ന്യൂദല്‍ഹി: ആഭ്യന്തര സുരക്ഷയാണ് പ്രധാന്യമെന്നും അതിനാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ഭാരതം മുഴുവന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയില്‍ പ്രസംഗിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കും. രജിസ്റ്ററിന് മതത്തിന്റെ പേരില്‍ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവായവര്‍ക്ക് നിയമപരമായി ട്രിബ്യൂണലിനെ സമീപിക്കാം. ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ആരേയും ഒഴിവാക്കാനല്ല എല്ലാ ഇന്ത്യന്‍ പൗരന്മാരേയും രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനാണെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കുറഞ്ഞതായി ലോകസഭയില അമത് ഷാ ഇന്നു വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പുമായി എത്തിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിയായിരുന്നെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സൈന്യത്തിനു നേരെ ഇതിനു മുമ്പ് 2700 തവണ കല്ലെറിയല്‍ ഉണ്ടായിട്ടുള്ളത് 550 ആയി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളിലെ ഹാജര്‍ നിലയും വര്‍ധിപ്പിക്കാനായിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചാം തീയതി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് ശേഷം സൈന്യത്തിന് നേര്‍ക്ക് കല്ലെറിയുന്ന സംഭവങ്ങള്‍ 190 എണ്ണം മാത്രമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 765 പേര്‍ അറസ്റ്റിലായെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. ജനുവരി മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവില്‍ സമാനമായ 361 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ്- ഒക്ടോബര്‍ കാലയളവില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും 950 തവണ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. കരുതല്‍ തടവുകളും അറസ്റ്റുകളും കൃത്യമായി രേഖപ്പെടുത്തപ്പെടാറുണ്ടെന്നും അതിന്റെ ഫലമായി ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ കല്ലെറിയല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ വിഘടനവാദികളും, ഹുറീയത്ത് നേതാക്കളാണെന്നും ദേശ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനുമായി 18 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതായും റെഡ്ഡി ലോക്സഭയില്‍ അറിയിച്ചു.
















