ഏഷ്യയില്‍, ചൈനയുടെ അങ്ങേ തലയ്ക്കല്‍ ഒരു സംഘര്‍ഷം നടക്കുകയാണ്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന ചുവപ്പു ഭീമനും ഹോങ്കോങ് എന്ന വെള്ള കുള്ളനും തമ്മിലുള്ള യുദ്ധം. കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ചൈന അതിന്റെ സമസ്ത സാമഗ്രികളും കുടിലതയും ഉപയോഗിച്ചുകൊണ്ട് സാങ്കേതികമായി സ്വയം ഭരണമുള്ള ഹോങ്കോങ് എന്ന പ്രവിശ്യയിലേക്കു തങ്ങളുടെ യുദ്ധരഥമുരുട്ടുകയാണ്. ഹോങ്കോങ്ങിലെ ജനങ്ങളാകട്ടെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങളുടെ സത്തയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലും.
ചരിത്രം ഇങ്ങനെ
ഹോങ്കോങ്ങിന്റെയും ചൈനയുടെയും സമകാലിക സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരല്‍പ്പം ചരിത്രം കൂടി അറിയേണ്ടതുണ്ട്. ആധുനിക ചൈനയുടെ ചരിത്രമാരംഭിക്കുന്നത് കറുപ്പ് യുദ്ധങ്ങളിലൂടെയാണ്. ചൈനയുമായുള്ള തങ്ങളുടെ വ്യാപാരകമ്മി നികത്താന്‍വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചൈനയില്‍ വ്യാപകമായി കറുപ്പ് വില്ക്കാന് ആരംഭിച്ചു. കറുപ്പിന്റെ വന്‍ തോതിലുള്ള ലഭ്യതയും കമ്പനി സ്വീകരിച്ച അധാര്‍മ്മികമായ വിപണന തന്ത്രങ്ങളും കാരണം ചൈനീസ് യുവത്വം കറുപ്പ് തീറ്റക്കാരായി മാറി. അന്ന് ചൈന ഭരിച്ചിരുന്ന ദാവോ ഗുയാങ് ചക്രവര്‍ത്തി ബ്രിട്ടീഷുകാരുടെ ഈ നിലപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കുകയും കറുപ്പിന് കനത്ത തീരുവ ചുമത്തുകയും ഒരുവേള കറുപ്പിന്റെ ഉപയോഗം നിരോധിക്കുകയും ചെയ്തു. തത്ഫലമായി ബ്രിട്ടന് ചൈനയെ ആക്രമിച്ചു. അതാണ് 1839 മുതല്‍ 1842 വരെയുണ്ടായിരുന്ന ഒന്നാം കറുപ്പ് യുദ്ധം. യുദ്ധത്തില്‍ ബ്രിട്ടന് ജയിക്കുകയും തുടര്‍ന്നുണ്ടായ നാങ്കിങ് ഉടമ്പടിയുടെ ഫലമായി ഹോങ്കോങ് ബ്രിട്ടന് ലഭിക്കുകയും ചെയ്തു.
1853ലെ രണ്ടാം കറുപ്പ് യുദ്ധം, കൂടുതല്‍ ഭാഗങ്ങള്‍ ബ്രിട്ടീഷ് അധീനതയിലാക്കി. 1898-99 വര്‍ഷത്തേക്കുള്ള പാട്ട ഉടമ്പടി പ്രകാരം ഹോങ്കോങ് നിയമപരമായി ബ്രിട്ടന്റെ അധീനതയിലായി. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് 1941 ഡിസംബര്‍ ഏഴിന് ജപ്പാന് സൈന്യം ഹോങ്കോങ്ങിനെ ആക്രമിച്ചു, കീഴടക്കി. തുടര്‍ന്ന് നാല് വര്‍ഷം ഇമ്പിരിയല്‍ ജപ്പാന് സൈന്യത്തിന്റെ കിരാത ഭരണത്തിന് കീഴിലായിരുന്നു ഹോങ്കോങ്. രണ്ടാം ലോകയുദ്ധാനന്തരം ജപ്പാന് കീഴടങ്ങുകയും ഹോങ്കോങ്ങില്‍ ബ്രിട്ടീഷ് ഭരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.ചൈന വന്‍കരയിലെ രാഷ്ട്രീയം ധാരാളം രാസമാറ്റങ്ങള്‍ക്കു വിധേയമായിരുന്നു. മാവോയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തായ്വാനില് ചിയാങ് കൈഷേക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈനയും 1949ല്‍ ജന്മമെടുത്തു. അപ്പോഴും ചൈനാ വന്‍കരയുടെ ഒരറ്റത്ത് സ്വാതന്ത്ര്യത്തിന്റെ ഒരു വെളുത്ത പൊട്ടായി ബ്രിട്ടീഷ് അധിനിവേശ ഹോങ്കോങ് ഉണ്ടായിരുന്നു.
വികസനവും അധികാരമാറ്റവും
കമ്മ്യുണിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ ഇരുമ്പുമറയില്‍ ചൈനാ വന്‍കരയിലെ ജനത അലമുറയിട്ടപ്പോള്‍ തായ്വാനും ഹോങ്കോങ്ങും കുതിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ സര്വ്വതോന്മുഖമായ വികസനമാണ് ഹോങ്കോങ്ങില്‍ ഉണ്ടായത്. അംബര ചുംബികളായ കെട്ടിടങ്ങളും സാര്‍വത്രിക വിദ്യാഭ്യാസവും ഉയര്‍ന്ന ആളോഹരി വരുമാനവും കുറഞ്ഞ തൊഴിലില്ലായ്മയും ഹോങ്കോങ്ങിനെ ലോക സമ്പദ്ഘടനയുടെ മകുടമണിയാക്കി. ക്യാപിറ്റലിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ വിജയിച്ച മുഖമായി ഹോങ്കോങ് ലോക മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു.
എന്നാല്‍, കാലപ്രവാഹത്തില്‍ ഈ 99 വര്‍ഷം നന്നേ ചെറിയ ഒരു അളവാണ്. 1997 ജൂലൈ ഒന്നിന് അര്‍ധരാത്രി ബ്രിട്ടന് ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് പറന്നുനടന്ന ഒരു ജനത ഇരുമ്പുമറയുള്ള ഒരു ലോകത്തേക്ക് പോകാന്‍ വിസമ്മതിക്കുക സ്വാഭാവികം. കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ രൂപീകരിച്ച നിയമ ഉടമ്പടി പ്രകാരം ചൈനയുടെ ഭാഗമാണെങ്കിലും സ്വയംഭരണാധികാരമുള്ള ഒരു പ്രവിശ്യയാണ് ഹോങ്കോങ്. ഭരണ-സാമ്പത്തിക-നിയമ സംവിധാനങ്ങള്‍ ചൈനാ വന്‍കരയില്‍നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. ഒരുരാജ്യം രണ്ടുഭരണം എന്ന ഈ നില തുടരാനും ഹോങ്കോങ് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ അധികകാലം വകവെച്ചു കൊടുക്കാനും ചൈനയ്ക്ക് ആകുമായിരുന്നില്ല. ബ്രിട്ടനുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് 2047 വരെ തങ്ങളുടെ എല്ലാവിധ വ്യതിരിക്തതയും സംരക്ഷിക്കാന്‍ ഹോങ്കോങ്ങിന് അവകാശമുണ്ടായിരുന്നു.
മാറിയ നിയമവും ലോകവും
കൃത്യമായ ജനാധിപത്യ രീതികള്‍ ആവിഷ്കരിക്കാതെയും ജനതയില്‍ അതിനുള്ള അഭിമുഖ്യമോ ശീലങ്ങളോ വളര്‍ത്താതെയുമാണ് ബ്രിട്ടന് ഭരണമുപേക്ഷിച്ചു പോയത്. ഭരണത്തലവന്റെ പേരുതന്നെ ചീഫ് എക്സിക്യൂട്ടീവ് എന്നാണ്. വളരെ രസകരമാണ് ചീഫ് എക്സിക്യൂട്ടീവിന്റെ തെരഞ്ഞെടുപ്പ്. ബീജിങ്ങിലെ ചൈനീസ് ഏകാധിപത്യ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന 1,200 അംഗ കമ്മിറ്റിയില്‍ നടക്കുന്ന വോട്ടെടുപ്പാണ് അതിലെ ജനാധിപത്യ പ്രക്രിയ. ഹോങ്കോങ്ങിലെ സാധാരണ ജനതയ്ക്ക് അതില്‍ യാതൊരു പങ്കുമില്ല (നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇടയ്ക്കിടെ പറയാറുള്ള ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, കേന്ദ്രീകൃത ജനാധിപത്യം എന്നിവയൊക്കെ ഈ നാടകത്തിന് സമാനമാണ്).
2047 ആകുമ്പോള്‍ ചൈനയുടെ ചുവപ്പ് നിറം മങ്ങുമെന്നും ലിബറല്‍ മുതലാളിത്തത്തിനൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും വന്നേക്കുമെന്നും പല ഹോങ്കോങ്ങുകാരും വിശ്വസിച്ചിരുന്നു. എന്നാല്‍, മറുവശത്ത് സി ജിന്‍ പിങ് ഭരണകൂടം മനുഷ്യാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ചവിട്ടി അരച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ഉണ്ടായത്. അതോടൊപ്പം വികൃതിക്കുട്ടിയായി ബീജിങ് കരുതുന്ന ഹോങ്കോങ്ങിനെ മെരുക്കി തങ്ങളുടെ കാലടിയില്‍ ഒതുക്കാന്‍ 2047 വരെ, ഇനിയും 28 വര്‍ഷം കാത്തിരിക്കാന്‍ ചുവപ്പുഭീമന്‍ തയാറായിരുന്നില്ല.
കാരി ലാം എന്ന പപ്പറ്റ്അങ്ങനെയാണ് 2017ല്‍ കാരി ലാം എന്ന ചൈനീസ് പപ്പറ്റ് ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് പദവിയില്‍ എത്തുന്നത്. അവരാകട്ടെ കൃത്യമായ അജണ്ടയോടെ ഓരോ കരുവും നീക്കുകയും നിലപാടുകളില്‍ ബീജിങ്ങിലെ യജമാനനേക്കാള്‍ വലിയ ഭക്തി കാണിക്കുകയും ചെയ്തു. ആ കാരി ലാം കൊണ്ടുവന്ന പുതിയ ജനവിരുദ്ധ കരിനിയമമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് ആധാരം. ഹോങ്കോങ്ങില്‍ നിലവിലുള്ള നിയമപ്രകാരം മറ്റൊരു രാജ്യവുമായും ചൈനയുമായി പോലും കുറ്റാരോപിതരെ കൈമാറേണ്ട കാര്യമില്ല. കടുത്ത നിയമങ്ങളും രാഷ്ട്രീയ നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന ചൈനയുടെ ഭാഷയില്‍ നിരവധി ഹോങ്കോങ്ങുകാര്‍ കുറ്റവാളികളാണ്.
കാരി ലാം മുന്‍കൈയെടുത്ത് എക്സ്ട്രാഡിഷന്‍ ലോ അമെന്‍ഡ്മെന്റ് ആക്ട് കൊണ്ടുവന്നു. അതിന്‍പ്രകാരം ചൈനീസ് ഭരണകൂടം കുറ്റവാളികളായി പ്രഖ്യാപിക്കുന്ന ഹോങ്കോങ് പൗരന്മാരെ അവര്‍ ചൈനയ്ക്ക് കൈമാറും. പിന്നെ വിചാരണയും ശിക്ഷയും ഒക്കെ ചൈനയിലായിരിക്കും. ചൈനീസ് നയങ്ങളുമായി യോജിക്കാത്ത ആളുകളെ കൊലപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്ന് ഹോങ്കോങ് ജനതയ്ക്ക് മനസ്സിലാകുകയും അവര്‍ തെരുവിലിറങ്ങുകയും ചെയ്തു. ഹോങ്കോങ്ങിലെ ആകെ ജനസംഖ്യ 70 ലക്ഷമാണെങ്കില്‍ ഇരുപതു മുതല്‍ മുപ്പതു ലക്ഷം പേരുവരെ അണിനിരന്ന പ്രകടനങ്ങള്‍ നടന്നു. ഹോങ്കോങ്ങില്‍ നിലവിലുള്ള ചൈനീസ് പട്ടാളം ആ സമരക്കാരെ നിര്‍ദാക്ഷിണ്യം നേരിട്ടു. നിരവധി വെടിവെപ്പുകള്‍ ഉണ്ടായി. നിരവധിപേര്‍ക്ക് പരിക്കുപറ്റി.
എങ്കിലും പാര്‍ലമെന്റ് വളഞ്ഞ സമരക്കാര്‍ കാരിലാമിനെയും പാവ ഭരണകൂടത്തെയും ബന്ദികളാക്കി. ഒടുവില്‍ എക്സ്ട്രാഡിഷന്‍ നിയമത്തിലെ വിവാദ ഭേദഗതി ബില്‍ പിന്‍വലിക്കുവാന്‍ കാരി ലാം നിര്‍ബന്ധിതനായി. എങ്കില്‍പ്പോലും സമരക്കാര്‍ തൃപ്തരായില്ല. എപ്പോള്‍ വേണമെങ്കിലും ഇതേ നിയമം പുതിയ ലേബലില്‍ അവതരിപ്പിക്കപ്പെടാം എന്ന് ഹോങ്കോങ് ജനത ഭയക്കുന്നു. അതിലൊരു ഉറപ്പാണ് അവര്‍ക്കാവശ്യം. സമരത്തെ കാരി ലാം കലാപം എന്ന് വിളിച്ചതും, രേഖപ്പെടുത്തിയ കേസുകളില്‍ ആ വാക്ക് ഉപയോഗിച്ചതും തിരുത്തണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. ബീജിങ്ങിലെ കമ്മ്യുണിസ്റ്റ് ഏകാധിപതിയുടെ വാക്കുകള്‍ മാത്രം കേള്‍ക്കുന്ന പാവഭരണകൂടം അങ്ങനെ ഒരുറപ്പുകളും നല്കാന് തയാറായില്ല.സ്വാതന്ത്ര്യത്തെ ഭയക്കുന്ന ചുവപ്പു ഭീമനുമായുള്ള യുദ്ധത്തില്‍ പാവപ്പെട്ട ഒരു ജനത താത്കാലികമായി വിജയിച്ചിരിക്കുന്നു. എങ്കിലും ഹോങ്കോങ് യുവതയിലെ ഒരു വിഭാഗത്തിനെ ചൈനീസ് ദേശീയതയുടെ വക്താക്കളും പ്രചാരകരുമാക്കി മാറ്റിക്കൊണ്ട് ചൈന അതിന്റെ നിഴല്‍ യുദ്ധം തുടരുകയാണ്. അതോടൊപ്പം കമ്മ്യുണിസത്തിലെ സ്വാതന്ത്ര്യം ജനാധിപത്യം എന്നീ വാക്കുകള്‍ പതിരാണെന്ന് ഹോങ്കോങ്ങിലെ സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: