ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് മാത്രമേ ഇനി എസ്.പി.ജി സുരക്ഷ നല്‍കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനി ഇതിനെപ്പറ്റി ഒരു ചര്‍ച്ചയുമില്ലെന്ന് അദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി. എസ്പിജി സുരക്ഷ ഭേദഗതി ബില്ലില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുക. പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ അത്ര നിര്‍ണായകമാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉണ്ടായിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് അമിത് ഷാ സഭയില്‍ ഇക്കാര്യം അറിയിച്ചത്.
സി.ആര്.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷ പോരെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ കോണ്‍ഗ്രസ് ബഹളം വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കുന്ന അതേ സുരക്ഷ തങ്ങള്‍ക്കും നല്‍കണമെന്നാണ് സോണിയയുടെയും കുടുംബത്തിന്റെയും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ശീതകാലസമ്മേളനത്തിന്റെ രണ്ടാംദിനം കോണ്‍ഗ്രസ് സഭയില്‍ ബഹളം വെച്ചത്. സി.ആര്.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ ഗാന്ധികുടുംബത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: