തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആചാരലംഘനം നടത്തുകയും ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തിയ തൃപ്തി ദേശാശിയെ സഹായിക്കാന്‍ എത്തുകയും ചെയ്ത ബിന്ദു അമ്മിണി തന്റെ ഓഫിസില്‍ എത്തിയിരുന്നെന്ന് സമ്മതിച്ച് മന്ത്രി എ.കെ. ബാലന്‍. ബിന്ദുവിന്റെ സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ട്. തന്റെ ഓഫിസില്‍ നിവേദനം നല്‍കാന്‍ നൂറു കണക്കിന് ആള്‍ക്കാര്‍ എത്താറുണ്ട്. ബിന്ദു എത്തിയ സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രചാരണം വ്യക്തിഹത്യ ചെയ്യാനാണെന്നും മന്ത്രി ബാലന്‍.
ബിന്ദുല നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ബിന്ദു അമ്മിണി ഇന്നലെ നിയമമന്ത്രി എ.കെ. ബാലന്റെ ഓഫിസ് സന്ദര്‍ശിക്കുകയും ഒരു മണിക്കൂറോളം ചെലവഴിച്ചെന്നും സ്ഥിരീകരണമുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും ശേഖരിക്കാനാണ് ബിന്ദു എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലീഗല്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കാനാണ് എത്തിയതെന്നാണു ബിന്ദുവിന്റെ വിശദീകരണം. എന്നാല്‍, ഇന്നലെ രാവിലെ തൃപ്തി ദേശായി എത്തിയതു മുതല്‍ കൈയില്‍ ചില രേഖകള്‍ അടങ്ങിയ ഫയലുമായാണു ബിന്ദു നടന്നത്. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകളും സത്യവാങ്മൂലങ്ങളും അടങ്ങിയ ഫയലെന്നാണ് റിപ്പോര്‍ട്ട്. ഇതു തൃപ്തിക്കും സംഘത്തിനും കൈമാറി ശബരിമലയിലേക്ക് പോകാനുള്ള അനുമതി പോലീസില്‍ നിന്ന് വാങ്ങാനായിരുന്നു സംഘത്തിന്റെ നീക്കം. എന്നാല്‍, ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കു അനുമതിയോ സുരക്ഷയോ നല്‍കില്ലെന്നു പോലീസ് നിലപാട് എടുക്കുകയായിരുന്നു.
ശബരിമല ആചാരലംഘനത്തിന് രണ്ടാമതും ശ്രമിച്ച തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവില്‍ സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇന്നലെ ആരോപിച്ചിരുന്നു. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുമായി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന് പോലും മന്ത്രി എ.കെ. ബാലന്‍ വിശദീകരിക്കുന്നില്ല. ഇതില്‍ നിന്ന് എന്താണ് തെളിയുന്നത്. ആക്ടിവിസ്റ്റുകളുടെ വരവിന് പിന്നില്‍ അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. സംഘം മലയ്‌ക്ക് പോകാതെ കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ നാടകവും ഗൂഢാലോചനയുടെ ഭാഗമാണ്. അവരെ തിരിച്ചയയ്‌ക്കാന്‍ എന്തിന് ഇത്രയും മണിക്കൂറുകള്‍ വൈകിയെന്നതും ഇതിലെ സര്‍ക്കാരിന്റെ പങ്കിനെ ബലപ്പെടുത്തുന്നു.
ഈ ചെയ്തികളെല്ലാം നടത്തിയ ശേഷവും ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ തിരിച്ചയയ്‌ക്കുന്നെന്ന പ്രതീതി വരുത്തി വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം വേണമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി എന്നതു തെളിയിക്കാന്‍ ബാലന്‍ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരുന്നു.
















