പൂര്‍ണതയുടെ മഹാസങ്കല്‍പ്പം ബ്രഹ്മമാണെന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. ‘പൂര്ണമദ’ മന്ത്രം ജപിക്കുന്ന ഓങ്കാര പൂര്‍ണിമ ഈ ദര്‍ശനവേദിയുടെ മൂര്‍ത്ത പ്രതീകമാണ്. കവിതയെ യോഗാത്മക വിദ്യയായി ഉണര്‍ത്തി നിര്‍ത്തിയ ഭാരതീയ ഋഷി കവികുലത്തിന്റെ ഊര്‍ജ്ജവാഹകനായി അക്കിത്തം ആധുനികതയില്‍ സ്ഥാനം പിടിക്കുന്നു. പൂര്‍ണജീവിതത്തിന്റെ മഹിതതലങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന മനുഷ്യനും പൂര്ണതാബോധത്തിന്റെ താത്ത്വികാംശങ്ങള്‍ സ്വാംശീകരിക്കുന്ന കവിയും സമന്വയിക്കുമ്പോഴാണ് അക്കിത്തം മഹാകവിയാകുന്നത്.
”അപൂര്ണതേ നിന്നെ ഹസിച്ചിടുന്നു
വൈരൂപ്യമെന്നന്ധത പൂണ്ടലോകം;
നീയോ ചിരിക്കുന്നതിന്റെ നേരെ-
സൗഭാഗ്യവത്താം ശശിലേഖപോലെ.”
അപൂര്‍ണതയിലെ പൂര്‍ണതയെയാണ് ആത്മാന്വേഷണത്തിന്റെ അതീത മാര്‍ഗത്തിലൂടെ കവി രചനയിലിണക്കുന്നത്. ബിംബ സംവിധാനവും ആശയങ്ങളുമായി കവിതയുടെ അന്തര്‍നാദത്തിലേക്കും സംഗീതത്തിന്റെ ശ്രുതിമേളത്തിലേക്കും അത് കടന്നെത്തുന്നു.
പ്രപഞ്ചാന്വേഷണത്തിനിടെ ഹൃദയത്തില്‍ പൊട്ടിത്തെറിക്കുന്ന ‘പൊരിയാകുന്ന പൂര്‍ണതാ ബോധമാണ്’ അക്കിത്തത്തെ സംബന്ധിച്ച് ഭക്തിവിശ്വാസവും യുക്തിയും. ഭക്തിയിലും യുക്തിയിലുമധിഷ്ഠിതമായ ആത്മീയതയുടെ ലൗകികജീവനും തന്നെയാണ് കവിതയുടെ അന്തര്‍വഹ്നി. ‘താമരത്തോണി,’ ‘ഓമനമകന്’, ‘നീ തന്നെയല്ലി ഞാന്‍,’ ‘നേട്ടവും കോട്ടവും’, ‘വിവേചനം,’ ‘പട്ടം’, ‘നാളത്തെ ഗാനം’ എന്നീ കവിതകള്‍ മനുഷ്യപൂര്ണിമയെ സ്ഫുടീകരിക്കുന്ന നന്മയെ തേടിപ്പോവുകയാണ്. ഓരോ വരിയിലുമുറങ്ങുന്ന മനുഷ്യസുഖം പൂര്‍ണതയുടെ വിശ്വമുഖമായി അനുഭൂതി തലം നേടുന്നു.
”ആ മുഖമീമുഖ മേതൊരു മുഖവുമ-
നശ്വര സത്യത്തിന്
അനന്ത സൗഭഗം അറിവു നശ്വര-
നമ്രാഹങ്കാരം”
അഹം നശിച്ച ആത്മാവിന്റെ ശുദ്ധശൂന്യതയിലേക്കുള്ള പ്രയാണം മോക്ഷഭൂമികയിലവസാനിക്കുന്നു.
മനുഷ്യനെ അറിയാനും ആരായാനുമുള്ള ശ്രമം നടത്തുന്ന മനുഷ്യനു മാത്രമേ ആത്മാന്വേഷണവും സത്യദര്‍ശനവും വിധിച്ചിട്ടുള്ളൂ. മനുഷ്യനായവന് മാത്രമേ ആത്മീയോന്നതി കൈവരൂ.
”ഈശ്വരന് ബിംബിയ്ക്കുമീ വദനം കണ്ടീലല്ലോ
ശാശ്വതത്തെത്തേടിപ്പോകുമോ ദ്വിജശ്രേഷ്ഠന്‍” എന്ന ‘ഓമനമകനി’ലെ വരിയില്‍ ശാശ്വതത്തെത്തേടിപ്പോകുന്നവര് ആദ്യം ചെന്നെത്തേണ്ട പടി മനുഷ്യനിലും അവന്റെ നന്മയെ അംഗീകരിക്കുന്ന മാര്ഗത്തിലുമാവണമെന്ന് അക്കിത്തം കരുതുന്നു. ആ മനുഷ്യദര്‍ശനത്തിന്റെ ആധാരശില സത്യദര്ശനപൂര്ണിമ തേടുന്ന മനുഷ്യഹൃദയം തന്നെ.
തുഞ്ചത്തെഴുത്തച്ഛന്‍ വിശിഷ്ടാദൈ്വതവും സാംഖ്യവും വേദാന്തവും സമന്വയിപ്പിച്ച് ജീവിതം ഒരു ധര്‍മചക്ര പ്രവര്‍ത്തനമാണെന്ന നിഗമനത്തിലെത്തുകയും വ്യക്തിജീവിതം മൂല്യാധിഷ്ഠിതമാക്കാനുള്ള ത്വര പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ധര്മസാഫല്യമായ പൈതൃകത്തിന്റെ ഈടുവെയ്പുകളുടെ സ്വാംശീകരണവും എഴുത്തച്ഛന് കൃതികളുടെ ജീവിതവ്യമായ അന്തഃസത്തയും ചേര്‍ന്ന് സ്വന്തം ജീവിതദര്ശനമൊരുക്കൂട്ടാന് കവിയെ പ്രാപ്തനാക്കുന്നു. ആദ്ധ്യാത്മിക ഭൗതിക സമന്വയവും വിശിഷ്ടാദൈ്വതത്തിന്റെ വെളിച്ചവും അക്കിത്തത്തിന്റെ കാവ്യമാര്ഗങ്ങളില് നിര്‍ണായകമായ അനുഭൂതി സമഗ്രത പകരുന്നു.
”ഭാരതത്തിന്റെ ആദ്ധ്യാത്മികത ഭൗതികജീവിതത്തെ അവഗണിക്കലല്ല, ഭൗതികതയെ ആദ്ധ്യാത്മികതയുടെ ഉല്‍പ്പന്നമായും രൂപാന്തരമായും കാണലാണ്. കാള്‍ സാഗന്‍ ‘നിങ്ങളുടെ ദേഹം നക്ഷത്രങ്ങളില്‍നിന്ന് കൊണ്ടുവന്ന വസ്തുക്കളില്‍ നിന്ന് നിര്‍മിക്കപ്പെട്ടതാണ്’ എന്ന് പറഞ്ഞപ്പോള്‍ ഇതുതന്നെയാണ് ഉദ്ദേശിച്ചിരിക്കുക” എന്ന് രേഖപ്പെടുത്തുന്ന കവി ഭാരതീയ പൈതൃകത്തിന്റെ സമന്വയസങ്കല്പ്പമാണ് സമര്‍പ്പിക്കുന്നത്.
ആത്മാന്വേഷണം പോലെ ലഹരിയുള്ളതാണ് ജീവിത-ഭൗതികാന്വേഷണവും. ആത്മീയ ഭൗതികങ്ങളുടെ പാരസ്പര്യത്തില്‍ നിന്നുയരുന്ന നന്മയാണ് ജീവിതനന്മയായി അക്കിത്തം സ്വീകരിക്കുന്നത്. ജീവിതത്തിന്റെ ജയാപജയങ്ങളെല്ലാം ഈ അദൈ്വതത്തില്‍ സാക്ഷാത്കാരം നേടുന്നു. ‘തന്റെ ജയംപോലെ പരാജയവും അല്ലയോ കൃഷ്ണാ നിന്റേതുതന്നെ’ എന്നു കണ്ടെത്താനുള്ള മനോനിലയും സ്വന്തം ആത്മാവിനെ പരമാത്മാവില്‍ സമര്‍പ്പിക്കാനുള്ള നിരഹങ്കാരമായ തപസ്സും കവിയില്‍ സദാ ജാഗ്രത്തായുണ്ട്. മമതാരാഹിത്യ സങ്കല്‍പ്പത്തെയും ഫലാസക്തിയില്ലാത്ത കര്‍മത്തെക്കുറിച്ചുള്ള ഗീതാദര്‍ശനത്തെയും മനുഷ്യദര്‍ശനത്തെ സ്വരൂപിക്കാനുള്ള സാമഗ്രിയായി കവി ഉപയോഗപ്പെടുത്തുന്നു. ഈ ദാര്‍ശനിക സമീപനത്തെപ്പോലെ പ്രത്യാശയും ജീവനകൗതുകവും ആരുടെയും ചോരക്കുഴലിലും ചേതനച്ചൂടൊഴുക്കുമെന്നും കതിരിന് കണകൊണ്ട് അത് ശത്രുവിന്റെ കരളം പിളര്‍ക്കുമെന്നും സാധാരണ ജീവിതത്തെപ്പോലും അത് ജീവിതവ്യമാക്കുമെന്നുമുള്ള ആശയവും കവി പ്രതീക്ഷീകരിക്കുന്നുണ്ട്.
ദാര്‍ശനികവും ലൗകികവുമായ ഈ രണ്ടാശയങ്ങളും പരസ്പരം ഭിന്നമെന്ന് പ്രഥമദര്‍ശനത്തില്‍ തോന്നുമെങ്കിലും സമന്വയ ദര്ശനസമീപനത്തില് അവ അഭിന്നമായ ആശയരൂപം നേടുന്നു. കാണാത്ത നൂല്‍പ്പാലത്തിലൂടെയുള്ള അനന്ത യാത്രയാണ് ജീവിതമെന്ന് പറയുമ്പോള്‍ത്തന്നെ ഒന്ന് കണ്‍തുറക്കുമ്പോള്‍ ഉണ്മയറിയുകയും ചിമ്മലില്‍ അത് ശൂന്യമാവുകയും ചെയ്യുന്നുവെന്ന ആത്മാന്വേഷണ പ്രവണമായ ആര്ത്ഥികതലങ്ങള് ‘വിവേചനം’ എന്ന കവിതയില്‍ കാണാം. ഇതിനൊപ്പം ശൈശവാനുഭൂതി നഷ്ടപ്പെടുത്തിയാല്‍ ജീവിതം കണ്ണീരിലാവുമെന്നും അവ കാത്തുസൂക്ഷിക്കല്‍ ജീവിത സമ്പന്നതയ്ക്ക് അനിവാര്യമാണെന്നും കവി കരുതുന്നു. ബാല്യത്തിന്റെ കൈവെള്ളയില്‍ തങ്ങിയ (ഇരുമ്പിനെ സ്വര്‍ണമാക്കുന്ന) സ്പര്ശമണി, വളര്ച്ചയ്ക്കിടയിലെവിടെയോ നഷ്ടപ്പെടുന്ന മനുഷ്യന്റെ ദുഃഖം കവി ‘സ്പര്ശമണികളി’ലും ആവിഷ്കരിച്ചിട്ടുണ്ട്. ശൈശവത്തിന്റെ സാന്ദ്രാനുഭൂതിയും പ്രകൃത്യനുഭവങ്ങളും ആത്മീയാന്വേഷണ ത്വരയും സമന്വയിക്കുമ്പോഴാണ് അക്കിത്തത്തിന്റെ ദര്ശനസമസ്യപൂര്ണതാ ബോധത്തെ സ്വന്തമാക്കുന്നത്. മനുഷ്യനില്‍നിന്ന് തുടങ്ങി മനുഷ്യനിലൂടെ വളര്‍ന്ന് മനുഷ്യത്വത്തില്‍ സാക്ഷാത്കാരമടയുമ്പോള് ആ ദര്‍ശനം ‘മനുഷ്യന്’തന്നെയായി രൂപപ്പെടുന്നു.
ഭാരതീയ കാവ്യപാരമ്പര്യത്തിന്റെ ആധുനിക മുഖത്തെഴുത്തുകളാണ് അക്കിത്തത്തിന്റെ പ്രതിഭായത്നം. നവീനാശയങ്ങള്‍, പൈതൃക സന്ദേശങ്ങള്‍, മൂല്യസങ്കല്പ്പങ്ങള്, നര്മവീഥികള്, ധര്മപ്പൊരുളുകള്, തരളിത സ്പന്ദനങ്ങള്‍, തരള വൈകാരിക സ്വപ്നങ്ങള്‍, ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍, അബലയുടെ കണ്ണീര്‍ത്തടങ്ങള്‍, അരികുചേര്‍ക്കപ്പെട്ടവന്റെ ആത്മരോദനങ്ങള്‍, പ്രകൃതിയുടെ നെടുവീര്‍പ്പുകള്‍, അഹിംസയുടെ ആത്മബലികള്- ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘വെണ്ണക്കല്ലിന്റെ കഥ’, ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’, ‘ബലിദര്‍ശനം’, ‘ധര്‍മസൂര്യന്‍’ തുടങ്ങി മഹാകവിയുടെ അക്ഷരസാഗരം കാഴ്ചവെച്ച സാംസ്കാരിക സ്വത്വമുദ്രകള്‍ അശോകലിഖിതം പോലെ നവതി മുഹൂര്‍ത്തത്തില്‍ കാലം ഏറ്റുവാങ്ങുന്നു. നവതി പ്രണാമായി ആ കാവ്യബോധിയുടെ ആത്മമന്ത്രണം ഉയര്‍ന്നു കേള്‍ക്കാം.
”ആര്‍ക്കുമെന്‍ തണലില്‍ വന്നിരിക്കാം, ക്ഷീണം തീര്‍ക്കാം
ആര്‍ക്കുമെന്‍ വീര്പ്പാല്, വീണ്ടുമുയിര്‍ക്കാം, എഴുന്നേല്‍ക്കാം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: