തൃശൂര്‍: മാവോയിസ്റ്റുകളെ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ പിന്തുണയ്‌ക്കുന്നുവെന്ന പി. മോഹനന്റെ പ്രസ്താവന വിവാദമാകുമ്പോള്‍ പലരുടേയും ഓര്‍മയിലെത്തുന്നത് സമി അഹമ്മദ് ഖാന്റെ റെഡ്ജിഹാദ് എന്ന പുസ്തകം. ഇസ്ലാമിക തീവ്രവാദവും മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് തീവ്രവാദവും തമ്മിലുള്ള സഖ്യത്തെ തുറന്നുകാണിക്കുന്നതാണ് അഹമ്മദ് ഖാന്റെ രചന.
2012ല്‍ പുറത്തിറങ്ങിയ പുസ്തകം ഏഴു വര്‍ഷമായി ആമസോണിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണ്. ദക്ഷിണേഷ്യയില്‍ ആധിപത്യം ലക്ഷ്യമിട്ട് ഇസ്ലാമിക് ഗ്രൂപ്പുകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളാണ് ഖാന്‍ പ്രമേയമാക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാര്യമാണ് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ കഴിഞ്ഞദിവസം വിളിച്ചു പറഞ്ഞത്.
ചൈനയുടേയും പാകിസ്ഥാന്റെയും പിന്തുണയോടെ ദക്ഷിണേഷ്യയില്‍ കലാപം സൃഷ്ടിക്കാനും ആധിപത്യം ഉറപ്പിക്കാനും മാവോയിസ്റ്റ് – ജിഹാദി കൂട്ടുകെട്ട് ശ്രമിക്കുന്നതായാണ് സമി അഹമ്മദ് ഖാന്‍ നിരീക്ഷിക്കുന്നത്.
ഇവരുടെ മുന്നിലെ പ്രധാന തടസ്സവും ശത്രുവും ഇന്ത്യന്‍ സേനയും ഇവിടുത്തെ ശക്തമായ ജനാധിപത്യഭരണകൂടവുമാണ്. ഇവയെ ദുര്‍ബ്ബലമാക്കാന്‍ മാവോയിസ്റ്റ് ജിഹാദി കൂട്ടുകെട്ട് നടത്തുന്ന ശ്രമങ്ങളാണ് അഹമ്മദ്ഖാന്‍ വിവരിക്കുന്നത്. പി. മോഹനന്‍ പറയുന്നതുപോലെ കോഴിക്കോടോ കേരളത്തിലോ മാത്രം ഒതുങ്ങുന്നതല്ല ഈ കൂട്ടുകെട്ടെന്നും അതിന് ആഗോള മാനം തന്നെയുണ്ടെന്നും ഈ പുസ്തകത്തിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു. നിരവധി പുരസ്‌കാരങ്ങളും ഇതിനകം റെഡ് ജിഹാദ് നേടിക്കഴിഞ്ഞു. കേരളം ഈ കൂട്ടുകെട്ടിന് വളക്കൂറുള്ള മണ്ണാണെന്ന് ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐ.എസ് ഭീകരപ്രവര്‍ത്തനത്തിന് യുവാക്കള്‍ പോകുന്നുണ്ടെന്ന് മിലിട്ടറി ഇന്റലിജന്‍സ് 2014ല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂരിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നിന്നാണ് ഈ റിക്രൂട്ട്‌മെന്റുകള്‍ അധികവുമെന്ന് പിന്നീട് കണ്ടെത്തി.
പിടിയിലായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റവിട നസീറിന്റെ പ്രവര്‍ത്തന കേന്ദ്രവും കണ്ണൂരായിരുന്നു. കേരളവും തമിഴ്‌നാടും ശ്രീലങ്കയും കേന്ദ്രമാക്കിയാണ് റെഡ് ജിഹാദ് ഭീകരത ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സമി അഹമ്മദ്ഖാന്റെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: