കൊല്ലം: കടയ്‌ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ വാഹന പരിശോധനയ്‌ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി ഉപയോഗിച്ച് എറിഞ്ഞിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍മേല്‍ ഒന്നരമണിക്കൂറിന് ശേഷം നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചു.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന യുവാവിനെ തടയാന്‍ പോലീസുകാരന്‍ ലാത്തി എറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് യാത്രികന്‍ എതിര്‍ ദിശയില്‍ വന്ന ഇന്നോവയില്‍ ഇടിച്ച് നിലത്ത് വീണു.
19 വയസ്സുകാരനായ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഉപരോധം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. എസ്പിയുടെ നേതൃത്വത്തില്‍ കടയ്‌ക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ സമരം പിന്‍വലിച്ചത്. ഉപരോധ സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളാണ് റോഡില്‍ കുരുങ്ങിക്കിടക്കുന്നത്. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു മണിക്കൂറിലധികം സമയം എടുക്കും.
സംഭവുമായി ബന്ധപ്പെട്ട് ചന്ദ്രമോഹന്‍ എന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ റൂറല്‍ എസ്പിയുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇതിന്റെ ഭാഗമായി സംഘര്‍ഷാവസ്ഥ അവസാനിച്ചിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കിടെ പോലീസ് പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പോലീസിന്റെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: