ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലിലെ 19 യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് വൈദ്യുതിയില്ലാത്തതിനാല്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നിലവില്‍ ലഭിക്കുന്ന 600 കിലോവാട്ട് ഉപയോഗിച്ച് ഒന്‍പതു യന്ത്രങ്ങളേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ 19 യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ 356 തൊഴിലാളികളാണുള്ളത്. ഒന്‍പതു യന്ത്രങ്ങള്‍ക്കായി 150 തൊഴിലാളികളെ ആവശ്യമുള്ളൂ. ഇതോടെ മില്ലിനായി ചെലവഴിച്ച 75 കോടി രൂപ പാഴാകുകയാണ്.
2011ലെ ഉദ്ഘാടന സമയത്തേതുപോലെ അധിക വൈദ്യുതി കണക്ഷനുള്ള പണം അടയ്‌ക്കാന്‍ ഇത്തവണയും തയാറായില്ല. എന്നാല്‍ കമ്പനിയില്‍ സ്ഥാപിച്ചിട്ടുള്ള 19 സ്പിന്നിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആകെ വേണ്ടത് 356 പേരാണ്. ഒന്നാംഘട്ടം പ്രവര്‍ത്തിപ്പിക്കുകയും കമ്പനി മുഴുവനും പ്രവര്‍ത്തിപ്പിക്കുവാൻ ആവശ്യമുള്ളതിനേക്കാള്‍ അധികം തൊഴിലാളികളെ 2018 സപ്തംബറില്‍ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ നാനൂറോളം തൊഴിലാളികള്‍ ഉണ്ടെങ്കിലും മൂന്നു ഷിഫ്റ്റിലും കുടി നൂറ്റന്‍പതു ജീവനക്കാര്‍ക്കു മാത്രമേ തൊഴിലെടുക്കാനുള്ള അവസരമുള്ളൂ.
കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിക്ക് 90 ലക്ഷം രൂപയാണ് ചെലവ്. ഇപ്പോഴത്തെ കുടിശികത്തുകയായ ഒരു കോടി അമ്പത്തഞ്ചു ലക്ഷവും ചേര്‍ത്ത് രണ്ടര ലക്ഷത്തോളം രൂപയടച്ചാല്‍ അധിക വൈദ്യുതി കണക്ഷന്‍ നല്‍കാമെന്നു വൈദ്യുതി ബോര്‍ഡ് രേഖാമൂലം അറിയിച്ചു. ഇതിനു പണം കണ്ടെത്താന്‍ മാനേജ്മെന്റിനു കഴിയുന്നില്ല. 2016 സപ്തംബറില്‍ ഉത്പാദനം തുടങ്ങിയ കമ്പനി വന്‍ മുന്നേറ്റമാണു നടത്തിയിട്ടുള്ളത്.
2019 ജൂലൈ ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി പ്രതിദിന ഉത്പാദനം 1882 കിലോയാണ്. മാര്‍ക്കറ്റിങ്ങില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഒരു കോടി 10 ലക്ഷത്തിലധികം തുകയ്‌ക്കുള്ള നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുള്ളപ്പോള്‍ 35 മുതല്‍ 37 ലക്ഷം വരെ തുക ശമ്പളത്തിനായി വേണ്ടിവരുന്നു.
പഴയ കേരള സ്പിന്നേഴ്സില്‍ ആറുമുതല്‍ 17 വര്‍ഷം പണിയെടുത്ത തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 371 രൂപ മാത്രമാണ്. ഇവരുടെ വേതനവും ജോലിയിലെ സ്ഥിരനിയമനവും മാസത്തിനുശേഷം പരിഗണിക്കുമെന്നു ജില്ലാ കളക്ടര്‍ ചെയര്‍മാനായ സ്പെഷ്യല്‍ കമ്മിറ്റിയുടെ ഉറപ്പ് നടപ്പായിട്ടില്ല.
















