തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ സെല്‍ മേധാവി ഡോ. വിനോദ് ചന്ദ്രനെ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഡ് ചെയ്തു. സോഫ്റ്റ്‌വെയര്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും അത് പരിശോധിക്കാത്തതിനാണ് നടപടി. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ സി ഡാക്കിനെകൊണ്ട് പരിശോധിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 2016 മുതല്‍ കേരള സര്‍വ്വകലാശാല നടത്തിയ 16 പരീക്ഷകളുടെ മോഡറേഷന്‍ മാര്‍ക്കാണ് തിരുത്തിയത്. പരീക്ഷാ ചുമതലയുണ്ടായിരുന്നു ഡെപ്യൂട്ടി രജിസ്ട്രാറുടെ രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് സോഫ്റ്റ്‌വെയറില്‍ കയറി മാര്‍ക്കുകള്‍ തിരുത്തി എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാം സോഫ്റ്റ് വെയറിന്റെ പിഴവെന്നാണ് പ്രോ വൈസ് ചാന്‍സലറുടെ നേത്യത്വത്തില്‍ നടന്ന സാങ്കേതിക വിദഗ്ധരുടെ കണ്ടെത്തല്‍.
സോഫ്റ്റ്‌വെയറിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാണ് കമ്പ്യൂട്ടര്‍ സെല്‍ മേധാവി ഡോ. വിനോദ് ചന്ദ്രനെ സസ്‌പെന്റ് ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സിന്‍ഡിക്കേറ്റ് തീരുമാനം. പരീക്ഷാ ചുമതലയുള്ളവര്‍ സ്ഥലം മാറുകയോ വിരമിക്കുകയോ ചെയ്താല്‍ പാസ്‌വേഡുകള്‍ നശിപ്പിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തില്‍ കമ്പ്യൂട്ടര്‍ സെല്ലിന് വീഴ്ചപറ്റിയെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിലയിരുത്തല്‍.
പാസ്‌വേഡ് ഉപയോഗിച്ചതില്‍ വീഴ്ച സംഭവിച്ചതായി കേരള യൂണിവേഴ്സ്റ്റി വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള സമ്മതിച്ചു. 390 കുട്ടികള്‍ക്കാണ് മാര്‍ക്ക് കൂടിയത്. പിവിസിയുടെ നേത്യത്വത്തില്‍ അന്വേഷണം തുടരും. സുരക്ഷ കൂട്ടാന്‍ സിഡാക്കിനോട് ആവശ്യപ്പെട്ടു. നിലവിലെ പാസ് വേഡുകള്‍ റദ്ദാക്കും. സോഫ്റ്റ് വെയര്‍ അപ്‌ലോഡ് ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മാര്‍ക്ക് ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ അന്വേഷണം വേണമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കമ്പ്യൂട്ടറുകള്‍ സൈബര്‍ ഫോറന്‍സിലേയ്‌ക്ക് പരിശോധനയ്‌ക്ക് അയയ്‌ക്കണമെങ്കിലും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുംകേസ് എടുക്കണമെന്നാണ് അന്വേഷണ സംഘം കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. സോഫ്റ്റ് വെയറിലെ പിഴവ് തള്ളിക്കളയാനാകില്ലെന്നും പോലീസ് പറയുന്നു.
















