ന്യൂദല്‍ഹി: ശിവസേനയ്‌ക്ക് ഹിന്ദുത്വ തീവ്രത കുറവാണെന്നും അധികാരത്തിന് വേണ്ടി സേനയുമായി കൂട്ടുകൂടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ്. ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചിരുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ അധികാരം ലഭിക്കുന്നതിനായി ബോധപൂര്‍വ്വം ആ ആക്ഷേപം വിഴുങ്ങുകയാണ്. അധികാരം പങ്കുവയ്‌ക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ചര്‍ച്ചകളും മറ്റും ആസൂത്രണം ചെയ്യുന്നുണ്ട്. പൊതുവായ നേട്ടത്തിന് വേണ്ടിമാത്രമാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ആശയപരമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആദിത്യ താക്കറെയുടെ വരവോടെ സേന രാഷ്‌ട്രീയപരമായി കൂടുതല്‍ മാറിയിരിക്കുന്നെന്നും കോണ്‍ഗ്രസ് പറയുന്നു.
ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ശരദ് പവാര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, സ്വതന്ത്രര്‍ ഉള്‍പ്പെടെ ബിജെപിക്ക് 119 പേരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും വ്യക്തമാക്കി. രാഷ്‌ട്രീയ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാരെ നല്‍കാനുമാണ് ഫോര്‍മുലയെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. സര്‍ക്കാരിലേക്കില്ലെന്ന് ഉദ്ധവ് നിലപാടെടുത്താല്‍ നിയമസഭാകക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെക്ക് സാധ്യത തെളിയും. ശിവസേന വര്‍ഗീയ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്നായിരുന്നു ശിവസേനയുടെ പ്രചാരണം. എന്നാല്‍, അധികാരത്തിനായി അവസരവാദ സഖ്യം രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും തയാറാവുകയാണ്. തര്‍ക്ക മന്ദിരം തകര്‍ക്കല്‍, മുംബൈ കലാപം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സേനയ്‌ക്കെതിരെ കോണ്‍ഗ്രസ്സും എന്‍സിപിയും വര്‍ഗീയത ആരോപിച്ചിരുന്നു. മുസ്ലിം സംവരണം, വീര സവര്‍ക്കര്‍ക്ക് ഭാരതരത്‌ന തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാടാണുള്ളത്.
കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഭരണത്തില്‍ കയറിക്കൂടുന്നതിനായി സേനയുമായി കൈകോര്‍ക്കാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയത്. സംസ്ഥാനത്തെ നേതാക്കളില്‍ ഭൂരിഭാഗവും ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന നിലപാടിലായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇതിനെ എതിര്‍ത്തു. സേനയുമായി ചേരുന്നത് മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വാദം. എന്‍ഡിഎ സഖ്യത്തില്‍നിന്ന് ശിവസേന പിന്മാറിയതിനെ തുടര്‍ന്ന് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാഷ്‌ട്രപതി ഭരണത്തിലാണ് സംസ്ഥാനം.
















