ന്യൂദല്‍ഹി: ലോക്സഭയില്‍ പുരുഷ മാര്‍ഷലുകള്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. കേരള നിയമസഭയില്‍ എന്തു കൈയാങ്കളി നടത്തിയാലും ഊരിപ്പോകാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അത് പാര്‍ലമെന്റിലും ആവര്‍ത്തിക്കാമെന്ന് ധരിക്കുന്ന കോണ്‍ഗ്രസ്, കേരള നിയമസഭയല്ല ഇത് ഇന്ത്യന്‍ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണം. പ്രതിഷേധിക്കുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും വി. മുരളീധരന് വിമര്‍ശിച്ചു.
സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വനിതാ അംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ അംഗത്തെ കൈയേറ്റം ചെയ്തുവെന്നത് വ്യാജ പ്രചാരണമാണ്. പുരുഷ മാര്‍ഷലുകളുടേത് കൈയേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചട്ടം ലഘിച്ച രണ്ടുപേര്‍ പുരുഷന്മാരായതുകൊണ്ടാകാം വനിതാ മാര്‍ഷലുകളെ നിയോഗിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രണ്ട് വനിതകള്‍ രംഗത്തിറങ്ങിയത്. പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകണം. ആര്‍ക്കെങ്കിലും പരിക്കുപറ്റിയോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നടക്കാത്തത് നടന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ സഹാതാപം പിടിച്ചുപറ്റാനുള്ള ശ്രമം എല്ലാക്കാലത്തും വിലപ്പോകില്ല. ഇന്നുവരെ ഒരുകാലത്തും ബിജെപി ഇത്രവലിയ ബാനറുമായി ട്രഷറി ബഞ്ചിനു മുന്നില്‍ പ്രതിഷേധിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ സ്ഥലത്തുനിന്നാണ് പ്രതിഷേധിച്ചിട്ടുള്ളത്. ജനപിന്തുണ ഇല്ലാത്തവര്‍ക്ക് സഭയിലേ പ്രതിഷേധിക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭൂരിപക്ഷം നേടിയതാണ്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ജനാധിപത്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആയതിനെതിരെ മഹാരാഷ്ട്രയില്‍ ഒരുസ്ഥലത്തും ഒരാള്‍പോലും പ്രതിഷേധിച്ചില്ല. ജനങ്ങള്‍ക്കില്ലാത്ത പ്രതിഷേധം പാര്‍ലമെന്റിനെ നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇത് പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിന്റെ ഭീഷണി പുതിയ ഇന്ത്യയില്‍ വിലപ്പോകില്ല. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധം തന്നെ കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ മുഴുവന്‍ നിഷേധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യത്തെ രണ്ടുവര്‍ഷം സസ്പെന്‍ഡു ചെയ്തു. രാജ്യത്തെ എത്രയോ നിയമസഭകളില്‍ ഇതിനെക്കാള്‍ ജനാധിപത്യ വിരുദ്ധ നടപടികളുണ്ടായി. ചൊവ്വാഴ്ച ഭരണഘടന 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നില്‍ അവര്‍ പ്രതിഷേധം നടത്തുമെന്നാണ് പറയുന്നത്. ജീവിച്ചിരുന്ന അംബേദ്കറെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് എല്ലാവര്ക്കും അറിയാം.
1952 ല്‍ അംബേദ്കര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസാണ് പരാജയപ്പെടുത്തിയത്. ജവഹാര്‍ലാല്‍ നെഹ്റു രണ്ടു തവണ അംബേദ്കറെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രചാരണം നടത്തിയത്. 54 ലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിച്ചിട്ടും അദ്ദേഹം ഇന്ത്യന്‍ ലോക്സഭയില്‍ പ്രവേശിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയില്ല. ആ കോണ്‍ഗ്രസ് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രകടനം നടത്തുമ്പോള്‍ പ്രതിഷേധം അംബേദ്കര്‍ക്ക് എതിരാണോ ജനാധിപത്യത്തിന് എതിരാണോ എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: