പാഞ്ചരാത്രം
മേല്പറഞ്ഞതുപോലെ ഭാരതമെമ്പാടും പരസ്പരബന്ധിതങ്ങളായി നിലനിന്നിരുന്ന ഹിന്ദുഗോത്രങ്ങളിലെ വൈവിധ്യമാര്‍ന്ന നിരവധി ചിന്താധാരകളില്‍ ബാദരായണന്‍ തന്റെ കാലത്തു ലഭ്യമായതും യുക്തമായതുമായ ചിലതിനെ ക്രോഡീകരിച്ചതിനെയാണല്ലോ നാമിന്നു ചതുര്‍വേദങ്ങള്‍ എന്നു പറയുന്നത്. ഇതില്‍ സംഗ്രഹിക്കപ്പെടാതെ പോയ പലതും നഷ്ടമായി എന്നും പണ്ഡിതന്മാര് കരുതിവരുന്നുമുണ്ട്.
ഈ സമാഹാരത്തില്‍ നിന്നും ചിലര്‍ യാഗപദ്ധതിയെ കണ്ടെത്തി പ്രചരിപ്പിച്ചപ്പോള്‍ മറ്റുചില ഹിന്ദുചിന്തകര് വേദാന്തപരങ്ങളായ അദൈ്വതാദി ചിന്താപദ്ധതികളെ മുന്നോട്ടു വെച്ചു. ആരണ്യകങ്ങളില്‍ ഉപാസനാകാണ്ഡത്തെയും പല പണ്ഡിതന്മാരും ദര്ശിക്കുന്നുണ്ടല്ലോ. യാഗപദ്ധതിയുമായി ബന്ധപ്പെട്ട മുന്ദാര്ശനികരെ ജൈമിനി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ ബ്രഹ്മസൂത്രത്തിലും മുന്‍കാല പണ്ഡിതന്മാരെ അനുസ്മരിക്കുന്നുണ്ടല്ലോ. ഗൗഡപാദാചാര്യരുടെ മാണ്ഡൂക്യകാരിക ശാങ്കരഭാഷ്യത്തിനും മുമ്പുള്ളതാണല്ലോ.
വേദബാഹ്യമായി അപ്പോഴും പല ചിന്താധാരകളും പല ഹിന്ദുഗോത്രങ്ങളിലും സജീവമായിരുന്നു എന്നതും സത്യമാണ്. അവയില്‍ കുറെ പാലി, പ്രാകൃതം മുതലായി അന്നു നിലവിലിരുന്ന ഭാഷകളില്‍ ഇടം പിടിച്ചു. അഭിനവഗുപ്തന് അത്തരം ചില സാഹിത്യങ്ങളെ തന്റെ കൃതികളില്‍ ഉദ്ധരിക്കുന്നുണ്ട്. അവയാണ്, പില്ക്കാലത്ത്, വൈദികപദ്ധതിയ്ക്കു വ്യക്തത വന്നതിനുശേഷം, അവൈദികം എന്നു വൈദികര്‍ മുദ്രകുത്തിയ, പില്ക്കാലജൈന, ബൗദ്ധ, തന്ത്ര, യോഗ, പാശുപത, പാഞ്ചരാത്രാദി ധാരകളുടെ ആധാരങ്ങള്‍. ഈ ധാരകളില്‍ ചിലതിന്റെ പ്രാഗ്രൂപങ്ങളും ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതിനു തെളിവാണ് പാഞ്ചരാത്രവുമായി ബന്ധപ്പെട്ട പുരുഷസൂക്തം, പാശുപതവുമായി ബന്ധപ്പെട്ട രുദ്രസങ്കല്പം, ശാക്തവുമായി ബന്ധപ്പെട്ട ഹൈമവതിയായ ഉമയുടെ സങ്കല്പം തുടങ്ങിയവ.
ഈ അവൈദികധാരകളെ വൈദികപാരമ്പര്യത്തിലേക്കു സ്വാംശീകരിച്ച പില്ക്കാല വൈദികപണ്ഡിതന്മാര്‍ അവയ്ക്കു വേദപ്രാമാണ്യമുണ്ടെന്നു സ്ഥാപിക്കാന്‍ വേദങ്ങളിലെ ഇത്തരം മന്ത്രങ്ങളേയും ആശയങ്ങളേയും ഉദ്ധരിക്കുന്നതും നമുക്കു കാണാം. പ്രമുഖവൈഷ്ണവാചാര്യനായ യാമുനാചാര്യരുടെ ആഗമപ്രാമാണ്യം, പുരുഷനിര്ണ്ണയം മുതലായ കൃതികള്‍, പ്രശസ്തതാന്ത്രികസിദ്ധനായ ഭാസ്കരാചാര്യരുടെ കൃതികള്‍, പ്രമുഖതന്ത്രഗ്രന്ഥമായ പരശുരാമകല്‍പസൂത്രത്തിനു രാമേശ്വരന് എഴുതിയ വൃത്തി, ശ്രീകണ്ഠാചാര്യരെപ്പോലുള്ള ശൈവാചാര്യന്മാരുടെ കൃതികള്‍ എന്നിവയിലൂടെ കണ്ണോടിച്ചാല്‍ ഈ വസ്തുത ആര്‍ക്കും ബോധ്യമാകും.
പാഞ്ചരാത്രസമ്പ്രദായത്തിന്റെയും മൂലം, ഇത്തരത്തില്‍, പുരുഷസൂക്തമാണെന്നു കരുതുന്നു. ശതപഥബ്രാഹ്മണത്തിലെ നാരായണസങ്കല്പവും പാഞ്ചരാത്രം വേദവിഹിതമാണ് എന്നതിനു തെളിവായി കരുതുന്നു. പാഞ്ചരാത്രം ഒരു യാഗമാണെന്നും സാത്ത്വതസമൂഹത്തിന്റെതായ ആ യാഗം വിധിപ്രകാരം അനുഷ്ഠിച്ചാല്‍ നാരായണപദം പ്രാപിക്കാമെന്നും പാഞ്ചരാത്രികള് കരുതുന്നു. ശ്വേതദ്വീപനിവാസികളായ ചിത്രശിഖണ്ഡികള്‍ ആണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. നാരദന് ഇവരുടെ ഉപദേശപ്രകാരം വൈഷ്ണവസാധന അനുഷ്ഠിച്ചാണ് നാരായണദര്‍ശനം സാധിച്ചത് എന്നൊരു കഥ മഹാഭാരതത്തില്‍ ഉണ്ട്.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: