തിരുവനന്തപുരം: നെയ്യാറ്റിങ്കരയില്‍ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവലംഗത്തിനുള്ളില്‍ മോഷണം. 111 അടി ഉയരത്തോടെ ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ശിവലിംഗത്തിനുള്ളിലാണ് മോഷണം നടന്നത്.
സുരക്ഷാ ജീവനക്കാരന്റെ മൊബൈലും പേഴ്സുമാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുകയും സന്ദര്‍ശനത്തിന് എത്തിയയാളിനെ കണ്ടെത്തുകയും ചെയ്തു. ശിവലിംഗത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന നടപ്പാതയിലാണ് മോഷണം നടന്നത്. ഉള്ളിലേക്ക് പോയയാള്‍ പെട്ടന്ന് മടങ്ങി വരികയും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മോഷണം നടത്തുകയുമായിരുന്നു. സംഭവത്തില്‍ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എട്ട് നിലകളിലായി നിര്‍മ്മിച്ച ശിവലിംഗത്തിനുള്ളില്‍ 108 ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാലിംഗ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിനാല്‍ ഏറെ നാളായി ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. പണി പൂര്‍ത്തിയായതോടെ ഈ മാസം 10നാണ് സന്ദര്‍ശനത്തിനായി ശിവലിംഗം തുറന്ന് നല്‍കിയത്.
















