തിരുവനന്തപുരം: അതുല്യ പ്രതിഭയുള്ള സംവിധായകര്‍ക്ക് വേണ്ടത്ര പ്രാധാന്യവും സ്ഥാനവും നല്‍കുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. മൂല്യരഹിത സിനിമകള്‍ നിര്‍മ്മിക്കുന്നവരെ പ്രീതിപ്പെടുത്താനായി പ്രതിഭയുള്ള സംവിധായക്കൊപ്പം പരിഗണിക്കുകയാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രതിഭാസം. മുഖ്യധാരാ സിനിമകള്‍ക്ക് ചലച്ചിത്രമേളകളില്‍ എന്താണ് പങ്കെന്ന് മനസിലാകുന്നില്ല. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ചതിനെ ലോകത്തിനു മുന്നില്‍ കാണിക്കുക എന്ന ആശയത്തിന് നേര്‍വിപരീതമാണ് ഈ പ്രവണത.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍, വിട്ടുവീഴ്ചകള്‍ ചെയ്യാത്ത, സ്വതസിദ്ധമായ ആഖ്യാനശൈലിയുള്ളചിത്രങ്ങള് ആയിരിക്കണം. പക്ഷേ അടുത്ത കാലത്തായി ഈ തത്വത്തില്‍ വെള്ളം ചേര്‍ത്തു കൊണ്ട്, കച്ചവട സിനിമകള്‍ കുത്തികയറ്റുന്ന പ്രവണത കൂടുന്നതായി കാണാമെന്നും അടൂര്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ് അദേഹം ഈ പ്രതികരണം നടത്തിയത്.
നേരത്തെ, ഈ ഫിലിം ഫെസ്റ്റിവലിലേക്ക് വിളിക്കാത്തതിന് അടൂര്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്രമേളയുടെ അമ്പതാം വാര്‍ഷിക വേളയില്‍ അമിതാഭ് ബച്ചനും രജനീകാന്തിനേയുമാണ് സംഘാടകര്‍ ക്ഷണിച്ചിട്ടുള്ളത്. താന്‍ അവര്‍ക്ക് അസ്വീകാര്യനും അനഭിമതനുമാണെന്ന് അടൂര്‍ അറിയിച്ചു. സ്വകാര്യ മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സിനിമയെക്കുറിച്ച് എന്തറിയാം. താന്‍ ആരുടേയും പിടിയില്‍ നില്‍ക്കുന്നയാളല്ല. സ്വാധീനത്തിലും വഴങ്ങുകയില്ല. സ്വന്തം കാലിലാണ് താന്‍ നില്‍ക്കുന്നത്.
ചടങ്ങിലേക്ക് വിളിക്കാത്തതില്‍ തനിക്കൊരു നഷ്ടവുമില്ല. അവര്‍ക്കാണ് നഷ്ടം. നമ്മളൊക്കെ ചേര്‍ന്നുണ്ടാക്കിയ ഫെസ്റ്റിവലാണല്ലോ അത്. മുമ്പ് മേള മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സംഘാടകര്‍ ഒരു യോഗം വിളിച്ചിരുന്നു. മുംബൈയില്‍ വച്ചുകൂടിയ ആ യോഗത്തില്‍ താന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളാണ് ഇഫിയില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിട്ടുള്ള പലകാര്യങ്ങളും. മേളയ്ക്ക് അന്തര്‍ദ്ദേശീയ പരിവേഷം വേണമെന്നും സമ്മാനത്തുക ഉയര്‍ത്തണമെന്നതുമൊക്കെ തന്റെ നിര്‍ദ്ദേശങ്ങളാണ്. ഐഎഫ്എഫ്എഫ്കെ യില്‍ താന്‍ നടപ്പിലാക്കിയ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: