ബെംഗളൂരു: മൈസൂരു കത്തോലിക്ക രൂപതാ ബിഷപ്പ് കെ.എ. വില്യമിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മൈസൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രൂപതയില്‍ നേരത്തെ ജോലി ചെയ്തിരുന്ന യുവതി ബിഷപ്പിനെതിരെ വീഡിയോ പുറത്തു വിട്ടിരുന്നു. ഇത് ആധികാരികമാക്കി നവംബര്‍ അഞ്ചിന് അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കത്തോലിക് (എഒസിസി) എന്ന സംഘടനയില്‍പ്പെട്ട റോബര്‍ട്ട് റൊസാരിയോ നല്‍കിയ പരാതിയിലാണ് നടപടി. മജിസ്‌ട്രേറ്റിനു മുന്‍പില്‍ യുവതിയുടെ മൊഴിയെടുത്ത ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
രൂപതയില്‍ ജോലി ചെയ്യുന്ന സമയത്ത് യുവതിയോട് വികാരി ലെസ്സി മോറസ് ലൈംഗികാസക്തിയോടെ സംസാരിക്കുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.
സഹകരിച്ചില്ലെങ്കില്‍ ജോലി പോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ 2018 മെയില്‍ യുവതി ജോലി ഉപേക്ഷിച്ചു. ഇതിനുശേഷമാണ് ബിഷപ്പ് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും വികാരിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
യുവതി വിസ്സമ്മതിക്കുകയും ബിഷപ്പിന്റെയും വികാരിയുടെയും സംഭാഷണങ്ങള്‍ റെക്കോഡു ചെയ്യുകയും ചെയ്തു. 2018 ജൂലൈയില്‍ പുതിയതായി ജോലി ചെയ്തിരുന്ന സ്ഥലത്തെത്തിയ ചിലര്‍ യുവതിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോവുകയും ഫോണിലുള്ള രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷവും ബിഷപ്പില്‍ നിന്നും മറ്റും ഭീഷണി തുടര്‍ന്നു. ഇതോടെയാണ് ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞ് മാര്‍ച്ചില്‍ യുവതി വീഡിയോ പുറത്തുവിട്ടത്.
നവംബര്‍ അഞ്ചിന് പരാതി നല്‍കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരനായ റോബര്‍ട്ട് റൊസാരിയോ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഇതോടെ നവംബര്‍ 12ന് പോലീസ് യുവതിയുടെ വീട്ടിലെത്തി. വീഡിയോയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുവതി പേപ്പറില്‍ എഴുതി നല്‍കിയതിനു ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂപതയിലെ 37 വൈദികര്‍ ബിഷപ്പിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് കത്തെഴുതി.
















