ചെന്നൈ: ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്. ഐഐടിയില്‍ നടന്ന എല്ലാ മരണങ്ങളെയും കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതേക്കുറിച്ച് അഭിഭാഷകരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. പ്രധാനമന്ത്രിയെയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും കണ്ട് പ്രശ്നം ഉന്നയിക്കും. പ്രധാനമന്ത്രിയെ തിങ്കളാഴ്ച കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ മുഹമ്മദ് ഷാ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍എസ്യു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി വാദം കേള്‍ക്കാനായി മാറ്റി വച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോകതാന്ത്രിക്ക് യുവജനതാദളും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി അടുത്ത ദിവസം പരിഗണനയ്‌ക്ക് എടുക്കുമെന്നാണ് കരുതുന്നത്.
കേസില്‍ ചെന്നൈ സിറ്റി പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് എന്‍എസ്യുവും ലോക താന്ത്രിക്ക് യുവജനതാദളും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: