ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി. കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹം, അപകീര്‍ത്തിപ്പടുത്തല്‍ എന്നീകുറ്റങ്ങള്‍ക്ക് കേസെടുത്തു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു പോലീസാണ് കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധം വിളിച്ചു ചേര്‍ത്ത് പരസ്യ പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലിനെതിരെ മാര്‍ച്ച് 27ന് കുമാരസ്വാമി, ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ആദായ നികുതി വകുപ്പ് ഓഫീസിനു മുന്നിലായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊതുപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന എ.മല്ലികാര്‍ജുന്‍ എന്നയാളാണ് കേസിനാസ്പദമായ പരാതി നല്‍കിയത്. ബെംഗളൂരു സിസിഎച്ച് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം നിയമാനുസൃതമായി തെരച്ചില്‍ നടത്തിയതിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബിജെപിയുടെ ഏജന്റുകളാണ് ഇവര്‍ എന്ന് വിളിച്ചതായും ആരോപണമുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങി 23 രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ടി.സുനീല്‍കുമാറടക്കം ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇതേ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
രാജ്യദ്രോഹ കുറ്റങ്ങള്‍ നടക്കുന്നത് കണ്ടിട്ടും ബെംഗളൂരു പോലീസ് കമ്മിഷണറും മറ്റു ഉദ്യോഗസ്ഥരും ഇടപെട്ടില്ലെന്ന പരാതിയിലാണ് പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
















