മാവേലിക്കര: അഞ്ച് വര്‍ഷത്തേക്ക് അവശ്യസാധങ്ങളുടെ വിലവര്‍ധന ഉണ്ടാകില്ല എന്ന് കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ഇടത് ഭരണത്തില്‍ വിലക്കയറ്റം രൂക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം അവശ്യസാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരെ വലയ്ക്കുന്നു.
കിലോയ്ക്ക് 80 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോള്‍ 100 മുതല്‍ 120 രൂപ വരെയാണ് വിപണി വില. ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില ഉയര്‍ന്നിട്ടുണ്ട്. വെളുത്തുള്ളി 200 രൂപയും ചെറിയ ഉള്ളി 130-140 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ആദ്യവാരത്തില്‍ ഉത്തരേന്ത്യയില്‍ ചില്ലറ വില്‍പ്പനയില്‍ സവാള വില നൂറ് രൂപയില്‍ എത്തിയിരുന്നെങ്കിലും കേരളത്തില്‍ 70-80 രൂപ വരെയായിരുന്നു. സവാളയ്ക്ക് പിന്നാലെ വെളിച്ചെണ്ണയ്ക്കും അരിക്കും വിലവര്‍ധിച്ചു. പച്ചത്തേങ്ങ സംഭരണവും നെല്ല് സംഭരണവും കൃത്യമായി നടക്കാത്തതാണ് കാരണം. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം വ്യാപാരത്തെ ബാധിക്കുന്നതായി പച്ചക്കറി-പലവ്യഞ്ജന വ്യാപാരികള്‍ പറയുന്നു.
ഇഞ്ചി-65, പയര്‍-75, ചേമ്പ്-65, ഏത്തയ്ക്ക-45, പാവയ്ക്ക-60, തക്കാളി-28, കൂര്‍ക്ക-55 എന്നിങ്ങനെയാണ് ചാല മാര്‍ക്കറ്റിലെ ഇന്നലത്തെ വില. 55 രൂപ വിലയുണ്ടായിരുന്ന ഇഞ്ചിയാണ് ഒരാഴ്ചകൊണ്ട് 10 രൂപ കൂടി 65ല്‍ എത്തിയത്. ഉള്ളി വിലയിലുണ്ടായ വര്‍ധന നേരിടാന്‍ കയറ്റുമതി നിയന്ത്രിച്ചത് വേണ്ടത്ര ഫലം കണ്ടില്ല. സവാള കിലോയ്ക്ക് 100 രൂപ കടന്ന പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് ഇറക്കുമതി ചെയ്യുക. നാഫെഡ് ഇത് പ്രാദേശിക മാര്ക്കറ്റുകളിലെത്തിക്കും. ഈജിപ്ത്, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഒക്ടോബറില്‍ കിലോഗ്രാമിന് അമ്പത് രൂപയായിരുന്ന സവാള വിലയാണ് തൊട്ടടുത്ത മാസം 100 രൂപയില്‍ എത്തിയത്. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് അറിയുന്നത്. ലഭ്യതക്കുറവിന് പുറമേ ട്രാന്സ്പോര്ട്ടേഷന്, ലേബര്‍ ചാര്‍ജ് എന്നിവയിലെ വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി. ഗുണനിലവാരം കുറഞ്ഞ സവാള 90-95 രൂപാ നിരക്കില്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും കിലോഗ്രാമിന് നൂറ് രൂപയാണ് സവാളയുടെ വില. വില കൂടിയത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ആന്ധ്ര, നാസിക്ക്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ഉള്ളിയെത്തുന്നതില്‍ നല്ല കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: