ആലപ്പുഴ: നെല്ല് സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശ്ശിക വരുത്തിയതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് രീതി. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്കുന്ന പാഡി റസിപ്റ്റ് ഷീറ്റ് ബാങ്കുകളില്‍ ഹാജരാക്കുമ്പോള്‍ വായ്പ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കും.
വായ്പ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നെല്ലിന്റെ തുകയായ 1450 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന് പിആര്‍എസ് ഹാജരാക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നല്‍കിയില്ല.
വായ്പ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എത്രയും വേഗം ലഭ്യമാക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും കര്‍ഷകരെ ഒഴിവാക്കുവാന്‍ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മില്ലുടമകള്‍ കര്‍ഷകര്‍ക്ക് നല്കിയ പിആര്‍എസ് സ്വീകരിച്ച് തുക വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കുട്ടനാട്ടില്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. നെല്ല് സംഭരിച്ച തുക ലഭിക്കാന്‍ വൈകുന്നത് അടുത്ത പുഞ്ചകൃഷിയേയും ബാധിക്കും. യഥാസമയം കൃഷി തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ വിളവെടുപ്പിനെയും, നെല്ലുത്പാദനത്തെയും സാരമായി ബാധിക്കും. കഴിഞ്ഞ പുഞ്ചകൃഷിയില്‍ റെക്കോഡ് വിളവാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: