ശബരിമലയുടെ മൂലസ്ഥാനമാണ് മണിമണ്ഡപം. മറവപ്പടയെ തോല്‍പ്പിച്ചെത്തിയപ്പോള്‍ അയ്യപ്പന്‍ ഇരുന്ന് വിശ്രമിച്ച സ്ഥലം. മാളികപ്പുറത്തു നടയുടെ സമീപമാണ് മണിമണ്ഡപം. മാളികപ്പുറത്തെ എഴുന്നള്ളിപ്പ് തുടങ്ങുന്നത് ഇവിടെനിന്നാണ്. മകരജ്യോതി കഴിഞ്ഞാല്‍ അഞ്ച് ദിവസവും കളമെഴുത്തുമുണ്ട്. പഞ്ചവര്‍ണങ്ങളില്‍ ധര്‍മശാസ്താവ്, പുലിവാഹനന്‍, അയ്യപ്പന്റെ പ്രതിഷ്ഠാവിഗ്രഹം എന്നിവയാണ് കളമെഴുതുന്നത്. പ്രകൃതിദത്തമായ നിറമാണ് ഇതിന് നല്‍കുന്നത്. റാന്നി കുന്നയ്‌ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാര്‍ക്കാണ് ഇവിടെ പാരമ്പര്യമായ അവകാശം ഉള്ളതും.
മകരവിളക്ക് മുതല്‍ അഞ്ച് ദിവസം മാളിപ്പുറത്തെ എഴുന്നള്ളിപ്പുണ്ട്. ഇത് പുറപ്പെടുന്നത് മണിമണ്ഡപത്തിന് മുമ്പില്‍നിന്നാണ്. എഴുന്നള്ളിപ്പിനുള്ള തിടമ്പ് മണിമണ്ഡപത്തില്‍ ഒരുക്കിവച്ച് മാളികപ്പുറം മേല്‍ശാന്തി പൂജിച്ചാണ് ആനപ്പുറത്തേറ്റുന്നത്. ആലങ്ങാട്ട് സംഘത്തിന്റെ താലം എഴുന്നള്ളിപ്പിനും തിടമ്പേറ്റുന്നത് ഇവിടെ പൂജിച്ചാണ്.
തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഗുരുതി നടക്കുന്നതും മണിമണ്ഡപത്തിന് മുന്നിലാണ്. ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യം മണിമണ്ഡപത്തിനുമുണ്ട്. ശബരിമലയിലെത്തിയ അയ്യപ്പന്‍ ഇവിടെ കുടില്‍കെട്ടി ധ്യാനിച്ചിരുന്നുവെന്നും ഇവിടെയാണ് അയ്യപ്പന്റെ യോഗസമാധിയെന്നും ഭക്തര്‍ വിശ്വസിക്കുന്നു. അയ്യപ്പന്‍ തപസ്സനുഷ്ഠിച്ചിരുന്ന സമയത്ത് പൂജിച്ചിരുന്ന മൂന്ന് ശ്രീചക്രങ്ങളിലൊന്ന് മണ്ഡപത്തിനടിയിലുണ്ടെന്നാണ് വിശ്വാസം. മറ്റൊന്ന് ശ്രീകോവിലിലും പിന്നെയുള്ളത് പതിനെട്ടാംപടിയിലും. മണിമണ്ഡപത്തിന്റെ ഭിത്തികള്‍ പിത്തളപൊതിഞ്ഞ് അതില്‍ അയ്യപ്പകഥകള്‍ ചിത്രത്തിലൂടെ ആലേഖനം ചെയ്തിരിക്കുകയാണ്. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരില്‍നിന്ന് വീണ്ടെടുക്കുന്നതിനുവേണ്ടി മഹാവിഷ്ണു മോഹിനി രൂപം പൂണ്ടു. ഇതില്‍ അനുരക്തനായ കൈലാസനാഥന്‍, ശൈവ-വൈഷ്ണവ സംയോജനത്താല്‍ ഹരിഹരപുത്രന്‍ പിറന്നു. ഇവിടംമുതല്‍ സന്നിധാനത്തില്‍ എത്തിയ മണികണ്ഠന്‍ ധര്‍മശാസ്താ വിഗ്രഹത്തില്‍ വിലയംപ്രാപിച്ചതുവരെ പ്രതിപാദിച്ചിരിക്കുന്നു.
ധര്‍മശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച മണികണ്ഠന്‍ പന്തളത്തുനിന്ന് സന്നിധാനത്തെത്തിയപ്പോള്‍ ആദ്യം ഇരുന്ന സ്ഥാനത്താണ് മണിമണ്ഡപം നിര്‍മിച്ചിട്ടുള്ളത്. അതിനാലാണ് മൂലസ്ഥാനമായി കാണുന്നത്.പന്തളം രാജാവിന് ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥാനം കാട്ടിക്കൊടുക്കാന്‍ മണികണ്ഠന്‍ എയ്ത ആദ്യത്തെ അമ്പ് പതിച്ചതും മണിമണ്ഡപം ഇരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വാസം.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: