രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ബന്ധമാണ് ഭാരതത്തിന് ശ്രീലങ്കയുമായി ഉള്ളത്. അതുകൊണ്ടുതന്നെ ശ്രീലങ്കയിലെ ഭരണമാറ്റം ഭാരതത്തിന്റെ താല്പര്യങ്ങളെ എങ്ങനെ ബാധിക്കും എന്ന വിഷയം ചര്‍ച്ചയാകേണ്ടതുണ്ട്. പുതിയ സാഹചര്യം ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും പ്രയോജനപ്രദമാം വിധത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് ഭാരതം എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവവും ആകണം. ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്എല്‍പിപി)യുടെ സ്ഥാനാര്‍ത്ഥി ഗോദഭയ രാജപക്ഷെയെ അമ്പത്തിരണ്ടു ശതമാനത്തിനപ്പുറം വോട്ടുകള്‍ക്കാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ മാനവസമൂഹം പ്രതിരോധത്തിന് തയ്യാറാകുന്നതിന്റെ ദൃഢനിശ്ചയത്തിലേക്കാണ് ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. ഇരുപത്തിയഞ്ചു വര്‍ഷത്തിലധികം ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത ഫലങ്ങള്‍ നേരിട്ട്, നിരപരാധികളുടെ ജീവനും സ്വത്തും സ്വന്തം രാഷ്ട്രത്തിന്റെ നിലനില്‍പ്പും എല്ലാം തകര്‍ന്നടിയുന്നതു കണ്ട് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ദാഹിച്ച ശ്രീലങ്കന്‍ ജനസമൂഹത്തിന് ചരിത്രം സമ്മാനിച്ച വിട്ടുവീഴ്ചയില്ലാത്ത ഭരണാധിപനായിരുന്നു, മഹിന്ദ രാജപക്ഷെ. അന്ന് അദ്ദേഹത്തോടൊപ്പം നിന്ന സഹോദരനും പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഗോദഭയയെ, ശ്രീലങ്കന്‍ പ്രത്യാക്രമണത്തിന്റെ പോര്‍മുഖം നയിക്കുകയും നിയന്ത്രിക്കുകയും വിജയിപ്പിക്കുകയും ചെയ്ത ധീരപോരാളിയായാണ് സിംഹളദേശം ഓര്‍ക്കുന്നത്.
രാജപക്ഷെ സഹോദരന്മാരുടെ പ്രത്യാക്രമണത്തിന്റെ രീതിശാസ്ത്രം വിഘടനവാദികളുടെ ഭീകരതയ്ക്കെതിരെ ഭരണകൂട പ്രഹരശക്തിയെ കയറൂരിവിട്ട് ക്രൂരതയുടെ നഗ്നതാണ്ഡവത്തിന് ഇടവരുത്തിയെന്നതും ശ്രീലങ്കന്‍ ജനത തിരിച്ചറിയാതിരുന്നില്ല. ലോകം മൊത്തം കണ്ട മനുഷ്യാവകാശ ലംഘനങ്ങള്‍ തിരിച്ചറിയാനുള്ള പക്വത ശ്രീലങ്കന്‍ ജനാധിപത്യവും ഉള്ക്കൊണ്ടിട്ടുമുണ്ടാകണം. അതോടൊപ്പം ആഭ്യന്തര യുദ്ധം അടിച്ചമര്‍ത്തിയതോടെ രാജപക്ഷെ ഭരണം പൂര്ണ്ണാധിപത്യത്തിന്റെ ദുരന്തഫലമായ അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പടെയുള്ള തെറ്റുകളുടെ വഴിയിലൂടെ നീങ്ങുന്നൂയെന്നു കണ്ട ജനം ഭരണമാറ്റത്തിനു തീരുമാനമെടുത്തു.
അങ്ങനെ ഒരിക്കല്‍ ഒഴിവാക്കിയ ഭരണം വീണ്ടും തിരിച്ചു കൊണ്ടുവരുവാന്‍ സിംഹളഭൂരിപക്ഷത്തേ പ്രകോപിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്ത ഘടകമെന്താണെന്ന് അന്വേഷിച്ചാല്‍ സ്വാഭാവികമായും ചെന്നെത്തുന്നത് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നിരവധി വിശ്വാസികളെ ഇല്ലാതാക്കിയ ഇസ്ലാമിക ഭീകരവാദത്തിന്റെ കൊടുംക്രൂരതയിലേക്കാണ്. ലോകമനസ്സാക്ഷിയെ മരവിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ആ മതമൗലികവാദികള്‍ ഭീകരവാദത്തിന്റെ പുതിയ മേച്ചില്‍പ്പുറമായി ശ്രീലങ്കയെ മാറ്റിയേക്കുമെന്ന യാഥാര്‍ത്ഥ്യം സിംഹളര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് മരണം വിതയ്ക്കാന്‍ ഒരുങ്ങിയിറങ്ങും മുമ്പേ ആക്രമണകാരികളെ വകവരുത്താന്‍ കരളുറപ്പുമുണ്ടെന്ന് തെളിയിച്ചിട്ടുള്ള രാജപക്ഷെ സഹോദരന്മാരെ ഭരണത്തിലേക്കു തിരിച്ചുകൊണ്ടുവരികയെന്ന തീരുമാനത്തിലേക്ക് ശ്രീലങ്കന്‍ ജനാധിപത്യം എത്തിച്ചേര്‍ന്നതും. ഗോദഭയ രാഷ്ട്രപതിയായ സ്ഥിതിക്ക് മഹിന്ദ പ്രധാനമന്ത്രിയാകുമെന്നാണ് അവിടെ നിന്നു ലഭിക്കുന്ന സൂചനകള്‍.
ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇല്ലായ്മ ചെയ്യുന്നതിന് ശ്രീലങ്കന്‍ ജനത നിശ്ചയിച്ചത് ഭീകരവാദത്തിനെതിരെ ലോകത്തെ ഒന്നിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുന്ന ഭാരതത്തിന് തീര്‍ച്ചയായും പുതിയ സാധ്യതകള്‍ക്ക് വഴി ഒരുക്കും. ആ അവസരം ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി പാഴാക്കുന്നതിനിട വരുത്തില്ലെന്നത് പ്രതീക്ഷ നല്കുന്നു. ഭാരതത്തിന്റെ ശത്രുപക്ഷത്ത് നില്ക്കാന് സ്വയം നിശ്ചയിച്ച ചൈനയുമായി പുതിയ ശ്രീലങ്കന്‍ ഭരണാധികള്‍ക്കുള്ള മൃദുസമീപനം ചില പ്രശ്നങ്ങളുയര്ത്തിയേക്കാമെന്നതും കണക്കിലെടുക്കണം.
സാദ്ധ്യതകളുടെയും പ്രതീക്ഷകളുടെയും അടിസ്ഥാന കാരണം ശ്രീലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികളുടെ പക്ഷം പിടിക്കേണ്ട ബാധ്യത ഭാരതത്തിനില്ല എന്നതു തന്നെ. ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ ഇസ്ലാമിക ഭീകരര്‍ ലോകത്തിനു മൊത്തം ഭീഷണിയാണെന്നുള്ളതിനപ്പുറം ആ ശക്തികളുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാന് ഭാരതത്തിന്റെ ശത്രുവായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ്. ശ്രീലങ്കയില്‍ തമിഴ് വംശജരുടെയിടയില്‍ വിഘടനവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്നതിന് ഇറങ്ങിത്തിരിച്ചവരുടെ ലക്ഷ്യം അവിടെ വിഘടനവാദം വിജയിച്ചാല്‍ തമിഴ് ദേശീയതയുടെ വികാരം ഭാരതത്തിലേക്ക് കടത്തിവിടുകയും ഭാരതം വീണ്ടും വിഭജിക്കുന്നതിനുള്ള വഴി ഒരുക്കുകയുമാണ്. ആ ദുഷ്ടലാക്കോടുകൂടിത്തന്നെയാണ് ഇസ്ലാമിക മതമൗലികവാദികള്‍ അവിടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നതും.
ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഒന്നിച്ചു മുന്നേറാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രീലങ്കയുടെ ചില സന്ദേഹങ്ങളെ കണക്കിലെടുക്കാതിരിക്കുന്നത് പുതിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ശ്രീലങ്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര അസ്വസ്ഥതയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധിയായിരുന്നൂ ഭാരതം ഭരിച്ചിരുന്നത്. തന്നോടൊപ്പം നില്‍ക്കാത്തവരെയും തനിക്ക് എതിര് നില്‍ക്കുന്നവരെയും ഇല്ലാതാക്കുവാനും തന്റെ വഴിയിലെ തടസ്സങ്ങള്‍ നീക്കുവാനും മറുപക്ഷത്ത് വിള്ളലുണ്ടാക്കുന്നതായിരുന്നൂ ഇന്ദിരയുടെ രണതന്ത്രം. വ്യക്തി വിദ്വേഷങ്ങളും രാഷ്ട്രീയവിഷയങ്ങളും അന്തരാഷ്ട്ര പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിന് ഇന്ദിര പ്രയോഗിച്ചതും ഇതേ തന്ത്രമായിരുന്നു.
ശത്രുപാളയങ്ങളില്‍ അന്തകവിത്തുകള്‍ വികസിപ്പിച്ച് അവിടെ സര്‍വ്വനാശം ഉറപ്പാക്കുകയായിരുന്നൂ ഇന്ദിരയുടെ പ്രയോഗരീതി. ആ തന്ത്രത്തിലൂടെ പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് സൃഷ്ടിക്കുന്നതില്‍ വിജയിച്ചപ്പോള്‍ ഭാരതം ആഘോഷിച്ചു. പക്ഷേ പഞ്ചാബിലെ തന്റെ രാഷ്ട്രീയ നേട്ടം വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാന്‍ ബിന്ദ്രന്‍വാല എന്ന അന്തക ശക്തിയെ വളര്‍ത്തിയത് ഇന്ദിരയുടെ തന്നെ അന്ത്യത്തിന് ഇടയാക്കുകയും ചെയ്തു. ശ്രീലങ്കന്‍ പ്രശ്നങ്ങളുടെ തുടക്കത്തില്‍ ഇന്ദിര, തമിഴ് വംശജരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരോടൊപ്പമായിരുന്നോ എന്ന സംശയം ശ്രീലങ്കന്‍ പക്ഷത്ത് ഉയര്‍ന്നുവരാന്‍ ഇടയാക്കിയെന്ന വസ്തുത ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ സ്വാഭാവികമായും ബാധിച്ചിട്ടുണ്ടാകണം.
അടുത്തഘട്ടം രാജീവ് ഗാന്ധിയുടേതായിരുന്നു. 1984 ഒക്ടോബര്‍ 31ന് ഇന്ദിരയുടെ രക്തസാക്ഷിത്വത്തിനു പിന്നാലെ ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച രണ്ടാമത്തെ ദുരന്തമായിരുന്നു രാജീവിന്റെ സിംഹാസനാരോഹണം. ശ്രീലങ്കന്‍ വിഷയത്തിലാണ് അത് ഏറ്റവും പ്രകടമായത്. സിംഹളരും തമിഴ് വംശജരില്‍ തീവ്രവാദികളും തമ്മിലുള്ള പ്രശ്നത്തില്‍ സൈനിക ഇടപെടലിന് ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്സിനെ അയച്ചതിന്റെ പശ്ചാത്തലത്തില്‍ അന്ന് ഒരു ഇന്ത്യയിലെ ഒരു ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. അതുവരെ ഗോദയില്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ നേരിട്ടു കൊണ്ടിരുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ജയവര്‍ദ്ധന ഗുസ്തിപിടിക്കുന്ന പണി രാജീവിനെ ഏല്‍പ്പിച്ചിട്ട് അമ്പയറായി നിന്ന് കളി നിയന്ത്രിക്കുന്നുവെന്ന്. ആ ഇടപെടലിന്റെ പേരില്‍ രാജീവ് ആദ്യം അടി വാങ്ങിയത് സിംഹളവംശജനായ പട്ടാളക്കാരനില്‍ നിന്ന്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാന് നിന്ന പട്ടാളക്കാരന് തോക്കിന്റെ പാത്തികൊണ്ട് ശക്തമായി പ്രഹരിച്ചു. വധിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. അവിടെ നിന്ന് ഭാഗ്യം കൊണ്ട് ഒഴിഞ്ഞുമാറി പ്രഹരത്തിന്റെ ആഘാതം കുറച്ച് രക്ഷപെടാന്‍ രാജീവിനു കഴിഞ്ഞു. പക്ഷേ, തമിഴ്പക്ഷത്തെ പ്രഭാകരന്റെ നേതൃത്വത്തില്‍ ശ്രീപെരുമ്പത്തൂരില്‍ ഒരുക്കിയ കെണിയില്‍ നിന്ന് രാജീവിന് രക്ഷപ്പെടാനായില്ല. ചുരുക്കത്തില്‍ സിംഹളരും ശ്രീലങ്കന്‍ തമിഴരും തമ്മിലുള്ള സംഘര്‍ഷത്തില്‍ വേണ്ടാത്ത ഇടപെടലിനു പോയി ഒരു കൂട്ടര്‍ക്കു തല്ലാനും മറുകൂട്ടര്‍ക്ക് കൊല്ലാനും വഴിയൊരുക്കിയ ദുരന്തം രാജീവ് ഗാന്ധിയുടെ സ്വയംകൃതാനര്‍ത്ഥമായിരുന്നു.
രാജീവിനു ശേഷം വന്ന ഭരണകൂടത്തിന്റെ നയരൂപീകരിണത്തിലെ പാകപ്പിഴ ശ്രീലങ്കന്‍ ബന്ധത്തിലും വിള്ളലുകള്‍ക്ക് വഴിയൊരുക്കി. അവസാനം രജപക്ഷെ ഭരണം നിര്‍ണ്ണായകമായ അന്തിമ യുദ്ധം നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയപ്പോള്‍ അമേരിക്ക മുന്‍കൈയെടുത്ത് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ഡോ.മന്മോഹന് സിംഗിന്റെ സര്‍ക്കാര്‍ മൂന്നു വട്ടം അവിടെ ശ്രീലങ്കാ വിരുദ്ധ നിലപാടെടുത്തു. അത് സ്വാഭാവികമായും ശ്രീലങ്കയെ ഭാരതത്തില്‍ നിന്ന് അകറ്റുകയും ചൈനയുമായി അടുപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം.
അതൊക്കെ ഇന്നലെയുടെ ചരിത്ര പാഠങ്ങളാണെങ്കില് ഇന്ന് ഇരുരാജ്യങ്ങള്‍ക്കും പുതിയ സാധ്യതകളുടെ വഴികളാണ് തുറക്കുന്നത്. രാജപക്ഷെ സഹോദരന്മാരുടെ രണ്ടാം വരവാണ്. അവിടെ ഭീകരവാദവെല്ലുവിളികളുടെ തീവ്രത പഴയതു പോലെയില്ല. ഇനി ഉണ്ടാകാതെ നോക്കിയാല്‍ മതി. മനുഷ്യാവകാശങ്ങള്‍ക്ക് മാന്യത നല്‍കിക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിന് സജ്ജമാകാനിടയുണ്ട് പുതിയ ഭരണകൂടം. ഇവിടെയാണെങ്കില്‍ ഭാരതീയ ദേശീയതയോട് പ്രതിബദ്ധതയും ലോകസമാധാനം ലക്ഷ്യമിടുന്നതുമായ സുസ്ഥിര ഭരണകൂടം അധികാരത്തിലെത്തി. ഒരു വട്ടം ഭരിച്ചു. രണ്ടാം വട്ടവും ജനം അവസരം നല്കി. നിലവിലുള്ള ഭരണം ഈസ്റ്റര്‍ ദിനത്തിലെ ആക്രമണങ്ങളുടെ സാദ്ധ്യതകള്‍ പോലും മുന്‍കൂട്ടി ശ്രീലങ്കന്‍ ഭരണകൂടത്തിന് നല്കിയെന്നതും ഭാരതത്തോട് കൂടിനില്ക്കുന്നതിന് ശ്രീലങ്കയ്ക്ക് പ്രേരണ നല്‍കേണ്ടതാണ്.
ഇന്ന് ഭാരതത്തില്‍ ഒരു കൂട്ടര്‍ക്കു മാത്രമേ ആശയക്കുഴപ്പത്തിനിടയുളളു. അത് കമ്യൂണിസ്റ്റുകാര്‍ക്കാണ്. ‘കമ്യൂണിസ്റ്റ്’ ചൈന രജപക്ഷെ സര്‍ക്കാരിനൊപ്പം നിന്നാല്‍ ഭാരതത്തിലെ കമ്യൂണിസ്റ്റുകാര്‍ എന്തുചെയ്യണം എന്നൊരു ചോദ്യം ഉയരും. പക്ഷേ ആ ചോദ്യത്തിനും വലിയ പ്രസക്തിയില്ല. കാരണം ആ രാഷ്ട്രീയ പക്ഷം സ്വാഭാവിക മരണത്തോട് അടുക്കുകയാണ്.
നയതന്ത്ര ബന്ധങ്ങളുടെ നൂലാമാലകളിലേക്കു കടക്കുമ്പോള്‍ ശ്രീലങ്കന്‍ ഭരണകൂടം വെല്ലുവിളികള്‍ക്കൊന്നും വഴിവെക്കില്ലായെന്ന് ആ മേഖലയെ കുറിച്ചറിയാവുന്നവരാരും പറയില്ല. ആരോഗ്യകരമായ വെല്ലുവിളികളെയും നേരിടുവാന്‍ നരേന്ദ്രമോദിയുടെ ഭാരതം സജ്ജമാണ്. ശത്രുവിന്റെ മിത്രമാണെന്നതുകൊണ്ടൂ മാത്രം ഏതെങ്കിലും രാജ്യത്തെ നമ്മുടെ ശത്രുവായി കാണേണ്ട കാര്യമില്ലായെന്നത് ഒന്നാമത്തെ കാര്യം. ഏതെങ്കിലും രാജ്യവുമായി ശത്രുത ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അതിന്റെ തീവ്രത കുറച്ച് പരസ്പരം സഹകാരിക്കാനാകുന്ന മേഖലകള്‍ വര്‍ദ്ധിപ്പിച്ച് രണ്ടു പക്ഷത്തും ശാന്തിയും സമാധാനവും വികസനവും ഉറപ്പുവരുത്തണം. ഒപ്പം തന്നെ മറ്റു രാജ്യങ്ങളോടും ഊഷ്മളമായ നയതന്ത്ര ബന്ധവും സമഗ്ര മേഖലകളിലും സഹകരണവും ഉറപ്പാക്കുന്ന തലത്തിലേക്കുള്ള ഇടപെടലുകളും ഉണ്ടാകണം. അങ്ങനെ വരുമ്പോള്‍ ചൈനയുമായും ബന്ധം മെച്ചപ്പെടണം. ശ്രീലങ്കയുമായുള്ള ബന്ധം ഊഷ്മളമാക്കണം. ആ ലക്ഷ്യങ്ങള്‍ സാധിക്കണമെങ്കില്‍ ഭാരതത്തിന്റെ വ്യാവസായിക ശേഷി ഉയരണം. പ്രതിരോധശക്തിയും വളരണം. ആ വഴികളിലൂടെ ശ്രദ്ധാപൂര്‍വ്വം യാത്ര തുടരുന്ന ഭാരതം താത്കാലിക തടസ്സങ്ങള്‍ അതിജീവിച്ച് മുന്നേറും. ശ്രീലങ്കയുമായുള്ള ബന്ധത്തിലും രണ്ടു രാജ്യങ്ങളും പരസ്പര സഹകരണത്തിന്റെ വഴികളില്‍ തന്നെ മുന്നേറുമെന്നു കരുതുന്നവരാകും യാഥാര്‍ത്ഥ്യബോധമുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: