മുംബൈ: മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് സവിശേഷാധികാരം. സര്‍ക്കാര്‍ രൂപീകരണം വൈകിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇത് പിന്‍വലിച്ചത് . ഭരണഘടന പ്രധാനമന്ത്രിയ്‌ക്ക് നിഷ്‌ക്കര്‍ഷിച്ച് നല്‍കിയിരിക്കുന്ന സവിശേഷാധികാരമാണ് ഇതിനായി ഉപയോഗിച്ചത് . ഇതനുസരിച്ച് രാഷ്‌ട്രപതി ഭരണം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി രാഷ്‌ട്രപതിക്ക് ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും.
അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം. പുലര്‍ച്ചെ 5.47നാണ് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. ഇതിനു ശേഷമാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.
മഹാരാഷ്‌ട്രയില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളെ പറ്റിപ്പോലും ആലോചിച്ച ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസും ശിവസേനയും പറഞ്ഞത് . ആ ഉറപ്പോടെയാണ് നേതാക്കള്‍ വീടുകളിലേയ്‌ക്ക് മടങ്ങിയതും. പിന്നീട് രാജ്യം കാണുന്നത് അപ്രതീക്ഷിത രാഷ്‌ട്രീയ നീക്കമാണ് രാവിലെ എട്ട് മണിക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാംവട്ടം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു.
എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ പോലും വിവരമറിയുന്നത്. അതിലും ഞെട്ടലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പേര് കേട്ടപ്പോള്‍, കഴിഞ്ഞ രാത്രി വരെ ഒപ്പമുണ്ടായിരുന്ന അജിത് പവാര്‍.
സത്യപ്രതിജ്ഞ കഴിഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും അമിത് ഷായും ട്വീറ്റുചെയ്തു. സ്വതന്ത്രരടക്കം 161 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.
















