ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും രാജിവച്ചെങ്കിലും മഹാസഖ്യത്തിന് അത് നല്‍കുന്നത് താല്‍ക്കാലികാശ്വാസം മാത്രം. സര്‍ക്കാര്‍ രൂപീകരിച്ചാലും രാഷ്ട്രീയത്തില്‍ ഭിന്ന ധ്രുവങ്ങളിലുള്ള ശിവസേനയ്ക്കും എന്‍സിപിക്കും കോണ്‍ഗ്രസ്സിനും എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്നത് പാര്‍ട്ടികളെ സംബന്ധിച്ച് തലവേദനയാണ്. ബിജെപി വിരുദ്ധ നീക്കത്തിന്റെ ടേണിങ് പോയിന്റായി കൊട്ടിഘോഷിക്കപ്പെട്ട കര്‍ണാടക പരീക്ഷണം പാളിയതും അവരെ അലട്ടുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയക്കളികളിലെ ആവേശം അതേ പോലെ നിലനിര്‍ത്താന്‍ അവിയല്‍ സഖ്യത്തിന് സാധിക്കില്ലെന്നതാണ് അനുഭവം. മറുവശത്ത് തന്ത്രങ്ങളുമായി മോദിയും അമിത് ഷായും ഫഡ്നാവിസും ഉള്ളപ്പോള്‍ പ്രത്യേകിച്ചും.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ഏറെ സാമ്യമുണ്ട് ഇപ്പോഴത്തെ മഹാരാഷ്ട്ര നാടകങ്ങള്‍ക്ക്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് ബിജെപി. എന്നാല്‍ മൂന്നാമതായ ജെഡിഎസ്സിനെ മുഖ്യമന്ത്രി പദം നല്കി മോഹിപ്പിച്ച് കോണ്‍ഗ്രസ് ജനവിധി അട്ടിമറിച്ചു. മഹാരാഷ്ട്രയില്‍ ജനങ്ങള്‍ അനുഗ്രഹിച്ചത് ബിജെപി-ശിവസേനാ സഖ്യത്തെ. ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച ശിവസേനയെ അടര്‍ത്തിയെടുക്കാന്‍ ഇവിടെയും പ്രയോഗിച്ചത് മുഖ്യമന്ത്രി പദമാണ്. ജനങ്ങളുടെ അന്തിമ വിധി അട്ടിമറിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയ കരുക്കളുമായി കളത്തിലിറങ്ങിയത്.
2018 മെയില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദിയുരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മൂന്നാം ദിവസം രാജിവെക്കേണ്ടി വന്നു. ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിക്ക് 15 ദിവസം നല്‍കിയെങ്കിലും ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് യെദിയുരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും തുടക്കം മുതല്‍ കല്ലുകടി തുടങ്ങി. ഭരണസ്തംഭനം തുടര്‍ക്കഥയായി. ഒടുവില്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ്സിനെ പരസ്യമായി തള്ളിപ്പറയുന്ന അവസ്ഥയിലെത്തി. ഏതാനും ഭരണപക്ഷ എംഎല്‍എമാര്‍ ബിജെപിയിലെത്തിയതോടെ സര്‍ക്കാര്‍ വീണു. യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി.
മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ നാലാം ദിവസമാണ് ഫഡ്നാവിസ് രാജിവെച്ചത്. മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ അനുകൂലമായ സാഹചര്യമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. ജെഡിഎസ്സുമായി ആശയപരമായ ഭിന്നതയുണ്ടായിരുന്നില്ല. എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ ഇതല്ല സ്ഥിതി. തര്‍ക്ക മന്ദിരം തകര്‍ത്തത് അഭിമാനമായി കരുതുന്ന സേനയെ വര്‍ഗീയ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചിരുന്നത്.
ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെതിരെ സേന പ്രചാരണം നടത്തിയത്. രണ്ട് പാര്‍ട്ടികളുടെയും അടിത്തറയില്‍ കാര്യമായ ആഘാതമേല്‍പ്പിക്കുന്നതാണ് അധികാരത്തിനായുള്ള ഇപ്പോഴത്തെ ഒത്തുചേരല്‍. മഹാസഖ്യത്തിനെതിരെ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയും ഉടലെടുത്തിരുന്നു. ആഴ്ചകളെടുത്താണ് പൊതുമിനിമം പരിപാടി പോലും തയാറാക്കിയത്. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും ന്യൂനപക്ഷ പ്രീണനവും ശിവസേനയുടെ ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവസാന ചിരി ആരുടേതാകുമെന്നതാണ് മഹാരാഷ്ട്ര കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: