കൊല്ലം: അനിശ്ചിതകാല സമരം നടത്താനിരുന്ന സ്വകാര്യബസുകാരെ വെട്ടിലാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ തീരുമാനമെന്ന നിലയില്‍ ഗതാഗതമന്ത്രി സ്വകാര്യബസുടമകളെ അറിയിച്ച കാര്യമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വത്തെ അറിയിച്ച് ധാരണയുണ്ടാക്കാനും പരമാവധി എതിര്‍പ്പുകള്‍ ഒഴിവാക്കാനുമായിരുന്നു ഗതാഗതമന്ത്രി ഏ.കെ. ശശീന്ദ്രന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് മുന്‍നിശ്ചയിച്ച അനിശ്ചിതകാല ബസ് സമരവും ഏകദിന സൂചനാ സമരവും പിന്‍വലിച്ചത്. മുഖ്യമന്ത്രി വിദേശടൂറിന് പോകുന്ന സാഹചര്യം ബസുടമകളെ ബോധ്യപ്പെടുത്തിയാണ് സ്വന്തം നിലയില്‍ വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഡിസംബര്‍ നാലിന് മാത്രമേ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും തിരികെയെത്തൂ. ഇതിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാനുള്ള പ്രയത്നത്തിലാണ് ബസുടമകള്‍. സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിലനില്‍പ്പിനായി വിദ്യാര്‍ഥികളുടെ നിരക്കില്‍ അടക്കം ചാര്‍ജ് വര്‍ധന, കെഎസിആര്ടിസിക്കും പ്രൈവറ്റ് ബസുകള്‍ക്കും ഒരുപോലെ രക്ഷപ്പെടാനുള്ള ഗതാഗതനയരൂപീകരണം, സ്വകാര്യബസുകളെ പോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് എന്നിവയാണ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍. ഇവ മൂന്നും ഫലപ്രദമായി നടപ്പായാല്‍ തന്നെ വ്യവസായം ഒരുപരിധിവരെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് ബസുടമകളുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: