ദുബായ്: നൃത്തവും സംഗീതവും ഹാസ്യവിരുന്നും ഇഴചേരുന്ന മെഗാ ഇവന്റിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളും സിനിമയില്‍ എത്തിയതിന്റെ നാൽപ്പത്തിയൊന്നാം വാര്‍ഷികം മെഗാ ഷോ ആയി മാറ്റുന്ന വേറിട്ട ചലച്ചിത്ര മാമാങ്കം. മൈതാനിയും പടുകൂറ്റൻ സ്റ്റേജും നടൻ മോഹൻലാൽ സന്ദർശിച്ചു. 30 മീറ്റര്‍ നീളത്തിലുള്ള, അത്യാധുനിക ദൃശ്യ, സാങ്കേതിക വിദ്യകൾ സമ്മേളിക്കുന്ന വേദിയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഈ വെള്ളിയാഴ്ച, നവംബർ 22 വൈകിട്ട് ദുബായ് മുഹൈസിനിയയിലെ ഇത്തിസലാത്ത് അക്കാദമി മൈതാനിയിൽ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ 41 വർഷങ്ങളിലെ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനും അപൂർവ്വ വിരുന്നിനായി എത്തും. അഘോഷങ്ങളുടെ പരിശീലനങ്ങള്‍ ദുബായിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറാണ് കലാവിരുന്ന് അണിയിച്ചൊരുക്കുന്നത്.
ചലച്ചിത്ര നടി ആശാ ശരത്തിന്റെ നൃത്ത വിദ്യാലയത്തിലും എത്തിസാത്ത് അക്കാദമിയിലുമായി നൃത്ത പരിശീലനം പൂര്‍ത്തിയായി. 111 നര്‍ത്തകര്‍ നൃത്താവിഷ്ക്കാരം നടത്തുന്ന പരിപാടിയില്‍ ആശ ശരത്, ഷംന കാസിം, ദുര്‍ഗകൃഷ്ണ, സ്വാസിക, വിഷ്ണുപ്രിയ, അര്‍ജുന്‍ലാല്‍ എന്നിവരും നൃത്തം ചവിട്ടും. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്, ജ്യോത്സ്ന എന്നിവര്‍ സംഗീത മഴ പെയ്യിക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പാടും. ബിനുമോന്, നോബി, നെല്‍സണ്‍, അനിഷ് തോമസ്, ലാല്‍ ബാബു എന്നിവര്‍ ഹാസ്യ പരിപാടിയുമായി കയ്യടി വാങ്ങാനെത്തും.
മോഹന്‍ലാല്‍, പ്രിയദര്‍ന്‍, ജി.സുരേഷ്കുമാര്‍, അശോക് കുമാര്‍, മണിയന് പിള്ള രാജു, എസ്.കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍ എന്നീ സുഹൃത്തുക്കള്‍ കുടുംബസമേതം പങ്കെടുക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. ഇവരുടെ സിനിമകളെ കൂട്ടിയിണക്കി ടി.കെ രാജീവ് കുമാര്‍ ഒരുക്കുന്ന അഞ്ചു മണിക്കൂര്‍ നീളുന്ന സംഗീത നൃത്ത തമാശ മെഗാ ഷോ കൂട്ടുകാര്‍ ഒരിമിച്ചിരുന്ന് കാണും. വ്യത്യസ്തമായ അവതരണരീതിയാണ് പരിപാടിക്ക് ആവിഷ്ക്കരിച്ചിരിക്കുന്നത്.
താരമക്കളായ കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, നിരഞ്ജന് രാജു, കുഞ്ഞുണ്ണി എസ് കുമാര്‍, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്ത്ഥന് പ്രിയദര്ശന്, രേവതി സുരേഷ് എന്നിവര്‍ ഒന്നിച്ചെത്തും. കുമ്മനം രാജശേഖരന്, ഇന്നസെന്റ്, നെടുമുടി വേണു, കെ.ബി ഗണേഷ് കുമാര്‍, ശങ്കര്‍, മേനക എന്നിവരുടെ പരിപാടിയുടെ പ്രൗഡി കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: