മംഗലാപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍, വേരുറപ്പിക്കുന്നു. ഇവിടങ്ങളിലെ ഇസ്ലാമിക ഭീകര, തീവ്രവാദ സംഘടനകളുടെ ശക്തമായ സാന്നിധ്യമാണ് ഇതിനുള്ള പ്രധാന കാരണം. ഇവര്‍ ഒത്തു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടു കൂട്ടര്‍ക്കും ഗുണകരമാണ്.
കഴിഞ്ഞ ദിവസം പാലക്കാട്ടെ അട്ടപ്പാടിയിലുണ്ടായ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ദക്ഷിണേന്ത്യയിലെ ഭീകരസാന്നിധ്യത്തെ വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലും മറ്റും ഇടയ്ക്കിടെയുണ്ടായ മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാ ഏജന്‍സികളില്‍ ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് മാവോയിസ്റ്റ് സംഘങ്ങള്‍ പിന്‍വാങ്ങുകയും കേരളം താവളമാക്കുകയും ചെയ്തതായാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായ പശ്ചിമഘട്ടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എന്നാല്‍, സമീപകാലത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടല്‍ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. പക്ഷേ, കണ്ണൂര്‍, പലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ ഗോത്രവര്ഗത്തില്പ്പെട്ടവര്ക്കിടയില് സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയയാളാണ്. ഇതുപോലെ തന്നെ തമിഴ്നാട്ടില്‍ നിന്ന് നിരവധി മാവോയിസ്റ്റുകള്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷരായിട്ടുണ്ട്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 230 പേരെയും കാണാതായി. ഇവര്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവമാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് തെലങ്കാന വിദ്യാര്‍ഥി വേദികയിലെ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ദുര്‍ബ്ബലമാണ്. ഇവര്‍ കേന്ദ്രീകരിച്ചിരുന്ന പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വന്നത് തിരിച്ചടിയായി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തി പ്രാപിച്ചതായി കര്‍ണാടക പോലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: