അവതാര പരമ്പരകളിലൂടെ ഭാരതം എന്നും ലോകത്തെ നയിച്ചുകൊണ്ടിരുന്നു. ഇന്നും ആ ഗുരുസ്ഥാനം ഭാരതം തുടരുകയാണ്. ആധുനിക ലോകത്തില്‍ അതിന് നേതൃത്വം നല്‍കിയത് ഭഗവാന് ശ്രീസത്യസായി ബാബയാണ്.
ഉപനിഷത് സാരം ആള്‍രൂപം പൂണ്ടെത്തിയതായിരുന്നു ബാബ. പൗരാണിക ഭാരത സന്ദേശം ആധുനിക ലോകത്തിനായി പുതിയ രീതിയില്‍ ബാബ നല്കി അവിടുന്ന് പ്രഖ്യാപി
ച്ചു, ”ഞാന്‍ ഈശ്വരനാണ്, നീയും ഈശ്വരനാണ്. നിങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ വന്നതുതന്നെ.”
ഭാഗവതം എന്ന പേരും അനുയോജ്യം. ഭഗവാനെ സംബന്ധിക്കുന്നതാണ് ഭാഗവതം. സത്യസായിബാബ താന്‍ ഈശ്വരനാണെന്ന് സംശയലേശമെന്യേ നിരവധി തവണ പ്രഖ്യാപിച്ചിരിക്കുന്നു; ബോധ്യപ്പെടുത്തിയിരിക്കുന്നു.
ശ്രീസായി അവതാര ചരിതവും ഉപദേശങ്ങളും ലളിതമായും സുന്ദരമായും, ഭക്തി ജ്ഞാന പ്രദമായും ശ്രീസത്യസായി ഭാഗവതം അവതരിപ്പിച്ചിരിക്കുന്നു. ശ്രീരാമാവതാരം മുതല്‍ തുടങ്ങി ഷിര്‍ദ്ദിസായി, സത്യസായി അവതാരങ്ങളെ വിപുലമായി പരിചയപ്പെടുത്തുന്നു. ഷിര്‍ദ്ദിയിലും പുട്ടപര്‍ത്തിയിലും ചെന്ന് സായി സാന്നിധ്യം നുകര്‍ന്ന പ്രതീതി ഗ്രന്ഥം നല്‍കുന്നുണ്ട്.
വേദാന്ത സാരം സായി വചനങ്ങളിലൂടെ സേവിക്കുമ്പോള്‍ മനസ്സിന്റെ ഭാരം കുറയുന്നു, ശാന്തിയുടെ തെളിനീര് ഉള്ളില്‍ ഉറവയെടുക്കുന്നു. ശ്രീകൃഷ്ണാവതാരത്തിനോട് താരതമ്യം ചെയ്യാവുന്ന, യുക്തിക്കതീതമായ സത്യസായി ലീലകള്‍ വായിക്കുമ്പോള്‍ അമ്പരപ്പും ദുഃഖവും ഒരുപോലെ ഉണ്ടാകും. സത്യസായിബാബ ഇത്ര സമീപം ഉണ്ടായിട്ടും, 160 രാഷ്ട്രങ്ങളിലെ ജനങ്ങള്‍ വന്ന് ആ വൈഭവം കണ്ടിട്ടും നമുക്ക് കാണാന്‍ തരപ്പെട്ടില്ലല്ലോ, ആ അസുലഭ ഭാഗ്യം നഷ്ടമായല്ലോ എന്ന് ദുഃഖിക്കും.
ഗ്രന്ഥകാരന് സൂചിപ്പിക്കുംപോലെ അചിന്തനീയമാണ് സായി ആടിയ ലീലകള്‍. ആധുനിക ലോകത്തിലെ, ഏറ്റവും പ്രഗത്ഭരും, പ്രശസ്തരും പണ്ഡിതരുമായവരുടെ നിറസാന്നിധ്യത്തിലാണ് സത്യസായിബാബ തന്റെ മഹിമകള്‍ വെളിപ്പെടുത്തിയത്.
ഗീതോപനിഷത്തുകള്‍ സത്യസായി ഉപദേശങ്ങളിലൂടെ ഒഴുകുമ്പോള്‍ പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നു. ശ്രോതാവിന്റെ ഹൃദയത്തിനഗാധതയിലേക്ക് അവ ചെല്ലുന്നു. സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരമായ അകക്കാമ്പിലെ പരമ സത്യത്തിലേക്ക് സത്യസായി ഭാഗവതം വായനക്കാരനെ നയിക്കും, തീര്‍ച്ചയാണത്. ഷിര്‍ദ്ദി, പര്‍ത്തി സായി ദ്വയങ്ങളുടെ സാന്നിധ്യം സത്യസായി ഭാഗവതത്തിലൂടെ അനുഭവിക്കാം.
സപ്താഹമായി പാരായണം ചെയ്യത്തക്ക വിധം ഗ്രന്ഥം ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. വ്രതാനുഷ്ഠാനങ്ങളോടെ പാരായണം ചെയ്യാം, ഫലം നേടുകയും ചെയ്യാം.
സി. പി. മധുസൂദനന് സ്വാമിയാര് മഠം,
തിരുനക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: