ലോക സിനിമാ ചരിത്രത്തിൽ വിസ്മയമാകാത്ത സംഭവങ്ങൾ നിരവധിയുണ്ട്. എന്നാൽ ഒരു മഹാനടനും 41 വർഷത്തെ കൂട്ടായ്മയും ആഘോഷമാക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. കണ്ടാലും കണ്ടാലും മടുപ്പം ഉളവാക്കാത്തത് കടലാണെന്നത് പാഴ്വാക്കല്ല. അതിനോടൊപ്പമോ അതിലധികമോ ആണ് മോഹൻലാൽ എന്ന ലാലേട്ടനെപ്പറ്റിയുള്ള വിശേഷണം. കണ്ടാലും കണ്ടാലും മതിവരാത്ത താരശോഭ.
മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞ ലാലേട്ടൻ ലോക സിനിമാ പ്രേമികളുടെ ആരാധ്യതാരമാണ്. ഒപ്പത്തിനൊപ്പമെന്നപോലെ പ്രിയദർശൻ എന്ന സംവിധായകനും നിർമാതാവ് ജി.സുരേഷ്കുമാറുമുണ്ട്. അതത് മേഖലയിൽ ബദലില്ലാത്ത വ്യക്തിത്വം. പ്രിയദർശൻ-മോഹൻലാൽ കൂട്ടായ്മയിൽ പിറന്നത് 29 സിനിമകൾ. ഒന്നിനൊന്ന് മികച്ചത്. മോഹൻലാലിനെ നോക്കി ആദ്യം സ്റ്റാർട്ട് പറഞ്ഞ സംവിധായകൻ അശോക് കുമാർ, മുഖത്ത് ചായം തേച്ച മണിയൻപിള്ള രാജു. 41 വർഷമായി തുടരുന്ന സൗഹൃദത്തിൽ അണിചേർന്നവരും നിരവധി. പഠനത്തിലും കളിയിലും കലഹത്തിലും കലയിലും പിരിയാത്ത സൻമനസ് തെളിയിച്ചവരും ഒരുമിച്ച്. അവരെയും കുടുംബത്തെയും ഒരു വേദിയിൽ അണിനിരത്തുകയാണ് മലയാളത്തിന്റെ മഹാസത്യമായ ‘ജന്മഭുമി’. മലയാളത്തിന്റെ വാനമ്പാടി ചിത്ര, സംഗീത കുടുംബത്തിലെ ഗന്ധർവൻ എം.ജി ശ്രീകുമാർ അങ്ങനെ ഒട്ടനവധി പേർ. മോഹൻലാലിന്റെ കൂട്ടുകാരുടെയും കലാ ചരിത്രത്തിന്റെ ഒരു വയസ് മൂപ്പേ ‘ജന്മഭൂമി’ എന്ന പ്രഭാത ദിനപത്രത്തിനുള്ളൂ. എന്നിട്ടും മോഹൻലാലിന്റെയും കൂട്ടുകാരുടെയും സംഭവ ബഹുലമായ കലാജീവിതത്തിന്റെ ഏടുകളിൽ ഒന്നൊന്നായി വെളിച്ചം വീശാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
താരവിസ്മയങ്ങളുടെ സന്തതി പരമ്പരയും അവരുടെ സ്വന്തക്കാരും ബന്ധുക്കളുമെല്ലാം ഒത്തൊരുമിക്കുന്ന കാഴ്ച ആർക്കും ആഹ്ലാദം പകരുമെന്നതിൽ സംശയമില്ല. ലാലേട്ടന്റെ മകനും നടനുമായ പ്രണവ്, ജി.സുരേഷിന്റെ ധർമ്മപത്നിയും നടിയുമായ മേനക. ഇവരുടെ മകളും തെന്നിന്ത്യയിൽ താരറാണിയായി മാറിയ കീർത്തി തുടങ്ങി കുടുംബങ്ങളുടെയും കൂട്ടായ്മ. ഒപ്പമുണ്ട് നടനും എംഎൽഎയുമായ ഗണേഷ് കുമാർ,മലയാളത്തിന്റെ മഹാനടി മഞ്ജു വാര്യർ,ഇവർക്കെല്ലാം അനുഗ്രഹം പകരാൻ മലയാള നാടക, സിനിമാ രംഗത്തെ പെരുന്തച്ഛന്മാരായ നെടുമുടി വേണു, ഇന്നസെന്റ്. ആഘോഷങ്ങൾക്ക് ചിട്ടവട്ടങ്ങൾ ഒരുക്കി സംവിധായകൻ ടി.കെ രാജീവ് കുമാർ അവർക്കൊപ്പം ജന്മഭൂമിയുടെ പിതൃതുല്യനായ മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ഇതിനെല്ലാം ഉപരി ചരിത്രത്തിലില്ലാത്ത കൂട്ടായ്മ സംഘടിപ്പിക്കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തത് ജന്മഭൂമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളായ പ്രവാസി മലയാളികളാണ്. ദുബായ് എന്ന മണലാരണ്യത്തെ സ്വർഗഭൂമിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവർ, രാപ്പകലില്ലാതെ ആഴ്ചകൾ പങ്കുവഹിച്ചതിന്റെ നേർ കാഴ്ചയാണ് ഈ സായം സന്ധ്യ. അവർക്കെല്ലാം ബിഗ് സല്യൂട്ട് നൽകുകയാണ് ജന്മഭൂമി കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: