ഇടുക്കി : സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കട്ടപ്പനയിലെ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനം നിയനം വിരുദ്ധം. വീടിനുള്ള അനുമതിയുടെ മറവിലാണ് സിപിഎം ഈ ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കണ്ടെത്താനായിട്ടുണ്ട്.
മുന്‍ സിഐടിയു നേതാവ് ലൂക്കാ ജോസഫ് തണ്ടപ്പേര് തിരുത്തി കയ്യേറി പണിത കെട്ടിടമാണ് ഇതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ള അനുമതിയിലാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്താനായിരിക്കുന്നത്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങളൊന്നുമില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും കട്ടപ്പന നഗരസഭ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. രണ്ട് നിലയ്‌ക്കുള്ള അനുമതിയുടെ മറവിലാണ് അഞ്ചുനില ആശുപത്രി കെട്ടിടം നിര്‍മിച്ചത്. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസിയും ഇല്ല.
ആശുപത്രിയില്‍ വാഹന ഗതാഗതത്തിനായി ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യമോ, വൈകല്യമുള്ള രോഗികള്‍ക്കായുള്ള ലിഫ്റ്റ് പോലുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം മനുഷ്യജീവന് തന്നെ ഭീഷണിയാണെന്നും നഗരസഭ 2017ല്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം ഇടപെട്ട് ഫയല്‍ ഒളിപ്പിച്ചതായും പരാതിയുണ്ട്. മുന്‍സിപ്പല്‍ കമ്മിറ്റിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിയാതെ സിപിഎം സഹകരണആശുപത്രിക്ക് വഴിവിട്ട് ലൈസന്‍സ് നല്‍കിയത് അന്നത്തെ നഗരസഭാ സെക്രട്ടറി എസ് ജയകുമാറാണ്. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ കുറ്റപ്പെടുത്തുന്നു.
മുന്‍ സിഐടിയു നേതാവ് വില്ലേജ് ഓഫീസറുടെ ഒത്താശയില്‍ തണ്ടപ്പേര് തിരുത്തിയാണ് ഈ സ്ഥലത്ത് കെടിട്ട നിര്‍മാണ അനുമതി തേടി നഗരസഭയെ സമീപിച്ചത്. 2010ന് ശേഷം കരം അടയ്‌ക്കാതിരുന്ന ഈ ഭൂമിയില്‍ വീണ്ടും കരം അടയ്‌ക്കാനായി ഉടമ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലുക്ക ജോസഫിന്റെ പേരില്‍ ഭൂമിക്ക് കരം അടച്ചിട്ടുള്ളതായി കണ്ടെത്തിയത്. എന്നാല്‍ വസ്തുവിന്റെ രേഖകളൊന്നും ലൂക്കയുടെ പക്കലില്ലാതെ പാര്‍ട്ടി ഇടപെടലിലാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: