പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് വീണ്ടും അഭിമാനനേട്ടം സമ്മാനിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ തുടര്‍ച്ചയായി രണ്ടാം വട്ടവും മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കിയിരിക്കുകയാണ് ലിജോ. മരണത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഈ.മ.യൗ എന്ന ചിത്രമാണ് കഴിഞ്ഞ വര്‍ഷം ലിജോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംവിധായകന് രമേശ് സിപ്പിയില്‍ നിന്നാണ് രജത മയൂരം ഏറ്റുവാങ്ങിയത്.
ബ്ലെയ്സ് ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ചേര്‍ന്നാണ് സുവര്‍ണ മയൂരം സമ്മാനിച്ചത്.വാഗ്ണര്‍ മൗറ സംവിധാനം ചെയ്ത മാരിഗെല്ല എന്ന ചിത്രത്തിലൂടെ കാര്‍ലോസ് മാരിഗെല്ലയുടെ കഥാപാത്രത്തെ അഭ്രപാളിയിലെത്തിച്ച സ്യൂ ഷോര്‍ഷിയാണ് മികച്ച നടന്.
മലയാളിയായ ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും അമ്മ പ്രഭാവതിയുടെ പോരാട്ടവും പശ്ചാത്തലമാക്കിയ മായി ഘട്ടിലെ അഭിനയത്തിലൂടെ ഉഷ ജാദവ് മികച്ച നടിക്കുള്ള രജത മയൂരം കരസ്ഥമാക്കി.പേമ സെഡെന്‍ സംവിധാനം ചെയ്ത ബലൂണ്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയപ്പോള്‍ അഭിഷേക് ഷാ സംവിധാനം ചെയ്ത ഹെല്ലാരോ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം അമിന സിദി ബൗമെഡ്, മാരിയസ് ഒള്ടെന്യു എന്നിവര്‍ പങ്കിട്ടു.
ഡോ. എസ്.പി. മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ കലാസാംസ്കാരിക രംഗത്തെ മഹദ്വ്യക്തിത്വങ്ങളെ ആദരിച്ചു. സംഗീത സംവിധായകന് ഇളയരാജ, നര്‍ത്തകി തനുശ്രീ ശങ്കര്‍, ഹരിഹരന് എന്നിവരുടെ കലാപ്രകടനങ്ങള്‍ സമാപന ചടങ്ങിന് മാറ്റ് കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: