കൊച്ചി: കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഇസ്രേലി വിനോദസഞ്ചാരികള്‍ക്കുനേരേ ആക്രമണമുണ്ടാകുമെന്നും ഐബി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാത്തെ തീവ്രവാദ സംഘടനകളോട് ചേര്‍ന്ന് അല്‍ ക്വയ്ദയും ഐ.എസും അടക്കമുള്ള ഭീകരസംഘടനകള്‍ ഇവരെ ലക്ഷ്യമിടുന്നതായാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രേലി വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും നീക്കമുണ്ട്.
കൊച്ചിയിലെ മതകേന്ദ്രങ്ങളെക്കുറിച്ചു രണ്ടു ഭീകരസംഘടനകള്‍ വിവരങ്ങള്‍ ശേഖരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയിയിലാണ് തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്യുന്നത്. മേസണിക് വിഭാഗക്കാരുടെ ഫ്രീമേസണ്‍, സര്‍വോത്തമം ആരാധനാലയങ്ങളാണു ഭീകരരുടെ നിരീക്ഷണത്തിലുള്ളത്. കേരളത്തിലെ ഒരു ജിഹാദി ഗ്രൂപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരമര്‍ശമുണ്ട്. നിര്‍ണായക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് അഞ്ചിനു ശേഷം 75 ഭീകരര്‍ രാജ്യത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഈ മാസം 16ന് ജമ്മു കശ്മീരിലെ സോപോറില്‍നിന്ന് അഞ്ചു ഭീകരരെ സ്ഫോടക വസ്തുക്കള്‍ സഹിതം സുരക്ഷാസേനകള്‍ പിടികൂടിയിരുന്നു. ഇവര്‍ ലഷ്‌കറെ തോയ്ബ അംഗങ്ങള്‍ ആണെന്നു കരുതുന്നു. കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ ഇസ്രയേല്‍ പിന്തുണച്ചിരുന്നു. ഇതാണ് ഭീകരര്‍ ഇസ്രേലികളെ ലക്ഷ്യമിടാന്‍ കാരണമെന്നും ഐബിയുടെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ മതതീവ്രവാദികള്‍ പല വിഷയങ്ങളിലും ഇസ്രയേലിനെതിരെ വലിയ പ്രതിേഷധങ്ങള്‍ നടത്തിയിരുന്നു. ഭീകരര്‍ ഇവരുമായി ബന്ധപ്പെട്ടാണ് തീവ്രവാദ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തയാറെടുക്കുന്നത്. അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ഐബി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.















