ന്യൂദല്‍ഹി: ബിനാമി, കള്ളപ്പണമിടുപാടുകള്‍ തടയുന്നതിന്റെ ഭാഗമായി ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ രാജ്യത്തെ കള്ളപ്പണമിടപാടുകള്‍ പൂര്‍ണമായി തുടച്ചുനീക്കാനൊരുങ്ങുകയാണ് കേന്ദ്രം. പദ്ധതി നടപ്പാക്കുന്നതോടെ ഭൂമി ഇടപാടുകളും ഇനി നികുതിയുടെ പരിധിയില്‍ വരും. താങ്ങാവുന്ന വിലയ്‌ക്ക് ഭൂമി ലഭ്യമാക്കുക എന്നതു കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍ണായക തീരുമാനമാണിത്. മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കാര്‍. അന്തിമ തീരുമാനം ഉടന്‍ വന്നേക്കുമെന്നാണ് സൂചന.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമിടപാടിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭൂമി വില താഴുകയും ഇടപാടുകള്‍ നിലയ്‌ക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ വില താഴുന്നത് ഗുണകരമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
2022ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ഉപകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
















