ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി. എന്നാല്‍, സഭയില്‍ വിശ്വാസം തെളിയിക്കേണ്ട കാര്യങ്ങളില്‍ കൃത്യമായി നടപടിക്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും സുപ്രീകോടതി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസും ഗവര്‍ണറും നല്കിയ കത്തുകള്‍ ഇന്ന് രാവിലെ ഇരുവര്‍ക്കുമായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗിയും സമര്‍പ്പിച്ചു.
എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവ് അജിത് പവാര്‍ നല്കിയ പിന്തുണക്കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടേയും ഒപ്പുണ്ടായിരുന്നെന്നും അതൊന്നും വ്യാജമല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. ഗവര്‍ണര്‍ക്ക് പിന്തുണക്കത്തുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അതില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം അദ്ദേഹത്തിനില്ല. പിന്തുണ പ്രഖ്യാപിച്ചുള്ള കത്തുകളുടെ അടിസ്ഥാനത്തില്‍ തികച്ചും ഭരണഘടനപരമായാണ് ഗവര്‍ണറുടെ നടപടിയെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
54 പേരുടെ പിന്തുണയോടെ അജിത് പവാര്‍ നല്കിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വായിച്ചു. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് കത്തിലുണ്ട്. എംഎല്‍എമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതെന്ന വിശദീകരണമാണ് സുപ്രീംകോടതിയില്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയത്.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്നും രേഖകള്‍ വ്യാജമല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാള്‍ ഇവിടെയുമാണ്.
ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുളളില്‍ എന്ന് നിര്‍ദേശിക്കാന്‍ ആവില്ലെന്നും മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ അധികാരമില്ല. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: