ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് തീയതി സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. രണ്ടു ദിവസമായി തുടര്‍ന്ന വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ന് രാവിലെ പത്തരയ്ക്ക് ഉത്തരവിറക്കുമെന്ന് കോടതി അറിയിച്ചത്. ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള രണ്ടാം നമ്പര്‍ കോടതിയിലാണ് കേസ് പരിഗണിച്ചത്.
ശനിയാഴ്ച രാവിലെ നടന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈകിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി രാത്രി തന്നെ പരിഗണിക്കാതെ ഞായറാഴ്ച പ്രത്യേകമായി കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ഗവര്‍ണര്‍ക്ക് ഫഡ്നാവിസും അജിത് പവാറും നല്കിയ പിന്തുണക്കത്തുകള്‍ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് ഞായറാഴ്ച പിരിഞ്ഞ കോടതി ഇന്നലെ വീണ്ടും ചേര്‍ന്ന് പിന്തുണക്കത്തുകള്‍ പരിശോധിക്കുകയായിരുന്നു.
ബിജെപിയും അജിത് പവാറും ഹാജരാക്കിയ കത്തുകള്‍ക്ക് സാധുത നല്കിയ കോടതി, ഫഡ്നാവിസിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച നടപടിയില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി. ഇത് ബിജെപിക്ക് നേട്ടമായി. എന്‍സിപിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ദിവസം കൂടി ലഭിച്ചുവെന്നതും ഇന്നലെ സുപ്രീംകോടതിയില്‍ ബിജെപിക്ക് നേട്ടമായി. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടു ദിവസം കൂടി ലഭിച്ചേക്കുമെന്നാണ് ബിജെപിയുടേയും അജിത് പവാറിന്റെയും പ്രതീക്ഷ.
ബിജെപിയുടെ 105 എംഎല്‍എമാരുടേയും എന്‍സിപിയുടെ 54 പേരുടേയും പിന്തുണക്കത്തുകളാണ് ബിജെപി ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. ഇതിന് പുറമേ സ്വതന്ത്രരുടെ ഉള്‍പ്പെടെ 170 പേരുടെ പിന്തുണയാണ് ഫഡ്നാവിസ് അവകാശപ്പെടുന്നത്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ക്യാമ്പ് 152 പേരുടെ പിന്തുണക്കത്ത് നല്‍കിയെങ്കിലും ഇത് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറായില്ല. ഒപ്പുകള്‍ സംബന്ധിച്ച വിശ്വാസ്യതയില്‍ സംശയമുള്ളതിനാലാണ് അവസാന നിമിഷം രേഖകള്‍ നല്‍കാതെ പിന്‍വലിച്ചത്. ഒപ്പുകള്‍ സഹിതമുള്ള പിന്തുണക്കത്ത് കോടതിക്ക് കൈമാറിക്കഴിഞ്ഞാല്‍ യഥാര്‍ഥത്തിലുള്ള പിന്തുണക്കത്തല്ല അതെന്ന് എംഎല്‍എമാര്‍ പിന്നീട് പറഞ്ഞാല്‍ ശിവസേനയ്ക്കും കോണ്‍ഗ്രസ്സിനും അതു കോടതിയില്‍ തിരിച്ചടിയാകും. അതിനാലാണ് മനു അഭിഷേക് സിങ്വി പിന്തുണക്കത്തുകള്‍ കോടതിക്ക് കൈമാറാതെ തിരികെ എടുത്തതെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: