ന്യൂദല്‍ഹി: കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രാനുമതി. കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഇവ സ്ഥാപിക്കുക.
നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തും. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപയും കേന്ദ്രം അനുവദിച്ചു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികള്‍ സ്ഥാപിക്കും. പദ്ധതി പ്രകാരം 57 പോക്സോ അതിവേഗ കോടതികളാണ് കേരളത്തില്‍ സ്ഥാപിക്കുകയെന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യ നീതി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീതി നിര്‍വഹണം വേഗത്തിലാക്കാന്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇപ്പോള്‍ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: