ന്യൂദല്‍ഹി: ഒരു വിഭാഗം എംഎല്‍എമാരുമായി മരുമകന് അജിത് പവാര്‍ മറുകണ്ടം ചാടിയതില്‍ എന്‍സിപിയുടെ തലമുതിര്‍ന്ന നേതാവ് ശരദ് പവാറിന് പങ്കുണ്ടോ? ഇല്ലെന്ന് വിശ്വസിക്കാനാണ് കോണ്‍ഗ്രസ്സിനും ശിവസേനയ്ക്കും താത്പര്യം. മറിച്ചാകുന്നത് ഇരുപാര്‍ട്ടികള്‍ക്കും താങ്ങാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ടാണ് വാര്‍ത്ത വന്നയുടന്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുംബൈയിലെ എന്‍സിപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ശരദ് പവാറിനൊപ്പം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പങ്കെടുത്തതും. അജിത് പവാര്‍ രാവിലെ എംഎല്‍എമാരുമായി ഗവര്‍ണറെ കാണാന്‍ പോകുമ്പോഴാണ് താന്‍ കാര്യമറിഞ്ഞതെന്നാണ് ശരദ് പവാര്‍ പ്രതികരിച്ചത്. ഇത് വിശ്വസിക്കുന്നതായും അദ്ദേഹത്തെ സംശയിക്കാന്‍ കാരണമൊന്നുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ശരദ് പവാറിനെ പുറമേക്ക് ന്യായീകരിക്കുമ്പോഴും കോണ്‍ഗ്രസിലും സേനയിലും വിഷയം പുകയുകയാണ്. തുടക്കം മുതലുള്ള പവാറിന്റെ നിലപാടിനെ സംശയത്തോടെ വിലയിരുത്തുകയാണ് പാര്‍ട്ടികള്‍. ശിവസേനയ്ക്കും കോണ്‍ഗ്രസ്സിനും നേരിട്ടുള്ള ചര്‍ച്ച അപ്രാപ്യമായിരുന്നു. പവാറാണ് നെടുംതൂണായി പ്രവര്‍ത്തിച്ചത്. എന്നാല്‍, ചര്‍ച്ചകള്‍ പരമാവധി വൈകിപ്പിച്ച് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ് പവാര്‍ ചെയ്തത്. ശിവസേനയുമായി ചേരുന്നതില്‍ കോണ്‍ഗ്രസ്സിലുണ്ടായ ആശയക്കുഴപ്പം പവാര്‍ മുതലെടുത്തു. ബിജെപിക്കും ശിവസേനയ്ക്കും ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയെ ഗവര്‍ണര്‍ ക്ഷണിച്ചപ്പോഴും കാര്യമായ ഇടപെടല്‍ നടത്താന്‍ പവാര്‍ തയാറായില്ല. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് മറ്റ് പാര്‍ട്ടികളോട് ആലോചിക്കാതെ തങ്ങള്‍ക്ക് അംഗബലമില്ലെന്ന് പവാര്‍ ഗവര്‍ണറെ അറിയിച്ചത് കോണ്‍ഗ്രസ്സിനെയും സേനയെയും ഞെട്ടിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. പവാറിനെ വിശ്വസിക്കരുതെന്ന വാദം കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടുകയും ചെയ്തു.
ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ആവര്‍ത്തിച്ച ശരദ് പവാര്‍ പിറ്റേ ദിവസം മലക്കം മറിഞ്ഞു. സോണിയാ ഗാന്ധിയുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തില്ലെന്ന് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ്സും സേനയും അമ്പരന്നു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചിട്ടും പവാര്‍ മെല്ലെപ്പോക്ക് തുടര്‍ന്നു. ശരത് പവാറിന്റെ അനുവാദത്തോടെ മറുവശത്ത് സമാന്തരമായി ബിജെപിയുമായി അജിത് ചര്‍ച്ച നടത്തിയിരുന്നുവെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും സേനയും എത്തിയിട്ടുള്ളത്.
ഇതിനിടെ പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്ചയും സംശയം വര്‍ധിപ്പിച്ചു. സഖ്യചര്‍ച്ചകള്‍ മുറുകിയിരിക്കുമ്പോള്‍, കര്‍ഷകപ്രശ്നങ്ങള്‍ ധരിപ്പിക്കുന്നതിനെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയുമായി മുക്കാല്‍ മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. കര്‍ഷകപ്രശ്നങ്ങളുമായി മുന്‍ വര്‍ഷങ്ങളില്‍ ഒരിക്കല്‍പ്പോലും ദല്‍ഹിയില്‍ വരാത്ത പവാറിന്റേത് അസാധാരണ നടപടിയായി വിലയിരുത്തിയ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കുകയും ചെയ്തു. സ്വന്തം എംപിമാരെപ്പോലും കൂടെക്കൂട്ടാതെ ഒറ്റയ്ക്ക് പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയമാണെന്നും ചതി പറ്റാന്‍ പോകുന്നുവെന്നും ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്കി. എന്‍സിപിയെ മാതൃകയാക്കണമെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും വരാന്‍ പോകുന്ന മാറ്റം മനസിലാക്കുന്നതില്‍ സോണിയ ഉള്‍പ്പെടെ പരാജയപ്പെട്ടു. 78 വയസ്സുള്ള ശരദ് പവാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് അദ്ദേഹത്തിന് അനിവാര്യമാണ്.
പരസ്പരം പോരടിക്കുന്ന മകള്‍ സുപ്രിയ സുലെയും മരുമകന് അജിത് പവാറും എളുപ്പത്തിലുള്ള തലമുറ മാറ്റത്തിന് തടസ്സമാണ്. സുപ്രിയയേക്കാള്‍ നേതൃപാടവമുള്ള അജിത് പവാറിനെ ഭരണത്തിലെത്തിച്ച് ഈ പ്രതിസന്ധി ശരദ് പവാര്‍ മറികടന്നുവെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: