ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തക്കാളി വിലവര്‍ധനവിനെതിരായ നവവധുവിന്റെ വ്യത്യസ്ത പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇവിടെ തക്കാളിയുടെ വില കിലോയ്‌ക്ക് 400 രൂപ കടന്നു. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് നവവധു തക്കാളികൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചാണ് വിവാഹ പന്തലിലെത്തിയത്. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില നിയന്ത്രിക്കാനാകാതെ നോക്കുകുത്തിയായി കണ്ടുനില്‍ക്കുന്ന ഇമ്രാ
സര്‍ക്കാരിനെതിരെയുള്ള തന്റെ പ്രതിഷേധമാണിതെന്നു വിവാഹവേദിയില്‍ തക്കാളി ആഭരണങ്ങള്‍ ധരിച്ചെത്തിയ വധു പറയുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം പാക്കിസ്ഥാനില്‍ വൈറലായിരിക്കുകയാണ്.
ട്വിറ്ററിലൂടെ പാക്ക് മാധ്യമപ്രവര്‍ത്തകയായ നൈല ഇനായത് ആണ് രസകരമായ വിവാഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വധുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. വധു അണിഞ്ഞിരിക്കുന്ന നെറ്റിച്ചുട്ടിയും കമ്മലും വളയും മാലയുമെല്ലാം തക്കാളി നിര്‍മിതമാണ്. പാക്കിസ്ഥാനില്‍ വധുവരന്‍മാര്‍ക്ക് വിവാഹത്തിനു സ്വര്‍ണം ധരിക്കാമെന്ന് സ്വപ്‌നംപോലും കാണാന്‍ സാധിക്കാത്ത വിധം വില കുതിച്ചുയര്‍ന്നിട്ടുണ്ട്. വധുവിനു ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങളും ഭക്ഷ്യവസ്തുക്കളാണ്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും താളംതെറ്റിയ കാര്‍ഷികവ്യവസ്ഥയുമെല്ലാം കൊണ്ട് ജനങ്ങള്‍ നട്ടം തിരിയുകയാണ്.
തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇറാനില്‍ നിന്നും തക്കാളി ഇറക്കുമതി ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 4500 ടണ്ണിന്റെ സ്ഥാനത്ത് 989 ടണ്‍ മാത്രമാണ് കൊണ്ടുവരാന്‍ കഴിഞ്ഞത്. കഴിഞ്ഞമാസം ഒരു കിലോ തക്കാളിയുടെ വില 117 രൂപയായിരുന്നു. വിളവെടുപ്പു കുറഞ്ഞതുള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെ വില ഇത്രയും ഉയര്‍ന്നത്. കൂടാതെ ഇറക്കുമതി നിയന്ത്രണങ്ങളാണ് തക്കാളി ക്ഷാമത്തെ രൂക്ഷമാക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെയ്യാന്‍ അവസരം നല്‍കുന്നതിനു പകരം ചുരുക്കം ചിലര്‍ക്കുമാത്രമാണ് തക്കാളി ഇറക്കുമതി ചെയ്യാനുള്ള അവസരം കൊടുത്തിരിക്കുന്നത്. ഇതാണ് വ്യാപാരികളെ പ്രധാനമായും കഷ്ടത്തിലാക്കുന്നത്.
















