പ്രളയകാലത്ത് ഭാര്യമാര്‍ നല്കിയ പലചരക്കു സാധനങ്ങളും തുണികളും തലയില്‍ ചുമന്ന് വെള്ളത്തിലുടെ നീന്തി ഒറ്റപ്പെട്ട വീടുകളില്‍ എത്തിച്ചപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല, ഇവര്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണെന്ന്. തങ്ങളെ ആരും തിരിച്ചറിയാന്‍ പാടില്ലെന്ന ഭര്ത്താക്കന്മാരുടെ ആവശ്യം അവസാനംവരെ കാത്തുസുക്ഷിക്കുന്നതില്‍ ഭാര്യമാരും വിജയിച്ചു.
സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനോടോപ്പം തന്റെ പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള യത്നത്തിലാണ് മൂന്നംഗ വനിതാസംഘം. മാന്നാര്‍ കുരട്ടിശേരി സ്വദേശികളായ തണലില്‍ റിട്ട. വിങ് കമാന്‍ഡര്‍ പരമേശ്വരന്റെ ഭാര്യ അനിത പരമേശ്വരന്, പടിപ്പുര തെക്കേതില്‍ എയര്‍ കമഡോര്‍ (ബ്രിഗേഡിയര്‍ റാങ്ക്) പി.കെ. ശ്രീകുമാറിന്റെ ഭാര്യ ശ്രീലത, മാന്നാര്‍ കുരട്ടിക്കാട് പ്രിയദര്‍ശിനിയില്‍ റിട്ട. മേജര്‍ എല്‍. ജയകുമാറിന്റെ ഭാര്യ പ്രസന്ന ജയകുമാറുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
കുട്ടികളില്‍നിന്ന് തുടക്കം
മാന്നാര്‍ ഗവ.യുപി സ്കൂളിലും, നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് പ്ലാസ്റ്റിക് വിമുക്ത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കതിരില്‍ വളംവച്ചിട്ട് കാര്യമില്ലാത്തതിനാല്‍ കുഞ്ഞുങ്ങളിലാണ് പ്രതീക്ഷയര്പ്പിച്ചിരിക്കുന്നതെന്ന് മൂവരും പറയുന്നു. ഒന്നുരണ്ടു തവണ ക്ലാസുകളിലെത്തി വിവരിച്ചപ്പോള്‍ യുപി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശത്തെക്കുറിച്ച് വളരെ പെട്ടെന്നു ബോധ്യമായി. ഈ കുട്ടികള്‍ സ്വന്തം വീടുകളില്‍ പ്ലാസ്റ്റിക്കിന് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതു നാടിനും മാതൃകയാണ്.
മനുഷ്യരാശിക്കും പ്രകൃതിക്കും നാശമായ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുന്നതിനായുള്ള യജ്ഞത്തിലാണ് ഭര്ത്താക്കന്മാരുള്പ്പെട്ട ആറംഗസംഘം. ആദ്യം വീട്, പിന്നീട് അയല്പക്കം, അങ്ങനെ വാര്‍ഡിലൂടെ പഞ്ചായത്തിലേക്ക് ഇതാണ് ലക്ഷ്യം. ഇന്നു പ്ലാസ്റ്റിക്കിന്റെ ദൂഷ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാണ്. പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിമുക്ത സന്ദേശവും കൂടുതല്‍ പ്രേരണ നല്‍കുന്നതായി അവര്‍ പറഞ്ഞു.
നൂറുരൂപ വിലയുള്ള ചണത്തിന്റെ സഞ്ചി യുപി സ്കൂളിലും,നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും നല്കി കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് കിറ്റുകള്‍ വീട്ടില്‍ കയറ്റില്ലെന്ന് അവര്‍ പ്രതിജ്ഞ എടുക്കുന്നു. ഇതു കുട്ടികളുടെ വീട്ടില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. അമ്മമാര്‍ കടയില്‍ പോകുമ്പോള്‍ ചണ സഞ്ചിയുമായി പോയിത്തുടങ്ങി. ഇതോടെ വീട്ടില്‍ എത്തുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ എണ്ണം കുറഞ്ഞു. ഇതാണ് മാറ്റം. ഈ ചെറിയ കാറ്റ് കൊടുംകാറ്റായി മാറുമെന്ന് ഉറപ്പുണ്ടെന്ന് പറയുമ്പോള്‍ അവരുടെ കണ്ണില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
അയല്‍ക്കൂട്ടങ്ങളില്‍ പ്രതീക്ഷ
ഇപ്പോള്‍ അയല്ക്കൂട്ടങ്ങളിലെത്തി സൗജന്യമായി ചണസഞ്ചി നല്‍കിക്കൊണ്ടാണ് പ്രചാരണം നടത്തുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന വിശ്വാസമാണ് അയല്‍ക്കൂട്ടങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ചണ സഞ്ചി സൗജന്യമായി നല്‍കാനുള്ള ശ്രമത്തിലാണ് വനിതാസംഘം. പതിനെണ്ണായിരം വീടുകളാണ് പഞ്ചായത്തിലുള്ളത്. ഇതിനായി അയല്‍ക്കൂട്ടങ്ങള്‍ ഏറെ സഹായകരമാകും. ഇതിനുള്ള സാമ്പത്തികം കണ്ടെത്തണം. ഭാര്ത്താക്കന്മാരും സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനായുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് ശ്രീലത പറയുന്നു.
പഴയ തുണികെണ്ട് ഉണ്ടാക്കിയ ബാഗുകളുമായെത്തിയാണ് അനിതയും ശ്രീലതയും പ്രസന്നയും വീടുകളിലെ സ്ത്രീകളോട് സംവദിക്കുന്നത്. ഭൂരിഭാഗം സ്ത്രികളും ഇന്ന് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശം അറിയാവുന്നവരാണ്. പ്രചാരണത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് കത്തിക്കുന്ന രീതി ഇന്നു വാര്‍ഡില്‍ കുറഞ്ഞു. കുട്ടികളാണ് ഇതിന്റെ ദുരന്തം വീട്ടുകാരെ മനസ്സിലാക്കി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. വീട്ടില്‍ എത്തുന്ന പ്ലാസ്റ്റിക് എങ്ങനെ സംസ്കരിക്കണമെന്നതാണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിനു പഞ്ചായത്തിന്റെ സഹായം തേടിയിട്ടുണ്ട്. പഞ്ചായത്തിലുടെ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയൂ.
ഞങ്ങള്‍ മൂന്നു പെണ്ണുങ്ങള് വിചാരിച്ചാല്‍ മാത്രം ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് പ്രസന്ന പറയുന്നു. പക്ഷേ നമ്മള് ഓരോരുത്തരും നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിയാല്‍ നന്മമനസ്സുകള്‍ നമ്മോടൊപ്പം ചേരുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ലഭിക്കുന്ന സ്ത്രീ പിന്തുണ. നന്മ ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗം പുറത്തുണ്ടെന്ന് നാം മനസ്സിലാക്കണമെന്നാണ് പ്രസന്നയുടെ അഭിപ്രായം.
റോഡിലും തോട്ടിലും പ്ലാസ്റ്റിക്കും മാലിന്യവും വലിച്ചെറിയുന്നവരെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. വീടുകളില്‍ എത്തുന്ന പ്ലാസ്റ്റിക്കുകള്‍ എന്തുചെയ്യണമെന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. ഇതിനാണ് പഞ്ചായത്തിന്റേയും ഉദ്യോഗസ്ഥരുടെയും സഹായം വേണ്ടത്. പ്ലാസ്റ്റിക് സംഭരിച്ച് വീണ്ടും ഉപയോഗിക്കാവുന്ന മാലിന്യരഹിത പദ്ധതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഇതു ലഭിച്ചാല്‍ പഞ്ചായത്തുമായി സഹകരിച്ച് പൂര്‍ത്തിയാക്കാനാണ് ശ്രമം. ഭൂമിയും പ്രകൃതിയും പഴയ തലമുറ നമുക്ക് കൈമാറിയതുപോലെ അടുത്ത തലമുറയ്ക്കും കൈമാറുക എന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം. അത് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അനിത.
തങ്ങളുടെ പ്രവര്‍ത്തനം അറിഞ്ഞ് പല ഭാഗത്തുനിന്നും പിന്തുണയും അഭിനന്ദനവുമറിയിച്ച് ധാരാളം പേര് വിളിക്കുന്നതും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുന്നു. പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനം അറിഞ്ഞ് തിരുവനന്തപുരം എയര്ബേയ്സിലെ വിങ് കമാന്‍ഡര്‍ ഗ്രീഷ്മ തിരുവനന്തപുരത്തുനിന്ന് മാന്നാര്വരെ സൈക്കിളില്‍ പര്യടനം നടത്തിയത് തങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആവേശം നല്‍കുന്നതായും അവര്‍ പറഞ്ഞു.
ചെറിയ സഹായത്തില്‍ നിന്ന് തുടക്കം
രണ്ട് വര്‍ഷം മുന്‍പ് പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നാണ് തുടക്കം. ‘സേവാഭാരതി’ പുസ്തകവിതരണം നടത്തിയെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. പുസ്തകം ആവശ്യമുള്ള കുട്ടികള്‍ ധാരാളമുണ്ടെന്ന തിരിച്ചറിവില്‍ നിന്ന് തുടങ്ങി. തങ്ങള്‍ പഠിച്ച മാന്നാര്‍ ഗവ. എല്‍പി സ്കൂളില്‍ ചെന്നപ്പോഴാണ് മനസ്സിലായത് പുസ്തകം മാത്രമല്ല, മറ്റു പലതും കുട്ടികള്‍ക്കും സ്കൂളിനും ആവശ്യമുണ്ടെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. തങ്ങള്‍ക്ക് വീട്ടുചെലവിന് തരുന്ന പണത്തില്‍നിന്ന് മിച്ചം പിടിച്ച തുക മൂന്നുപേരും ഇതിനായി ചെലവഴിച്ചു. പിന്നീട് ഭര്ത്താക്കന്മാരുടെ സഹായം തേടി. അവരുടെ സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു.
പ്രളയത്തിന്റെ വരവ്
2018 ആഗസ്റ്റ് 16 ന് മഴ ശക്തമായി പല സ്ഥലത്തും വെള്ളം കയറിയെന്നറിഞ്ഞ ശ്രീകുമാറും ജയകുമാറും പരമേശ്വരനുംകൂടി സ്ഥിതി വിലയിരുത്താന്‍ പോയി. സൈനിക സേവനത്തില്‍നിന്ന് ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക സാദ്ധ്യത ഊഹിച്ചു. എങ്കിലും നമ്മുടെ നാട്ടില്‍ പതിവില്ലാത്തതിനാല്‍ ഗൗരവത്തില്‍ എടുത്തില്ല. രാത്രിയായപ്പോള്‍ സ്ഥിതിയാകെ മാറി. രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തിറങ്ങി. ബോട്ട് അയയ്ക്കണമെന്ന് അറിയാവുന്ന ബോട്ടുടമയോട് ആവശ്യപ്പെട്ടു. പതിനായിരം രൂപയാണ് ചോദിച്ചത്. പിന്നീട് ഗൗരവമറിഞ്ഞ ഉടമ സൗജന്യമായി മൂന്ന് ബോട്ടയച്ചു. ഇനി ആവശ്യം ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമാണ്. അതിനായി അടുത്ത ശ്രമം.
അത്യാവശ്യ വസ്ത്രങ്ങള്‍ ഒഴികെ തങ്ങളുടെ മുഴുവന്‍ വസ്ത്രങ്ങളും അലമാരയില്‍ നിന്നെടുത്ത് ഭര്ത്താക്കന്മാരെ ഏല്‍പ്പിച്ചു. വീട്ടിലുള്ള പലവ്യഞ്ജനത്തില്നിന്ന് ഒരാഴ്ചത്തേക്കുള്ളത് മാറ്റിവച്ചു. ബാക്കിയെല്ലാം കൊടുക്കാമെന്ന് കൂടി പറഞ്ഞതോടെ പിന്നെ എല്ലാറ്റിനും ചടുലവേഗമായിരുന്നു. എല്ലാംകൂടി 30 പാക്കറ്റുകളാക്കി വീടുകളില്‍ എത്തിച്ചു. നാലാം ദിവസം ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതോടെ ബുധനൂര്‍, പാണ്ടനാട്ടുകാര്‍ എല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയി. വീടും സമ്പാദ്യവും സര്‍വതും നഷ്ടപ്പെട്ട് നിരാലംബരായ ആള്‍ക്കാരായിരുന്നു എവിടെയും. ആവശ്യങ്ങള്‍ ഏറിവന്നു. പിന്നെ കൂടുതല്‍ സഹായം എങ്ങനെ എത്തിക്കുമെന്ന ചിന്തയായി. അപ്പോഴാണ് പരിമിതികള്‍ മനസ്സിലായത്.
പുതിയ നിര്‍ദ്ദേശം
സൈനിക സുഹൃത്തുക്കളോടും ജോലിചെയ്ത സ്ഥലത്തെ പരിചയക്കാരോടും പറ്റാവുന്ന തരത്തില്‍ സഹായം ചോദിക്കാം. അത് ലഭിച്ചാല്‍ ചെറിയ രീതിയില്‍ അയല്പക്കത്തെ ആവശ്യക്കാരെയെങ്കിലും സഹായിക്കാം. വിളിക്കേണ്ട ചുമതല സ്ത്രീകള്‍ ഏറ്റെടുത്തു. ഉറക്കമിളച്ചിരുന്നു മൂവരും അറിയാവുന്ന സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിച്ചു. മറുതലയ്ക്കല്‍ ശ്രമിക്കാമെന്ന ഉത്തരമായിരുന്നു. വലിയ പ്രതീക്ഷവച്ചില്ല.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് പോയി മടങ്ങി വന്ന ഭര്ത്താക്കന്മാരില്നിന്ന് കേട്ട വിശേഷത്തിലൊന്ന് സ്ത്രീമനസ്സിനെ വല്ലാതെ ഉലച്ചു. ഒരു സ്ത്രീക്ക് ഭക്ഷണപ്പൊതി നല്കിയപ്പോള് അവര്‍ ചോദിച്ചത് കുറച്ച് പഴന്തുണിയും മാറാന്‍ ഒരു വസ്ത്രവുമായിരുന്നു. ആര്‍ത്തവമായിട്ട് രണ്ട് ദിവസമായി. ധരിച്ചിരുന്ന വസ്ത്രമല്ലാതെ ഒന്നുമില്ല, സഹായിക്കണം. ഇതുകേട്ടതോടെ കൈയിലുണ്ടായിരുന്ന പായ്ക്കറ്റിലെ തുണി അവര്‍ക്ക് നല്കി. ഇത് മനസ്സിനെ വല്ലാതെ ഉലച്ചു. വീണ്ടും സുഹൃത്തുക്കളെ വിളിച്ചു സാനിറ്ററി നാപ്കിന് കൂടി അയയ്ക്കുന്ന കാര്യം ഓര്‍മപ്പെടുത്തി.
സഹായപ്രവാഹം
സുഹൃത്തുക്കളോട് സഹായം അഭ്യര്‍ത്ഥിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മാന്നാറില്‍ എത്തിയത് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍. ഒരുവീട്ടിലേക്ക് വേണ്ടുന്ന അത്യാവശ്യ സാധനങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. കൂടാതെ കയ്യുറകള്‍, കൊതുകുനിവാരണി, എനര്‍ജി ബാര്‍ എല്ലാം ഉണ്ടായിരുന്നു. ആറുപേരും, ശ്രീലതയുടെ മകന് ഗൗരീശങ്കറും ചേര്‍ന്ന് ലോറിയില്‍ നിന്ന് സാധനങ്ങള്‍ മുഴുവന്‍ ഇറക്കി. പകലും രാത്രിയുമില്ലാതെ എല്ലാവരും ചേര്‍ന്ന് ഒരുവീടിന് അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ ഓരോ പാക്കറ്റുകളാക്കി. അടുത്ത ദിവസവും ഒരു ലോറി സാധനമെത്തി. കൂടുതലും സാനിറ്ററി നാപ്കിന് ആയിരുന്നു. പതിനായിരത്തോളം പാക്കറ്റ് നാപ്കിന് ഉണ്ടായിരുന്നു.
നാല് ദിവസംകൊണ്ട് എല്ലാം പാക്കറ്റുകളാക്കി വീടുകളില്‍ എത്തിച്ചു. എല്ലാം അറിഞ്ഞ് സഹായങ്ങള്‍ നല്കിയവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. മൂന്ന് ആഴ്ചയ്ക്കുശേഷം പ്രസന്നയും ശ്രീലതയും അനിതയും സഹായങ്ങള്‍ നല്കിയ എല്ലാവരേയും വിളിച്ചു. പക്ഷേ, നന്ദിവാക്കുകള്‍ കേള്‍ക്കുന്നതിനേക്കാള്‍ അവര്‍ താല്‍പ്പര്യം കാട്ടിയത് ജനങ്ങളുടെ സുരക്ഷയെക്കുറിച്ചായിരുന്നു. നാശനഷ്ടങ്ങള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അവര്‍ ചോദിച്ചറിഞ്ഞു. നമ്മളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും അവര്‍ കാണിച്ച സ്നേഹവും കരുതലും ഒരിക്കലും മറക്കാന്‍ കഴിയില്ല
സമന്വയ രൂപീകൃതമാകുന്നു
സുഹൃത്തുക്കള്‍ ആപത്തുകാലത്ത് നല്കിയ സ്നേഹവും കരുതലും സഹായങ്ങളും ചേര്‍ത്താണ് സമന്വയ എന്ന ആശയത്തിലെത്തിയത്. നന്മയുള്ള മനസ്സും കൈകളുമുണ്ടെങ്കില് ഏത് ആപത്ഘട്ടത്തേയും മറികടക്കാമെന്ന് നാം തെളിയിച്ചു. കുട്ടികള്‍ക്ക് യൂണിഫോം, ബാഗ്, പുസ്തകം എന്നിവ നല്കി. ആറ് വീടുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ശുചിമുറിയില്ലാത്ത എട്ടു വീട്ടുകാര്‍ക്ക് അത് പണിത് നല്കി. പാണ്ടനാട് വിവേകാനന്ദ സ്കൂള്‍, ബുധനൂര്‍ ഗവ. എച്ച്എസ്എസ് എന്നിവയ്ക്ക് രണ്ടര ലക്ഷം രൂപ വീതം ചെലവഴിച്ച് 2000 ലിറ്ററിന്റെ ജല ശുചീകരണ പ്ലാന്റ് സ്ഥാപിച്ചു. സ്കൂളില്‍ നിന്ന് അയല്‍വാസികള്‍ക്കും കുടിവെള്ളമെടുക്കാമെന്ന ഉപാധിയോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. കുട്ടികള്‍ക്കുള്ള കൗണ്‍സലിങ്,യോഗ, മഴവെള്ള സംഭരണി നിര്‍മിക്കാന്‍ പ്രേരിപ്പിക്കുക, സൗരോര്‍ജം പ്രോത്സാഹിപ്പിക്കുക, മദ്യപാനത്തിന്റെ വിപത്തിനെതിരെ പ്രചാരണവും സമന്വയ ലക്ഷ്യമിടുന്നു.
യോഗാചാര്യന് കൂടിയായ കമഡോര്‍
കമഡോര്‍ പി.കെ. ശ്രീകുമാര്‍ നല്ല യോഗാധ്യാപകന്കൂടിയാണ്. മുപ്പത്തിയഞ്ചു വര്‍ഷമായി യോഗ അഭ്യസിപ്പിക്കുന്നു. 13,500 പേരെ ഇതുവരെ യോഗ പരിശീലിപ്പിച്ചു. ശ്രീകുമാറിന്റെ പ്രത്യേക താല്പര്യ പ്രകാരം സ്കൂളുകളില്‍ കുട്ടികള്‍ക്ക് സൗജന്യ യോഗ പഠിപ്പിക്കുന്നു. ദല്‍ഹിയിലാണ് കൂടുതല്‍ ശിഷ്യര്‍. ഗൗരീശങ്കര്‍ ഏക മകന്.
കൃഷിക്കാരനായ എയര്‍ കമാന്‍ഡര്‍
എയര്‍ കമാന്‍ഡര്‍ പരമേശ്വരന് നല്ല കൃഷിക്കാരനാണ്. നെല്‍ കൃഷിയും പച്ചക്കറികൃഷിയും ചെയ്യുന്നു. കഴിഞ്ഞ പ്രളയകാലത്ത് വിളവെല്ലാം ദുരിതാശ്വാസ ക്യാമ്പിന് നല്കി. മണ്ണിനെ സ്നേഹിക്കുന്ന യുവതലമുറയാണ് ഇനി വളര്‍ന്നു വരേണ്ടതെന്ന് പരമേശ്വരന് പറഞ്ഞു. മകള്‍: ഹേമ പരമേശ്വരന്
മേജര്‍ ജയകുമാര്‍
റിട്ട. മേജര്‍ ജയകുമാര്‍ ബെംഗളൂരുവില്‍ ഫര്‍ണിച്ചര്‍ കച്ചവടം നടത്തുകയായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച സ്ഥാപനം വിട്ടാണ് നാട്ടിലെത്തിയത്. സേവനത്തില്‍ നിന്ന് ലഭിക്കുന്ന സംതൃപ്തി പണത്തില്‍ നിന്ന് ലഭിക്കില്ല. മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കിട്ടുന്ന അവസരം ഭാഗ്യമായാണ് കരുതുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. മക്കള്‍: വിഷ്ണുപ്രിയ, ഡോ. ശിവപ്രഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: