മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്നതാരാണ്? രാമശേഷന് ശ്രദ്ധിച്ചു. ദമ്പതികള്‍ തന്നെ. ഒരു കുറ്റബോധത്തില്‍ എന്ന പോലെയാണ് നില്‍പ്പ്.എത്ര ആലോചിച്ചിട്ടും ആളെ തിരിച്ചറിഞ്ഞില്ല.
”പറയൂ…ഓര്‍മ്മ കിട്ടുന്നില്ല…”
അവര്‍ രാമശേഷന്റെ കാല്ക്കല് വീണു.
”പൊറുക്കണം സാമീ…”
”എന്തിന്…നിങ്ങളെന്തു തെറ്റു ചെയ്തു?”
അവര്‍ തെറ്റേറ്റു പറഞ്ഞു.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.
ഭാര്യ, ഭര്‍ത്താവ്, ചെമ്പന്‍മുടിയുള്ള ഒരു കുഞ്ഞ്. ഇവര്‍ മൂവരും ചേര്‍ന്ന് രാമശേഷനെ കാണാനെത്തി. പൊതുഫലം അറിയാന്‍ എന്ന ഭാവേന ജാതകം നീട്ടി.കാഴ്ച വീണത് ഗ്രഹങ്ങളുടെ ഒരു പ്രത്യേക സ്ഥിതിയില്‍. ഏഴില്‍ ബുധനും ശുക്രനും, ജലരാശിയായ അഞ്ചില്‍ വ്യാഴം, ചന്ദ്രാല്‍ എട്ടില്‍ മൂന്നു പാപന്മാര്…ഈ ഗ്രഹസ്ഥിതി വംശവിനാശ ലക്ഷണമാണ്. ജാതകാദേശത്തിലെ സന്താന വിചാര പ്രകരണത്തിലാണ് എന്നാണോര്‍മ്മ.
പിന്നെയെങ്ങനെ ചെമ്പന്‍മുടിയുള്ള ഈ കുഞ്ഞ്? എന്തോ ആകട്ടെ. അത് തന്റെ വിഷയമല്ലല്ലോ.
പൊതുഫലം പറഞ്ഞു. കാലക്കേടിന് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. ദക്ഷിണവെച്ച് അവരിറങ്ങും നേരം മനസ്സില്‍ പിന്നേയും കല്ലുകടി.വംശവിനാശ ലക്ഷണം.പിന്നെയെങ്ങനെ ചെമ്പന്‍മുടിയുള്ള ഈ കുഞ്ഞ്?
അച്ഛന്റേയോ അമ്മയുടേയോ സാദൃശ്യമില്ലാത്ത കുഞ്ഞ്?
”ഈ കുട്ടി…”
”അതൊരു കഥയാണ് സാമീ…”
അവര്‍ ആ കഥ പറഞ്ഞു.
വിവാഹിതരായി ഒരു ദശാബ്ദം കഴിഞ്ഞും സന്താനമുണ്ടാകാത്ത സമയം. കാണാത്ത ജ്യോത്സ്യന്മാരില്ല. ചെയ്യാത്ത വഴിപാടുകളില്ല. ദത്തെടുത്താലോ എന്നുവരെ ആലോചിച്ചു. അതും നിലനില്‍ക്കില്ലെന്ന് ഒരു ജ്യോത്സ്യന് ഉപദേശിച്ചു.
ദിവസവും വിഷ്ണുസഹസ്രനാമ ജപം, പതിനാറ് വ്യാഴാഴ്ചകളില്‍ തുടര്‍ച്ചയായി സന്താനഗോപാലകൃഷ്ണന് പാല്‍പ്പായസം നിവേദ്യം, ചെറിയ കുട്ടികള്‍ക്ക് അത് വിതരണം…ഭഗവാന്റെ കണ്ണു തുറന്നു. ഇവള് അമ്മയായി. ആണ്‍കുഞ്ഞായതിനാല്‍ കൃഷ്ണന് എന്നു പേരിട്ടു. വീട്ടില്‍ കണ്ണന് എന്നു വിളിക്കുന്നു.
”പൂര്‍വ്വജന്മാര്‍ജ്ജിതമായി താങ്കള്‍ക്ക് ലഭിച്ച പുണ്യമാണിത്,” രാമശേഷന് കുട്ടിയുടെ തലയില്‍ തടവി. ”നന്നായി വളര്‍ത്തൂ…”
അവര്‍ പോയ്മറഞ്ഞെങ്കിലും ആ ഗ്രഹസ്ഥിതി കണ്ണിലെ കരടുപോലെ നീറിക്കൊണ്ടിരുന്നു. വംശവിച്ഛേദയോഗമാണ് ഇരു ജാതകങ്ങളിലും. സന്താനനാശം പറയുന്ന രജ്ജുവിലുമാണ് നക്ഷത്രങ്ങള്‍.
ഒരു വേള ജാതകം ഗണിച്ചതിന്റെ തെറ്റാവുമോ?
ചിലപ്പോഴെല്ലാം പ്രമാണങ്ങള്‍ പിഴയ്ക്കുന്നുണ്ടല്ലോ എന്ന് രാമശേഷന് സ്വയം സമാശ്വസിച്ചു. അന്ന് വന്നുപോയ ദമ്പതികളാണ് ഇപ്പോള്‍ ക്ഷമാപണത്തോടെ കാല്ക്കല്.
”പറയൂ എന്താ കാര്യം?”
അന്ന് കൂടെ വന്നത് ഞങ്ങളുടെ കുഞ്ഞായിരുന്നില്ല എന്ന് അയാള്‍ ഒരു കരച്ചിലിന് തുടക്കമിട്ടു. വഴിയില്‍നിന്ന് വീണ് കിട്ടിയതായിരുന്നു. സ്വന്തം കുഞ്ഞാണെന്ന് കളവ് പറഞ്ഞതാണ്. എന്തിന്, എന്തിന്?
സ്വയം വിശ്വസിപ്പിക്കാനായിരുന്നുവെന്ന് അയാള്‍ ഒരു താപത്തില്‍ ഉരുകി. കുഞ്ഞില്ലാത്തതിന്റെ പേരില്‍ ഒരുപാട് അപമാനങ്ങള്‍ സഹിച്ചു. ചിലര്‍ എന്നെ ഷണ്ഡനെന്ന് വിളിച്ചു. കൊള്ളരുതാത്തവനെന്ന് മുദ്ര കുത്തി. ഒളിച്ചോടി പോയി കെട്ടിയതല്ലേ ‘അനുഭവിക്ക്’ എന്ന് ശപിച്ചു. ഭാര്യ നേരിട്ട കൊടുമകളും ചെറുതായിരുന്നില്ല. മച്ചി എന്നുവരെ പഴികേട്ടു. കുലംമുടിച്ചവള്ക്ക് കുലമുണ്ടാവില്ല എന്ന് വീട്ടുകാര്‍ വിധിച്ചു. ചുരുക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ വഴക്ക് തുടങ്ങി. മാനസികത്തകര്‍ച്ചയുടെ വക്കില്‍ വരെയെത്തി.
എങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ സമ്പാദിക്കുക എന്നതായിത്തീര്‍ന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ നാടുവിട്ടു. ഒന്നൊന്നര വര്‍ഷത്തിനുശേഷം കുഞ്ഞുമായി ഗ്രാമത്തിലെത്തി. അപമാനിച്ചവര്‍ക്ക് തക്ക മറുപടി നല്കി. ജില്ലാ ആശുപത്രിയുടെ കുപ്പത്തൊട്ടിയില്‍ ആരോ ഉപേക്ഷിച്ചതായിരുന്നു ആ കുഞ്ഞ്. അമ്മത്തൊട്ടില്‍ വഴി ഞങ്ങളത് സ്വന്തമാക്കി.
സ്വരക്തത്തില്‍ പിറക്കാത്തതുകൊണ്ട് പൊതുസമൂഹത്തിന് മുന്നില്‍ ഞങ്ങള്‍ക്ക് ഒരപകര്‍ഷത, അന്യന്റെ തീട്ടത്തില്‍ ചവുട്ടിയപോലെ ഒരു ജാള്യം… അതിനാല്‍ ഇത് ഞങ്ങള്‍ക്കുണ്ടായ സ്വന്തം കുഞ്ഞാണെന്ന് ഞങ്ങള്‍ ഞങ്ങളെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതിനായി കഥകള്‍ കെട്ടിച്ചമച്ചു. സന്താനഭാവം ഉറപ്പിച്ചു.
പൊതുഫലം അറിയാനാണ് സമീപിച്ചതെങ്കിലും സന്താനവിഷയത്തെക്കുറിച്ചാണ് താങ്കള്‍ സംസാരിച്ചത്. എരിതീയില്‍ എണ്ണയൊഴിക്കലായിരുന്നു അത്. ഞങ്ങളാവശ്യപ്പെടാതെ താങ്കളെന്തിന് ഞങ്ങളുടെ വംശവിച്ഛേദ യോഗത്തെക്കുറിച്ച് പറയണം? സത്യത്തില്‍ താങ്കളോടന്ന് കലിയാണ് തോന്നിയത്. എത്ര എടുത്തെടുത്തു ചോദിച്ചിട്ടും സത്യം നിഷേധിച്ചതും ചെമ്പന്മുടിക്കുട്ടിയെ ഞങ്ങളുടേതെന്ന് ആണയിട്ടതും അതുകൊണ്ടാണ്. ഈ കേട്ടതൊന്നും രാമശേഷന് വിശ്വസനീയമായി തോന്നിയില്ല. ഒരു കഥ കഥയ്ക്കുവേണ്ടി കെട്ടിയുണ്ടാക്കുമ്പോഴുള്ള അസ്വാഭാവികത പ്രത്യക്ഷത്തില്‍ തന്നെ അയാള്‍ക്കനുഭവപ്പെട്ടു.
”ശരി…ഇപ്പോഴത്തെ ആവശ്യമെന്തെന്ന് പറയൂ…”, രാമശേഷന് സംഭാഷണത്തിന് തുടക്കമിട്ടു.
”അവന് ഞങ്ങള്‍ ശിവ എന്നു പേരിട്ടു…തലയിലും താഴെയും വെയ്ക്കാതെ വളര്‍ത്തി… അവന്റെ ഒരു മോഹത്തിനും എതിരു നിന്നില്ല…”
”എന്നിട്ട്?” അവര്‍ നിമിഷനേരം അടക്കിക്കരഞ്ഞു.
”എന്നിട്ടും അവന് ഞങ്ങളെ വിട്ടുപോയി… എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയില്ല…ഒരു ദിവസം കാലത്തെഴുന്നേറ്റു നോക്കുമ്പോള്‍ അവനെ കാണാനില്ല…”
”വിട്ടുപോവാന്‍ അവനൊരിക്കലും നിങ്ങളുടേതായിരുന്നില്ലല്ലോ…”
രാമശേഷന്റെയുള്ളില് വംശവിനാശ ലക്ഷണത്തിന്റെ ഗ്രഹസ്ഥിതി ഒന്നു മിന്നി.
”പക്ഷേ, സ്വന്തം കുഞ്ഞിനെപ്പോലെയല്ലേ ഞങ്ങളവനെ വളര്‍ത്തിയത്?”
”നിങ്ങളുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു…”, രാമശേഷന് ആശ്വസിപ്പിച്ചു. ”ഞാന്‍ എന്തു വേണമെന്നു പറയൂ…”
”അവന് തിരിച്ചുവരുമോ എന്നറിയണം… അതിനു മുന്‍പ് അവന് ഏതു ദിക്കിലേക്കാണ് പോയത് എന്നറിയണം…”
”ദിക്കുകള്‍ എങ്ങനെയാണ് സാര്‍ കണ്ടുപിടിക്കുക?”
പ്രാരംഭകരുടെ ക്ലാസ്സ്. ക്ലാസ്സിലെ എന്നത്തേയും സംശയാലു രവികുമാറിന്റേതാണ് ചോദ്യം.
മേട ചിങ്ങ ധനു -കിഴക്ക്
ഇടവ കന്നി മകരം -തെക്ക്
മിഥുന തുലാം കുംഭം – പടിഞ്ഞാറ്
കര്‍ക്കി വൃശ്ചിക മീനം -വടക്ക്
ഇതാണ് രാശിക്ക് പറഞ്ഞിട്ടുള്ള ദിക്കുകള്‍.
പ്രശ്നം വെച്ചപ്പോള്‍ ആരൂഢം അധോമുഖരാശി. ചെമ്പന്മുടിച്ചെക്കന് പടിഞ്ഞാട്ടു സഞ്ചരിച്ചതായി രാശി പറയുന്നു.
”പടിഞ്ഞാറ് എത്ര ദൂരം?”
ചരരാശിയെങ്കില്‍ ദൂരെ പടിഞ്ഞാറ്.
സ്ഥിരരാശിയെങ്കില്‍ സമീപ പടിഞ്ഞാറ്.
ഉഭയരാശിയെങ്കില് മധ്യമദൂരം. ഇവിടെ ചരമാണ്. അതിനാല്‍ മുംബൈ ഭാഗത്തേക്കായിരിക്കുമെന്ന് അവര്‍ ഉറപ്പിച്ചു.
”അവന് തിരിച്ചുവരുമോ സ്വാമീ?”
”ആ ചോദ്യത്തിന് ഇനിയെന്തു പ്രസക്തി?” രാമശേഷന് എഴുന്നേറ്റു. ”നിങ്ങള്‍ വാശിക്ക് വളര്‍ത്തിയതല്ലേ അവനെ? യഥാര്‍ത്ഥ സ്നേഹം കൊടുത്തുവോ? നിങ്ങളുടെ കൂടെ നില്‍ക്കണം എന്നു തോന്നിയിരുന്നുവെങ്കില്‍ അവന് പോകുമായിരുന്നോ?”
അവര്‍ക്ക് അതിന് മറുപടിയുണ്ടായിരുന്നില്ല. മുഖമുയര്‍ത്താതെ അവരെഴുന്നേറ്റു.
”അവന് ജീവിതത്തിലേക്ക് വരും മുന്‍പ് എങ്ങനെ ജീവിച്ചുവോ അങ്ങനെത്തന്നെ ജീവിക്കൂ, ഇനിയുള്ള കാലം…”
രാമശേഷന് കവിടി കിഴി കെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: