ടോക്യോ: ജപ്പാനില്‍ ഭൂചലന മുന്നറിയപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യത്തെ ജപ്പാന്‍ തീരത്തോട് അടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയപ്പ് നല്‍കിയിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ തിരമാലകളുയരാമെന്നും സുനാമിക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.
വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇവിടെ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഭൂചലന മുന്നറിയപ്പുമായി ജപ്പാനിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ ഭൂപടം പുറത്തുവിട്ടിട്ടുണ്ട്.

ആഴക്കടല്‍ മത്സ്യമായ ഓര്‍ഫിഷുകളെ ദുരന്തത്തിന്റെ സൂചനകളായിട്ടാണ് ജപ്പാന്‍ ജനത കാണുന്നത്. ഈ മത്സ്യം ജാപ്പനീസ് പുരാണത്തിലെ നാശത്തിന്റെ അടയാളങ്ങളാണ്. പ്രകൃതിദുരന്തങ്ങള്‍ ആസന്നമാകുമ്പോള്‍ ഒരു മൈലിലധികം വെള്ളത്തിനടിയില്‍ വസിക്കുന്ന മത്സ്യം ഉപരിതലത്തിലേക്ക് വരുന്നുവെന്ന് ജാപ്പനീസുകാരുടെ വിശ്വാസം. ഓര്‍ഫിഷുകളെ തീരത്ത് കണ്ടതോടെ ഭീതിയിലോടെയാണ് ജനങ്ങള്‍.
ഭൂചലന മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ജപ്പാനിലെ പരിപാടികളില്‍ മാറ്റം വരുത്തിയിട്ടില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നിക്ഷേപ സെമിനാറുകളില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെ ഒസാക്കയിലാണ് ഇപ്പോഴുളളത്. മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് മുഖ്യമന്ത്രിയും സംഘവും ഒസാക്കയിലെത്തിയത്.
















