്ത ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തതാണ് ഇവരുടെ ഭാവി പ്രതിസന്ധിയിലാക്കിയത്.
ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദാശനുസരണം അന്വേഷണം നടത്തിയ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനധികൃത നിയമനമെന്ന ആരോപണം ശരിവെയ്ക്കുന്നുമുണ്ട്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു, ഇല്ലാത്ത ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തിയതിനാല്‍ പുതിയ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണുളളത്.
ഇക്കാര്യത്തില്‍ ഭരണസമിതിയുടെ ഭാഗത്ത് ക്രമക്കേടുണ്ടായോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണം. ഈ വിഷയത്തില്‍ നിയമസഭയില്‍ എം.കെ. മുനീര്‍ ചോദിച്ച ചോദ്യവും സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന് ഇതിന് നല്കിയ മറുപടിയും ഇങ്ങനെ. അനധികൃത നിയമനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയിലുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരുന്നതായുമാണ് മറുപടി. എന്നാല്‍ അന്വേഷണമോ നടപടിയോ ഇതുവരെയില്ല.
അതേസമയം നിലവില്‍ 130 ഒഴിവുകള്‍ ഉണ്ടായിട്ടും 47 പേരെ മാത്രമെ നിയമിച്ചിട്ടുള്ളൂ എന്നും ബാക്കിയുളള ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കാട്ടി ഉദ്യാഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ 83 ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ മാസം ഹൈക്കോടതി ബാങ്കിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ബാങ്കിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: