കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗമാക്കാമെന്ന് ഉറപ്പ് നല്കി ദേവസ്വം ജീവനക്കാരനും സഹായിയായ താല്‍ക്കാലിക ജീവനക്കാരിയും ചേര്‍ന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തു. ഇവര്‍ക്കെതിരെ തട്ടിപ്പിന് ഇരയായ എന്‍സിപി നേതാവ് ചോറ്റാനിക്കര പോലീസില്‍ പരാതി നല്കി.
ചോറ്റാനിക്കര സ്വദേശിയും എളംകുളം കവലയ്ക്കല്‍ ക്ഷേത്രം ജീവനക്കാരനുമായ കെ. വേണുവാണ് തട്ടിപ്പ് നടത്തിയത്. താത്ക്കാലിക ജീവനക്കാരിയാണ് സഹായിയായി നിന്നത്. എന്‍സിപി നേതാവ് പിറവം കക്കാട് സ്വദേശി സഹദേവനില്‍ നിന്നാണ് ഇവര്‍ എട്ടുലക്ഷം രൂപ തട്ടിയെടുത്തത്. ആറുമാസം മുമ്പാണ് പണം നല്‍കിയത്. ബോര്‍ഡ് അംഗം ശിവരാജന് രോഗബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സംഭവം. ശിവരാജന് വൈകാതെ രാജിവയ്ക്കുമെന്നും ആ ഒഴിവില്‍ നിയമനം തരപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം.
ചോറ്റാനിക്കരയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ആദ്യം ആറരലക്ഷം രൂപ നല്‍കിയത്. പിന്നീട് ഒന്നര ലക്ഷം രൂപ കൂടി നല്കി. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. രണ്ട് ലക്ഷം രൂപ നിയമനത്തിന് ശേഷം നല്കിയാല് മതിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോര്‍ഡ് അംഗം തിരികെയെത്തി. ആറുമാസം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിനെ തുടര്‍ന്നാണ് സഹദേവന് പോലീസിനെ സമീപിച്ചത്.
കൊച്ചി ദേവസ്വം ബോര്‍ഡില്‍ ചോറ്റാനിക്കര, എറണാകുളം കേന്ദ്രീകരിച്ച് ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ദേവസ്വം താത്ക്കാലിക ജീവനക്കാരുടെ നിയമനം നടത്തുന്നത്. വന്‍ തുക വാങ്ങിയാണ് നിയമനങ്ങള്‍. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ സിപിഎം അനുകൂല സംഘടനയാണ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: