തിരുവനന്തപുരം: ജ്ഞാനപീഠം പുരസ്കാരം നേടിയ അക്കിത്തം അച്യുതന് നമ്പൂതിരിയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഉത്കൃഷ്ടമായ കാവ്യപാരമ്പര്യത്തിന്റെ ഉന്നതമാതൃകയ്ക്കുള്ള അംഗീകാരമാണ് അക്കിത്തത്തിന് ലഭിച്ച പുരസ്കാരം. ആര്ഷസംസ്കാരത്തോടും ഭാരതീയ വിവേകത്തോടുമുള്ള ആദരത്തിലൂടെ അനന്യമായ കാവ്യമാര്‍ഗം സൃഷ്ടിച്ച വ്യക്തിയാണ് അദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സാഹിത്യ ലോകത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അക്കിത്തത്തിന് ജ്ഞാനപീഠം നല്‍കിയത്. കേരള സര്‍ക്കാര്‍ നല്കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം 2008ല്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് അക്കിത്തത്തിന്റെ ജനനം.
ചിത്രകാരന് അക്കിത്തം നാരായണന് സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കന്‍ തുടങ്ങിയത് 1950 മുതല്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയന് അവാര്‍ഡ് നേടികൊടുത്തു.
മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്ന മഹാകവിയാണ് അക്കിത്തം. ഭാരതീയ കാവ്യസംസ്കൃതിയുടെ അഗ്നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: