ന്യൂദല്‍ഹി: രാജ്യസഭാ നടപടികള്‍ നടത്താനനുവദിക്കാതെ ഇടത് എംപിമാര്‍. ശൂന്യവേളയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി നല്‍കിയിട്ടും എളമരം കരീം അടക്കമുള്ള ഇടത് എംപിമാര്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭാധ്യക്ഷന് എം. വെങ്കയ്യനായിഡു രാജ്യസഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു.
ലോക്സഭയില്‍ സോണിയാഗാന്ധിയുടേയും രാഹുലിന്റെയും പ്രിയങ്കയുടേയും എസ്പിജി സംരക്ഷണം എടുത്തുകളഞ്ഞതിനെതിരായ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം കാരണം സഭ പലതവണ നിര്‍ത്തിവെക്കേണ്ടിവന്നു. സഭയില്‍ മാന്യമായി പെരുമാറിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ലോക്സഭാ സ്പീക്കര്‍ കോണ്‍ഗ്രസ് എംപിമാരെ താക്കീത് ചെയ്തു. സോണിയയും മക്കളും സാധാരണ വ്യക്തികളല്ലെന്നും എന്തിനാണ് അവരുടെ എസ്പിജി എടുത്തുമാറ്റിയതെന്ന് അറിയണമെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
രാജ്യസഭ ഇന്നലെ ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ നിയമ ഭേദഗതി ബില്‍ പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റിനെ ട്രസ്റ്റിന്റെ സ്ഥിരം അംഗമാക്കുന്ന ചട്ടം ഭേദഗതി ചെയ്തുള്ള ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ല. രാജ്യസഭാ മാര്‍ഷലുമാരുടെ പരിഷ്ക്കരിച്ച യൂണിഫോം പരിശോധിക്കുമെന്ന് രാജ്യസഭാധ്യക്ഷന് എം. വെങ്കയ്യ നായിഡു സഭയെ അറിയിച്ചു. സൈനിക യൂണിഫോമിന് സമാനമായ പുതിയ യൂണിഫോമുകള്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. അഞ്ചു പതിറ്റാണ്ടിന് ശേഷമാണ് സഭാ മാര്‍ഷലുകളുടെ യൂണിഫോം പരിഷ്ക്കരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: